ന്യൂഡല്‍ഹി: കൊല്ലം ആയൂരിലെ മാര്‍ത്തോമ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനികളെ പരിശോധനയുടെ പേരില്‍ അപമാനിച്ച സംഭവത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി. വിദ്യാഭ്യാസ അഡീഷനല്‍ സെക്രട്ടറിയോട് മന്ത്രി അടിയന്തരമായി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു ധര്‍മേന്ദ്ര പ്രധാന് കത്തയച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മന്ത്രിയുടെ നടപടി.
വിവാദത്തില്‍ ലോക്‌സഭയില്‍ എന്‍.കെ. പ്രേമചന്ദ്രന്‍, കെ. മുരളീധരന്‍, ഹൈബി ഈഡന്‍ എന്നിവര്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കുകയും ചെയ്തിരുന്നു. അതിനിടെ, സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ സൈബര്‍ സംഘം കോളജില്‍ എത്തി.
പരീക്ഷ കഴിഞ്ഞു കോളേജില്‍ വച്ചു അടിവസ്ത്രം ഇടേണ്ടെന്ന് അധികൃതര്‍ പറഞ്ഞുവെന്നടക്കമുള്ള ആരോപണമാണ് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിനികള്‍ ഉന്നയിച്ചിരിക്കുന്നത്. കേന്ദ്രത്തില്‍ ഉണ്ടായത് മോശം അനുഭവമായിരുന്നുവെന്നും അടിവസ്ത്രം അഴിപ്പിച്ചതോടെ മുടി മുന്നിലേക്ക് ഇട്ട് ഇരുന്നാണ് പരീക്ഷ എഴുതിയതെന്നും ഇവര്‍ പറഞ്ഞു.
സംഭവത്തില്‍ മുന്‍പരിചയമില്ലാത്തവരാണ് കുട്ടികളെ പരിശോധിച്ചതെന്നാണ് പൊലിസ് അറിയിച്ചത്. പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത് 10 പേരായിരുന്നുവെന്നും അറിയിച്ചു. പരീക്ഷാ ഏജന്‍സിക്ക് ചുമതല കൈമാറി കിട്ടുകയായിരുന്നു. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി പരിശോധന ചുമതല ഏല്‍പ്പിച്ചത് തിരുവനന്തപുരത്തെ സ്റ്റാര്‍ കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിനായിരുന്നു. ഈ സ്ഥാപനം കരുനാഗപ്പള്ളി സ്വദേശിക്കും ഇദ്ദേഹം സുഹൃത്തിനും ചുമതല ഏല്‍പ്പിക്കുകയായിരുന്നു.
സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു.
പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ പരീക്ഷയുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഏജന്‍സിയിലെ ജീവനക്കാര്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ്. സ്ത്രീത്വത്തെ അപമാനിക്കല്‍, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
Comments are closed for this post.