2022 May 24 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സി.എ.എ സമരങ്ങള്‍ക്കു ശേഷം രാജ്യത്ത് വിദ്വേഷ പ്രചാരണം കുത്തനെ വര്‍ധിച്ചു

ന്യൂഡല്‍ഹി: അടുത്ത കാലങ്ങളിലായി വിദ്വേഷ പ്രചാരണങ്ങള്‍ രാജ്യത്തുണ്ടാക്കിയ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് , എത്രയാണെന്ന് എണ്ണിത്തിട്ടപ്പെടുത്താനാവുമോ. തെരുവുകളില്‍ കൊല്ലപ്പെട്ടവര്‍, നാടുകടത്തപ്പെട്ടവര്‍, ക്രൂരമായ അക്രമങ്ങള്‍ക്കിരയായവര്‍, കാണാതാക്കപ്പെട്ടവര്‍….എണ്ണിയിലാടുങ്ങാത്തതാണ് ഇതിന്റെ പരിണിത ഫലം. സാമൂഹിക മാധ്യമങ്ങളാണ് വലിയ അളവില്‍ വിദ്വേഷ പ്രചാരണത്തിന് കളമാവുന്നത്.
സോഷ്യല്‍ മീഡിയകളായ ഫേസ്ബുക്കും വാട്‌സാപ്പും രാജ്യത്ത് സംഘര്‍ഷത്തിന്റെ വേരുകള്‍ പടര്‍ത്തുന്നതില്‍ വഹിക്കുന്ന പങ്കിലേക്കാണ് കണക്കുകള്‍ വിരല്‍ ചൂണ്ടുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

സി.എ.എ പ്രതിഷേധത്തിനും ലോക്ഡൗണിനും ശേഷം ഫേസ്ബുക്കിലൂടെയുള്ള വിദ്വേഷപ്രചരണം ഇന്ത്യയില്‍ കുത്തനെ വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി എന്നീ മൂന്ന് ഭാഷകളില്‍ വിദ്വേഷ ഉള്ളടക്കങ്ങളുള്ള ഫേസ്ബുക്ക് പോസ്റ്റുകള്‍ കുത്തനെ കൂടിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഇംഗ്ലീഷ്, ഹിന്ദി ഉള്ളടക്കങ്ങളിലായി 2019 ജൂണിനും 2020 ജൂണിനുമിടയിലാണ് വിദ്വേഷ പോസ്റ്റുകള്‍ ഗണ്യമായി വര്‍ധിച്ചത്. 2020 ന്റെ തുടക്കത്തിലാണ് ബംഗാളി ഭാഷകളില്‍ വിദ്വേഷപോസ്റ്റുകള്‍ വ്യാപകമായി പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതെന്നും ഫേസ്ബുക്ക് ചൂണ്ടിക്കാട്ടുന്നു.

ഫേസ്ബുക്കിന്റെ ഡാറ്റാ സയന്റിസ്റ്റുകളാണ് വിദ്വേഷ പ്രചരണത്തിന്റെ കണക്കുകള്‍ പുറത്തുവിട്ടത്. 2020 ന്റെ തുടക്കത്തില്‍, ഫേസ്ബുക്ക് നടത്തിയ ഉള്ളടക്ക പരിശോധനകളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിദ്വേഷ പ്രചരണം 300 ശതമാനം വര്‍ധിച്ചതായും കണ്ടെത്തിയിട്ടുണ്ട്. രാജ്യവ്യാപകമായി സി.എ.എ പ്രതിഷേധങ്ങള്‍ നടന്ന 2019 ഡിസംബറിലും, 2020 ജനുവരിയിലും കൊവിഡിനെ തുടര്‍ന്ന് ആദ്യലോക്ഡൗണ്‍ പ്രഖ്യാപിച്ച 2020 മാര്‍ച്ചിലുമാണ് വിദ്വേഷ പ്രചരണത്തില്‍ വലിയ വര്‍ധനയുണ്ടായിരിക്കുന്നത്.

2019 അവസാനത്തിലും മാര്‍ച്ച് അവസാനത്തിലും ഏപ്രില്‍ തുടക്കത്തിലെയും കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 80 ശതമാനത്തിലധികം വര്‍ധനവുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2019 ഡിസംബര്‍, 2020 മാര്‍ച്ച്, 2020 മെയ് മാസങ്ങളിലും ഫേസ്ബുക്ക് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്ത വിദ്വേഷപ്രചരണ പോസ്റ്റുകളുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ടായതായതായി ‘ദ വയര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏറ്റവും അപകടസാധ്യതയുള്ള രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോഴും ഇന്ത്യയില്‍ വിദ്വേഷ പ്രചരണത്തിന്റെ തോത് വര്‍ധിച്ചിട്ടുണ്ട്. ഹിന്ദിയിലും ഉറുദുവിലുമുള്ള വിദ്വേഷ പ്രചരണം പാകിസ്ഥാനുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ മുന്നിലാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്റേണല്‍ കമ്പനി റിപ്പോര്‍ട്ടുകളില്‍ ബ്രസീലടക്കമുള്ള രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ത്യയെ ഫേസ്ബുക്ക് പൊതുവെ പരാമര്‍ശിക്കുന്നത്. ആളുകള്‍ക്ക് പൊതുവെ സുരക്ഷിതത്വമുണ്ടെന്ന് ബന്ധപ്പെട്ടര്‍ അവകാശപ്പെടുമ്പോഴും പ്രാദേശിക തലത്തിലുള്ള പ്രശ്‌നങ്ങളെ രാജ്യം മറച്ചുവെക്കുന്നതായും വെളിപ്പെടുത്തലില്‍ പറയുന്നു.

സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമീഷനില്‍ ഫേസ്ബുക്ക് നടത്തിയ വെളിപ്പെടുത്തലുകളില്‍ നിന്നാണ് സ്ഥിതിവിവരക്കണക്കുകളും മറ്റും പുറത്തുവന്നത്.

ഹിന്ദിയും ബംഗാളിയും ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ വിദ്വേഷ പ്രസംഗം കണ്ടെത്തുന്നതിന് സാങ്കേതികവിദ്യയില്‍ കാര്യമായ നിക്ഷേപം നടത്തിയതായി നേരത്തെ ഫേസ്ബുക്ക് വെളിപ്പെടുത്തിയിരുന്നു.
അതിനെ തുടര്‍ന്ന് ഫേസ്ബുക്കില്‍ വരുന്ന വിദ്വേഷ പോസ്റ്റുകളുടെ റീച്ച് പകുതിയായി കുറച്ചെന്നും അതിപ്പോള്‍ 0.05 ശതമാനമായി കുറഞ്ഞതായും ഫേസ്ബുക്ക് പറയുന്നു.

മുസ്‌ലിങ്ങള്‍ ഉള്‍പ്പെടെയുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കെതിരായ വിദ്വേഷപ്രചരണങ്ങള്‍ ആഗോളതലത്തില്‍ വര്‍ധിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ ഫേസ്ബുക്ക് ഉപയോഗിച്ചുള്ള വിദ്വേഷപ്രചരണങ്ങള്‍ക്ക് തടയിടാനുള്ള ശ്രമം ശക്തമാക്കിയതായി കമ്പനി വക്താവ് പറഞ്ഞു. ഫേസ്ബുക്ക് നയങ്ങള്‍ പുതുക്കിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.