2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ബി.ജെ.പി റാലിക്കിടെ സൈന്യത്തിന് നേരെ കല്ലേറ്, കയ്യേറ്റം, അക്രമം; ഝാര്‍ഖണ്ഡില്‍ മുന്‍ മുഖ്യമന്ത്രി, എം.പി, എം.എല്‍.എമാര്‍ ഉള്‍പെടെ 41 പേര്‍ക്കെതിരെ കേസ്

റാഞ്ചി: ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിക്കെതിരെ ബി.ജെ.പി നടത്തിയ പ്രതിഷേധമാര്‍ച്ച് അക്രമാസക്തം. പ്രവര്‍ത്തകരുടേയും നേതാക്കന്‍മാരുടേയും ഗുണ്ടായിസമാണ് റാലിക്കിടെ അരങ്ങേറിയത്. കാവല്‍ നിന്ന സി.ആര്‍.പി.എഫ് ജവാന്‍മാരെ നൂറുകണക്കിന് ബി.ജെ.പിക്കാര്‍ കൂട്ടമായെത്തി കല്ലെറിഞ്ഞ് പരുക്കേല്‍പിച്ചു. നിരവധി പൊലിസുകാര്‍ക്കും മര്‍ദനമേറ്റു. സംഭവത്തില്‍ മുന്‍ മുഖ്യമന്ത്രിമാരായ ബാബുലാല്‍ മറാണ്ടി, രഘുബര്‍ ദാസ്, കേന്ദ്രമന്ത്രി അര്‍ജുന്‍ മുണ്ട, അഞ്ച് പാര്‍ലമെന്റംഗങ്ങള്‍, മൂന്ന് നിയമസഭാംഗങ്ങള്‍ എന്നിവരുള്‍പ്പെടെ 41 ബിജെപി നേതാക്കള്‍ക്കെതിരെ കലാപത്തിനും അക്രമത്തിനും റാഞ്ചി പൊലിസ് കേസെടുത്തു.

സെക്രട്ടേറിയറ്റ് വളയാനുള്ള ശ്രമത്തിനിടെ നടന്ന സംഘര്‍ഷത്തില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ഉപേന്ദ്ര കുമാറിന്റെ പരാതിയിലാണ് റാഞ്ചിയിലെ ധുര്‍വ പൊലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 41 നേതാക്കളടക്കം ആയിരക്കണക്കിന് ബി.ജെ.പി പ്രവര്‍ത്തകരാണ് പ്രതികള്‍. കലാപശ്രമം, നിരോധനാജ്ഞ ലംഘനം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, കുറ്റകൃത്യത്തിന് പ്രേരിപ്പിക്കല്‍, മര്‍ദനം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.

ചൊവ്വാഴ്ച റാഞ്ചിയില്‍ മുഖ്യമന്ത്രി ഹേമന്ത് സോറനെതിരെ നടന്ന ഝാര്‍ഖണ്ഡ് നിയമസഭ ഉപരോധത്തിനിടെയായിരുന്നു സംഭവം. പൊലിസുകാരുമായി ഏറ്റുമുട്ടിയ അക്രമാസക്തരായ ബിജെപി പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ണീര്‍ വാതക ഷെല്‍ പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ പൊലിസ് ഉദ്യോഗസ്ഥര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റതായി പൊലിസ് പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.