
ന്യൂഡല്‍ഹി: ഹരിയാനയില്‍ ലൗ ജിഹാദ് നിയമനിര്‍മാണത്തിനുള്ള അവസാന തയ്യാറെടുപ്പുകള്‍ക്കിടെ ഇടഞ്ഞ് ബി.ജെ.പി സഖ്യ കക്ഷി. ഹരിയാനയില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ‘ലവ് ജിഹാദ്’ പരിശോധിക്കുന്നതിനായി നിയമനിര്‍മ്മാണത്തിന് തയ്യാറെടുക്കുമ്പോള്‍ വിയോജിപ്പിച്ച് പ്രകടിപ്പിച്ച് പ്രധാന സഖ്യകക്ഷിയായ ജെ.ജെ.പി രംഗത്തെത്തിയിരിക്കുന്നത്.
‘ലൗ ജിഹാദ്’ എന്ന പദം താന്‍ അംഗീകരിക്കുന്നില്ലെന്ന് ഉപമുഖ്യമന്ത്രിയായ ദുഷ്യന്ത് ചൗതാല പ്രതികരിച്ചു. എന്‍.ഡി.ടിവിക്ക് നല്കിയ അഭിമുഖത്തിലാണ് പ്രതികരണം.
‘ലൗ ജിഹാദ്’ എന്ന ഈ പദത്തോട് എനിക്ക് യോജിപ്പില്ല. നിര്‍ബന്ധിച്ചുള്ള മതപരിവര്‍ത്തനം പരിശോധിക്കുന്നതിനായി ഞങ്ങള്‍ക്ക് പ്രത്യേകമായി ഒരു നിയമം വേണം, ഞങ്ങള്‍ അതിനെ പിന്തുണക്കും. ആരെങ്കിലും സ്വമേധയാല്‍ മത പരിവര്‍ത്തനം ചെയ്ത് മറ്റൊരു വിശ്വാസത്തിലുള്ള പങ്കാളിയയെ വിവാഹം കഴിച്ചാല്‍ ഞങ്ങള്‍ക്ക് യാതൊരു തടസ്സവുമില്ല, ‘ ദുഷ്യന്ത് ചൗതാല പറഞ്ഞു.
ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ‘മത സ്വാതന്ത്ര്യ’ നിയമം ഉണ്ടാക്കാനുള്ള നീക്കത്തിലാണ് ബി.ജെ.പി സര്‍ക്കാരുകള്‍. ഗുജറാത്തില്‍ ‘ലൗ ജിഹാദി’നെതിരെ നിയമം കൊണ്ടുവരുമെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി പറഞ്ഞിരുന്നു. ബംഗാളില്‍ ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ യു.പിയിലേതു പോലെ ‘ലൗ ജിഹാദി’നെതിരെ നിയമം കൊണ്ടുവരുമെന്ന് യോഗി ആദിത്യനാഥും സൂചന നല്‍കിയിരുന്നു.