2021 May 16 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘ആര്‍ക്കും സംഭവിക്കാം’ – മണിക്കൂറുകളുടെ വ്യത്യാസത്തില്‍ അമ്മയും ഭര്‍ത്താവും കൊവിഡ് ബാധിച്ച് മരിച്ച അനുഭവം പങ്കുവെച്ച് ദൂരദര്‍ശന്‍ മുന്‍ ഡയറക്ടര്‍

ന്യൂഡല്‍ഹി: മണിക്കൂറുകള്‍ക്കിടെ ഭര്‍ത്താവിനെയും അമ്മയെയും കൊവിഡ് നഷ്ടപ്പെടുത്തിയ അനുഭവം പങ്കുവെച്ച് ദൂരദര്‍ശന്‍ മുന്‍ ഡയറക്ടര്‍ അര്‍ച്ചന ദത്ത. ചികിത്സയിലിരിക്കെ ഇരുവരുടെയും ഓക്‌സിജന്റെ
അളവ് കുത്തനെ കുറഞ്ഞതാണ് മരണകാരണമെന്ന് ചൂണ്ടിക്കാട്ടി കൊവിഡിനെ ഇനിയും നിസ്സാരമായി കാണുന്നവര്‍ക്കു മുന്നറിയിപ്പു കൂടിയാണ് അവരുടെ ട്വീറ്റ്.

ഏപ്രില്‍ 27ന് മാല്‍വിയ നഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഇരുവരെയും നഷ്ടമായതിന്റെ ആഘാതത്തിലാണ് താനെന്നും അര്‍ച്ചന ദത്ത ട്വീറ്റ് ചെയ്തു.

‘എന്നെപ്പോലെ പലരും തങ്ങള്‍ക്ക് ഇത് സംഭവിക്കില്ലെന്ന് കരുതിയിരിക്കാം. പക്ഷേ അത് സംഭവിച്ചു. എന്റെ മാതാവും ഭര്‍ത്താവും ചികിത്സ കിട്ടാതെ മരിച്ചു. ഞങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടിരുന്ന എല്ലാ മുന്‍ നിര ആശുപത്രികളിലേക്കും പ്രവേശനം നിഷേധിക്കപ്പെട്ടു. അതെ, അവരുടെ മരണശേഷം കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു’ -ദത്ത ട്വീറ്റ് ചെയ്തു.

പ്രതിഭ പട്ടീല്‍ രാഷ്ട്രപതിയായിരുന്ന കാലഘട്ടത്തില്‍ രാഷ്ട്രപതി ഭവനിലെ വക്താവായിരുന്നു അര്‍ച്ചന. പ്രതിരോധ മന്ത്രാലയത്തിലെ പരിശീലന കേന്ദ്രത്തിലെ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് വിരമിച്ച വ്യക്തിയാണ് ഭര്‍ത്താവ് എ.ആര്‍. ദത്ത. 68 വയസായിരുന്നു. മാതാവ് ഭാനി മുഖര്‍ജിക്ക് 88 വയസുമായിരുന്നു. അസുഖബാധിതരായ ഇരുവര്‍ക്കും ആശുപത്രി പ്രവേശനം ലഭിച്ചിരുന്നില്ല.

‘എന്റെ മകന്‍ രണ്ടുപേരെയും തെക്കന്‍ ഡല്‍ഹിയിലെ നിരവധി സ്വകാര്യ ആശുപത്രികളിലെത്തിച്ചിരുന്നു. എന്നാല്‍ അവര്‍ക്ക് പ്രവേശനം നിഷേധിച്ചു. തുടര്‍ന്ന് മാല്‍വിയ നഗറിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു’ -അര്‍ച്ചന ദത്ത പി.ടിഐയോട് പറഞ്ഞു.

മകന്‍ ഓക്‌സിജന്‍ സിലിണ്ടറിനായി എല്ലായിടത്തും അലഞ്ഞെങ്കിലും ലഭ്യമായില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ സര്‍വിസസ് ഓഫിസറായ അര്‍ച്ചന ദത്ത 2014ലാണ് ദൂരദര്‍ശന്‍ ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തുനിന്ന് വിരമിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.