അമൃത്സര്‍: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ പാര്‍ട്ടി ബി.ജെ.പിയില്‍ ലയിക്കും. കഴിഞ്ഞ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് കോണ്‍ഗ്രസ് വിട്ട് രൂപീകരിച്ച പഞ്ചാബ് ലോക് കോണ്‍ഗ്രസ് ആണ് പിരിച്ചുവിട്ട് ബി.ജെ.പിയോടൊപ്പം ചേരുന്നത്. അടുത്തയാഴ്ചയാണ് ലയനസമ്മേളനം.
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ സാന്നിധ്യത്തില്‍ അമരീന്ദര്‍ പാര്‍ട്ടി അംഗത്വമെടുക്കും. ക്യാപ്റ്റനൊപ്പം മകന്‍ റാണ്‍ ഇന്ദര്‍ സിങ്, മകള്‍ ജെയ് ഇന്ദര്‍ കൗര്‍, പേരമകന്‍ നിര്‍വാണ്‍ സിങ് എന്നിവരും ബി.ജെ.പിയില്‍ ചേരുമെന്നാണ് അറിയുന്നത്. നിലവില്‍ നട്ടെല്ലില്‍ ശസ്ത്രക്രിയക്കായി ലണ്ടനിലാണ് അമരീന്ദറുള്ളത്.
നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കഴിഞ്ഞ ഒക്ടോബറിലാണ് അമരിന്ദര്‍ പാര്‍ട്ടി വിടുന്നത്. പഞ്ചാബ് കോണ്‍ഗ്രസില്‍ പുകഞ്ഞുകൊണ്ടിരുന്ന ആഭ്യന്തര യുദ്ധത്തിനൊടുവിലായിരുന്നു രാജി. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റി ചരണ്‍ജിത്ത് സിങ്ങിനു സ്ഥാനം നല്‍കിയതോടെയാണ് അമരിന്ദര്‍ പാര്‍ട്ടി നേതൃത്വത്തോട് തുറന്ന യുദ്ധം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് വിട്ട് പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടിയും രൂപീകരിച്ചു.
അഞ്ചു വര്‍ഷത്തോളം പാര്‍ട്ടിയുടെ നേതൃസ്ഥാനങ്ങളിരുന്ന ശേഷമായിരുന്നു കൂടുമാറ്റം. എന്നാല്‍, ബി.ജെ.പിയില്‍ ചേരില്ലെന്ന് അന്ന് വ്യക്തമാക്കിരുന്നു.
കഴിഞ്ഞ ഏപ്രില്‍മേയ് മാസങ്ങളില്‍ നടന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യം ചേര്‍ന്ന് പി.എല്‍.സി അരങ്ങേറ്റം കുറിച്ചിരുന്നു. അമരിന്ദറിന്റെ സാന്നിധ്യം വലിയ മുതല്‍ക്കൂട്ടാകുമെന്ന് പ്രതീക്ഷിച്ച ബി.ജെ.പിക്ക് പക്ഷെ തെരഞ്ഞെടുപ്പില്‍ കാര്യമായ നേട്ടമുണ്ടാക്കാനായില്ല. ആം ആദ്മി പാര്‍ട്ടി കുതിപ്പുണ്ടാക്കിയ തെരഞ്ഞെടുപ്പില്‍ സ്വന്തം തട്ടകമായ പാട്യാലയിലടക്കം അമരിന്ദറിന്റെ പാര്‍ട്ടി അടിപതറി. അമരിന്ദറിന് കെട്ടിവച്ച തുക പോലും നഷ്ടപ്പെടുകയും ചെയ്തു.
Comments are closed for this post.