2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ബാബരി, റാഫേല്‍ കേസുകളില്‍ വിധിപറഞ്ഞ ജഡ്ജിക്ക് രാജ്യസഭാ സീറ്റ് നല്‍കുന്നത് എന്ത് സന്ദേശമാണ് നല്‍കുകയെന്ന് സുപ്രിംകോടതിയോട് ദുഷ്യന്ത് ദവെ

രാഷ്ട്രീയപ്രധാന്യമുള്ള കേസുകള്‍ ചില ജഡ്ജിമാര്‍ക്ക് മാത്രം നല്‍കുന്നത് എന്തുകൊണ്ട്

ന്യൂഡല്‍ഹി: രാഷ്ട്രീയപ്രാധാന്യമുള്ള കേസുകള്‍ ചില പ്രത്യേക ജഡ്ജിമാര്‍ക്ക് തന്നെ പരിഗണിക്കാന്‍ നല്‍കുന്നത് എന്തുകൊണ്ടെന്ന് സുപ്രിംകോടതിയില്‍ പ്രമുഖ അഭിഭാഷകന്‍ ദുഷ്യന്ത് ദവെ. ജസ്റ്റിസ് നരിമാനെ നോക്കൂ. അദ്ദേഹത്തിന് ഇത്തരം കേസുകള്‍ നല്‍കില്ലെന്നും ദവെ പറഞ്ഞു. ബാബരി കേസിലും റാഫേല്‍ കേസിലും വിധി പറഞ്ഞ ചീഫ് ജസ്റ്റിസിന് പിന്നാലെ രാജ്യസഭാ എം.പി സ്ഥാനവും ഇസഡ് പ്ലസ് സുരക്ഷയും നല്‍കുന്നത് രാജ്യത്തിന് എന്തു സന്ദേശമാണ് നല്‍കുകയെന്നും ദവെ ചോദിച്ചു. പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യക്കേസില്‍ ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ബി.ആര്‍ ഗവായ്, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ച് മുമ്പാകെ വാദം നടത്തുകയായിരുന്നു ദുഷ്യന്ത് ദവെ.

ജൂഡീഷ്യറിയുടെ നന്മ ഉദ്ദേശിച്ചാണ് പ്രശാന്ത് ഭൂഷണ്‍ ജഡ്ജിമാര്‍ക്കെതിരായ വിമര്‍ശനങ്ങള്‍ നടത്തിയത്. ജൂഡീഷ്യറിയുടെ പ്രവര്‍ത്തനങ്ങളുടെ നിലവാരവും സ്വാതന്ത്ര്യവും കുറഞ്ഞു പോയിരിക്കുന്നുവെന്നാണ് സമീപകാലത്തെ നിരവധി സംഭവങ്ങള്‍ പറയുന്നതെന്ന അര്‍ത്ഥത്തിലാണ് പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റുകളെ മനസ്സിലാക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ ഭൂഷന്‍ കോടതിയുടെ മുന്നിലെത്തിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ ഹരജികള്‍ തള്ളി. ഭൂഷണ്‍ സര്‍ക്കാര്‍വാദി ആയിരുന്നെങ്കില്‍ അദ്ദേഹത്തിന് പദ്മഭൂഷണ്‍ നല്‍കുമായിരുന്നു. സുപ്രിംകോടതിയില്‍ ശരിയായ രീതിയിലല്ല കാര്യങ്ങള്‍ നടക്കുന്നതെന്ന് വിരമിച്ച ജഡ്ജിമാരായ മദന്‍ബി ലോക്കൂറും കൂര്യന്‍ ജോസഫും പറഞ്ഞിട്ടുണ്ട്.

ശരിയായ രീതിയിലല്ല കാര്യങ്ങള്‍ നടക്കുന്നതെന്ന് ഒരാള്‍ക്ക് ബോധ്യമായാല്‍ അത് തുറന്ന് പറയുന്നതില്‍ എന്താണ് പ്രശ്നമെന്നും ദവെ ചോദിച്ചു. ചീഫ് ജസ്റ്റിസായിരിക്കെ രഞ്ജന്‍ ഗൊഗോയിക്കെതിരെ മുന്‍ ജീവനക്കാരിയുടെ ലൈംഗികാരോപണവും ദവെ ചൂണ്ടിക്കാട്ടി. ആ കേസ് തന്നെ നോക്കൂ. പിരിച്ചു വിട്ട പരാതിക്കാരിയെ വീണ്ടും കോടതിയില്‍ തിരിച്ചെടുത്തു. അതില്‍ നിന്ന് തന്നെ ആ യുവതിയുടെ ആരോപണം സത്യമാണെന്ന് വ്യക്തമാണ്. അല്ലായിരുന്നെങ്കില്‍ എന്തുകൊണ്ട് യുവതിക്കെതിരേ കോടതിയലക്ഷ്യത്തിന് കേസെടുത്തില്ല. ഒരു ജഡ്ജി തനിക്കെതിരായ ലൈംഗികാരോപണത്തിന് മറുപടി പറയാന്‍ അവധിദിവസം കോടതി വിളിച്ചു ചേര്‍ക്കുന്നു. ഇതില്‍ നിന്ന് എന്താണ് നമുക്ക് മനസ്സിലാക്കാനുള്ളത്. ദവെ ചോദിച്ചു. കേസ് കോടതി വിധി പറയാന്‍ മാറ്റി.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.