2021 October 26 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘ഡോ. റോഷന്‍ ജഹാന്‍ ശൈഖ്’ ഊന്നുവടിയേന്തി കിനാക്കളിലേക്ക് നടന്നുകയറിയവള്‍, നിശ്ചയദാര്‍ഢ്യത്തിന്റെ ആള്‍രൂപം

ഡോ.റോഷന്‍ ജഹാന്‍ ശൈഖ്. നിശ്ചയദാര്‍ഢ്യം കൊണ്ട് അനേകരില്‍ പ്രത്യാശയുടെ പ്രകാശം പരത്തിയവള്‍. പരിമിതികളുടെ കാണാ മതിലുകള്‍ ചുറ്റിലുമേറെയുണ്ടായിട്ടും കഠിനമായൊരു സ്വപ്‌നത്തിന്റെ ചിറകേറി സാഫല്യത്തിന്റെ അത്യുന്നതങ്ങളിലെത്തിയവള്‍. മുംബൈക്കാരിയാണ്. 89ശതമാനം ശാരീരിക വ്യതിയാനവും പഠനവഴിയില്‍ കൂട്ടു വന്ന ബോണ്‍ട്യൂമറും ഒരരികിലേക്ക് മാറ്റിവെച്ച് നാലാം റാങ്കോടെ പാത്തോളജി എം.ഡി. ക്ലിയര്‍ ചെയ്തവളാണ്. തന്റെ കിനാക്കളിലേക്ക് പറന്നുയരാന്‍ പോരാട്ടങ്ങള്‍ ഏറെ നടത്തിയവളുമാണ്.

സ്വപ്‌നങ്ങള്‍ തകര്‍ത്തെറിഞ്ഞ അപകടം
2008 ഒക്‌ടോബറിലായിരുന്നു അത്. പതിനാറ് വയസ്സായിരുന്നു ജഹാന്. 11ാം ക്ലാസ് പരീക്ഷയെഴുതി ജോഗേശ്വരിയിലെ വീട്ടിലേക്ക് വരുമ്പോഴാണ് അതുണ്ടായത്. കുന്നോളം കൊരുത്തുവെച്ച അവളുടെ കിനാക്കള്‍ക്കു മേല്‍ തീവണ്ടി കയറിയിങ്ങിയ നിമിഷം. വീട്ടിലേക്കുള്ള യാത്രക്കിടെ ജഹാന്‍ ട്രെയിനില്‍ നിന്ന് വീഴുകയായിരുന്നു.

വീഴുന്നത് പലരും കണ്ടിട്ടും ആരും ചങ്ങല വലിച്ചില്ല. അവളുടെ കാലുകള്‍ക്കു മുകളിലൂടെ ആ വണ്ടി പാഞ്ഞുപോയി. ഇരു കാലുകളും അറ്റുപോയി അന്ന്. പിന്നീട് നാളുകളോളം ആശുപത്രിയില്‍. മരുന്നുമണക്കുനൊനാരുരിടനാഴികള്‍ അവളെ പക്ഷേ ഒട്ടും തളര്‍ത്തിയില്ല. കുഞ്ഞുനാള്‍ മുതല്‍ സ്വരുക്കൂട്ടിവെച്ച കിനാക്കളിലേക്ക് ആ നാളുകളെ അവള്‍ ചേര്‍ത്തുചേര്‍ത്തു വെച്ചു. കഴുത്തില്‍ സ്റ്റെതസ്‌ക്കോപ്പും തൂക്കി വെള്ളക്കോട്ടുമിട്ടൊരു ജഹാന്‍ അവളുടെ പകല്‍സ്വപ്‌നങ്ങളില്‍ പോലും നിറഞ്ഞു നിന്നു.

കിനാക്കളിലേക്കുള്ള പോരാട്ടം
ആശുപത്രി വിട്ടതും വീണ്ടും പാഠപുസ്തകങ്ങളുടെ ലോകത്ത്. പ്ലസ്ടുവിന് ശേഷം മെഡിക്കല്‍ എന്‍ട്രന്‍സ് പാസായി. എന്നാലും അഡ്മിഷന് വലിയ കടമ്പയുണ്ടായിരുന്നു. എം.ബി.ബി.എസ് പ്രവേശനം അനുവദിക്കാവുന്ന 70 ശതമാനത്തിലും അധികമാണ് അംഗവൈകല്യമെന്ന് വിധിയെഴുത്ത്. അപകട ശേഷം 89 ശതമാനം ശാരീരിക വ്യതിയാനമുണ്ടായ റോഷന്‍ ഊന്നുവടിയേന്തി കോടതി കയറി. പഠിക്കാനുള്ള തന്റെ അവകാശത്തിനായി അവള്‍ കരുത്തോടെ വാദിച്ചു. കോടതികള്‍ കയറിയിറങ്ങാന്‍ പണമൊന്നും ഉണ്ടായിരുന്നില്ല തെരുവോരത്ത് ഉന്തുവണ്ടിയില്‍ പച്ചക്കറി വിറ്റു നടന്നിരുന്ന ജവാദ് ശൈഖിന്. എന്നിട്ടും അയാള്‍ മകള്‍ക്കൊപ്പം ഉറച്ചു നിന്നു. അത്രമേല്‍ കഠിനമായിരുന്നു അവളുടെ സ്വപ്നം.

മുതിര്‍ന്ന അഭിഭാഷകന്‍ വി.വി പാട്ടീല്‍ പ്രതിഫലം വാങ്ങാതെ കേസ് വാദിച്ചു. ഒടുവില്‍ ബോംബേ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന മൊഹിത് ഷാ ജഹാന്റെ നിശ്ചയദാര്‍ഢ്യം തിരിച്ചറിഞ്ഞു. മെഡിസിന്‍ പ്രവേശനം നല്‍കണമെന്ന് വിധിച്ചു.

അമീന്‍ പട്ടേല്‍ എം.എല്‍.എ പഠന ചെലവുകള്‍ വഹിച്ചു. 2016ല്‍ സേത്ത് ജി.എസ് മെഡിക്കല്‍ കോളജില്‍ നിന്ന് ഫസ്റ്റ് ക്ലാസോടെയാണ് എം.ബി.ബി.എസ് പാസായത്. 2018ല്‍ അതേ കോളജില്‍ എം.ഡിക്ക് ചേര്‍ന്നു.

പരീക്ഷണമായി ബോണ്‍ ട്യൂമര്‍
അതിനിടെ അവളെ തേടി വീണ്ടും പരീക്ഷണങ്ങളെത്തി. ബോണ്‍ ട്യൂമറിന്റെ രൂപത്തിലായിരുന്നു അത്. രണ്ടാം വര്‍ഷം പഠിക്കുന്നതിനിടെയാണ് ഇത് കണ്ടെത്തിയത്. ഓപ്പറേഷനും ആശുപത്രി വാസവുമൊക്കെയായി കുറെ നാളുകള്‍. കൂട്ടുകാരും വകുപ്പ് മേധാവി ഡോ. അമിതാ ജോഷിയും ഓപ്പറേഷന്‍ നടത്തിയ ഡോ. സഞ്ജയ് കന്താരിയയും ശരിക്കും സഹായിച്ചു. സ്വന്തം മകളെ പോലെയാണ് കന്താരിയ അവളെ പരിചരിച്ചത്. കഴിഞ്ഞയാഴ്ചയാണ് എം.ഡി പരീക്ഷ ഫലം വന്നത്. പാതോളജിയില്‍ നാലാം റാങ്കോടെ വിജയം.

രണ്ട് വര്‍ഷത്തെ നിര്‍ബന്ധിത സേവനത്തിന് ശേഷം സര്‍ക്കാര്‍ മേഖലയില്‍ ജോലി തേടണമെന്നുണ്ട് ഡോ. റോഷന്‍ ജഹാന്. ഗ്രാമീണ മേഖലകളിലുള്ളവര്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സൗജന്യ സേവനം നല്‍കാന്‍ ഒരു ലാബ് തുറക്കണം. അതിനായി കുറച്ച് പണം സമ്പാദിക്കണം- ഇതാണ് ജഹാന്റെ വലിയ മോഹം.

നല്ലൊരു മോട്ടിവേഷണല്‍ സ്പീക്കര്‍ കൂടിയാണ് ജഹാന്‍. നിരവധി പുരസ്‌ക്കാരങ്ങളും ജഹാനെ തേടിയെത്തിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.