ന്യൂഡല്‍ഹി: തട്ടിപ്പ് ആരോപണങ്ങള്‍ക്ക് അദാനി നല്‍കിയ ന്യായീകരണ റിപ്പോര്‍ട്ടിന് മറുപടിയുമായി ഹിന്‍ഡന്‍ബര്‍ഗ്.
തട്ടിപ്പിനെ ദേശീയത കൊണ്ട് മറയ്ക്കാനാകില്ലെന്ന്ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് മറുപടി നല്‍കി.
ലോകത്തെ അതിസമ്പന്നരില്‍ ഒരാളാണ് ചെയ്യുന്നതെങ്കില്‍ പോലും തട്ടിപ്പ് തട്ടിപ്പ് തന്നെയാണ്. ദേശീയതയുടെ മറവില്‍ തട്ടിപ്പിനെ മറയ്ക്കാനാവില്ല. ഇന്ത്യയുടെ പുരോഗതി അദാനി തടസപ്പെടുത്തുന്നു. വിദേശത്തെ സംശയകരമായ ഇടപാടുകളെപ്പറ്റി അദാനി മറുപടി പറഞ്ഞിട്ടില്ല.- ഹിന്‍ഡന്‍ബര്‍ഗ് ചൂണ്ടിക്കാട്ടുന്നു. 413 പേജുള്ള അദാനിയുടെ കുറിപ്പില്‍ മറുപടികളുള്ളത് 30 പേജില്‍ മാത്രമാണെന്നും ഹിന്‍ഡന്‍ബര്‍ഗ് മറുപടിയില്‍ വ്യക്തമാക്കുന്നു.
അദാനിയുടെ മറുപടിയോടുള്ള തങ്ങളുടെ വിശദമായ പ്രതികരണം ഹിന്‍ഡര്‍ബര്‍ഗ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇന്നലെയാണ് ഹിന്‍ഡന്‍ബര്‍ഗ് ഉയര്‍ത്തിയ തട്ടിപ്പ് ആരോപണങ്ങള്‍ക്ക് അദാനി മറുപടി നല്‍കിയത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും രാജ്യത്തെ സ്ഥാപനങ്ങളുടെ ആത്മാര്‍ഥതക്കും ഗുണനിലവാരത്തിനും നേരെയുള്ള ആക്രമണമാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണമെന്നായിരുന്നു അദാനി പ്രധാനമായും ഉന്നയിച്ചത്. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ആരോപണങ്ങള്‍ ഇന്ത്യക്കെതിരായ ആക്രമണമാണെന്ന്അദാനി ഗ്രൂപ്പ് 413 പേജുകളുള്ള മറുപടിയില്‍ ആരോപിച്ചു. ഇതിനോടാണ് ഹിന്‍ഡന്‍ബര്‍ഗ് പ്രതികരിച്ചിരിക്കുന്നത്.
ഓഹരി വിപണിയിലെ കള്ളക്കളികളടക്കമുള്ള ആരോപണങ്ങള്‍ കളവല്ലാതെ മറ്റൊന്നുമല്ല. ഹിന്‍ഡന്‍ബര്‍ഗിന് സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ ഗൂഢോദ്ദേശ്യത്തോടുള്ളതും വ്യാജ വിപണി സൃഷ്ടിക്കാനുമുള്ളതാണ് ഹിന്‍ഡര്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട്. അദാനി എന്റര്‍പ്രൈസസ് തുടര്‍ ഓഹരി വില്‍പന തുടങ്ങുന്ന സമയത്തുതന്നെ റിപ്പോര്‍ട്ട് വന്നത് ഹിന്‍ഡന്‍ബര്‍ഗിന്റെ വിശ്വാസ്യതയും നൈതികതയും ചോദ്യം ചെയ്യുന്നതാണ്. ഓഹരി വിപണിയില്‍ ഇടപെടുന്ന ഹിന്‍ഡന്‍ബര്‍ഗിന്റെ ഇടപെടല്‍ വ്യാജ വിപണി സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും അദാനി ഗ്രൂപ് കുറ്റപ്പെടുത്തിയിരുന്നു.
നേരത്തെ, ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങളാണ് അദാനിക്കെതിരെ ഉന്നയിച്ചിരുന്നത്. ദശാബ്ദങ്ങളായി കമ്പനി സ്റ്റോക്ക് കൃത്രിമത്വത്തിലും അക്കൗണ്ട് തട്ടിപ്പിലും ഏര്‍പ്പെടുകയാണെന്ന് ഇവര്‍ പറയുന്നു. ഓഹരികള്‍ പ്ലെഡ്ജ് ചെയ്ത് വലിയ തോതില്‍ കടം വാങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണവുമുയര്‍ത്തുന്നുണ്ട്. ന്യായമായതിലും 85 ശതമാനത്തോളം ഉയര്‍ന്ന തുകയിലാണ് അദാനി ഗ്രൂപ്പ് ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതേത്തുടര്‍ന്ന് ഓഹരിവിപണിയില്‍ അദാനി ഗ്രൂപ്പ് കമ്പനികള്‍ക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു.
Comments are closed for this post.