
ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125ാം ജന്മദിനത്തോടനുബന്ധിച്ച് നേതാജിയുടേതിന് പകരം രാഷ്ട്രപതി അനാച്ഛാദനം ചെയ്തത് ബംഗാളി നടന്റെ ചിത്രം. രാഷ്ട്രപതി ഭവനില്‍ നടന്ന ഛായാചിത്ര അനാച്ഛാദനത്തിലാണ് ചിത്രം മാറിപ്പോയത്.
സുഭാഷ് ചന്ദ്രബോസിന്റെ ബയോപികില്‍ നേതാജിയുടെ വേഷം ചെയ്ത പ്രസന്‍ജിത് ചാറ്റര്‍ജിയുടെ ചിത്രമാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനാച്ഛാദനം ചെയ്തതെന്നാണ് പ്രമുഖരുള്പെടെയുള്ളവര് ചൂണ്ടിക്കാട്ടുന്നത്. പിണഞ്ഞ അബദ്ധത്തിന് കണക്കിന് പരിഹസിക്കുന്നുണ്ട് സോഷ്യല്‍ മീഡിയ രാഷ്ട്രപതിയെ.
‘അഞ്ചുലക്ഷം രൂപ രാമക്ഷേത്രത്തിന് സംഭാവന നല്‍കിയതോടെ നേതാജിയുടെ ബയോപിക്കില്‍ അഭിനയിച്ച പ്രസന്‍ജിത് ചാറ്റര്‍ജിയുടെ ചിത്രം രാഷ്ട്രപതി അനാച്ഛാദനം ചെയ്തു.
ഇന്ത്യയെ ദൈവം രക്ഷിക്കട്ടെ (കാരണം സര്‍ക്കാറിന് തീര്‍ച്ചയായും അത് കഴിയില്ല)’ – മഹുവ മൊയ്ത്ര എം.പി ട്വീറ്റ് ചെയ്തു.
നേതാജിയുടെ ശരിയായ ചിത്രത്തിനു പകരം പ്രസന്‍ജിത് ചാറ്റര്‍ജിയുടെ ചിത്രം ചിത3ം രാഷ്ട്രപതി അനാച്ഛാദനം ചെയ്തെന്നറിഞ്ഞ് ഞെട്ടിപ്പോയെന്നാണ് പ്രമുഖ മാധ്യമപ്രവര്‍ത്തക ബര്‍ക്ക ദത്ത് ട്വീറ്റ് ചെയ്തത്. എന്തൊരു നാണക്കേടാണിതെന്നും അവര്‍ ചോദിക്കുന്നു.
ജനുവരി 23നാണ് നേതാജിയുടെ ഛായാചിത്രം അനാച്ഛാദന ചടങ്ങ് രാഷ്ട്രപതി ഭവനില്‍ നടന്നത്. രാംനാഥ് കോവിന്ദ് ചിത്രം അനാച്ഛാദനം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ പ്രസിഡന്റ് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക പേജില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.