ന്യൂഡല്‍ഹി: പ്രണവായുവില്ലാതെ പൊതുജനം തെരുവില്‍ ശ്വാസം മുട്ടി മരിക്കുമ്പോള്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജിമാര്‍ക്കും കുടുംബത്തിനും പഞ്ചനക്ഷത്ര ഹോട്ടലില്‍ കൊവിഡ് ചികിത്സ. ഏറ്റവും കൂടുതല്‍ പ്രതിസന്ധി അനുഭവിക്കുന്ന ഡല്‍ഹിയിലാണിതെന്നതാണ് ഏറ്റവും സങ്കടകരമായ അവസ്ഥ. കൊവിഡ് കാലത്ത് ഘോരഘോരമായ ഉത്തരവുകള്‍ പുറപ്പെടുവിച്ചവരാണ് ‘സുഖ’ ചികിത്സ ആവശ്യപ്പെട്ടതെന്നത് വിരോധാഭാസവും.
കൊവിഡിന്റെ പിടിയിലമര്‍ന്ന് എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് ഡല്‍ഹി. ആശുപത്രികള്‍ക്ക് ഉള്‍ക്കൊള്ളാനാകുന്നതിന്റെ പരിധികള്‍ കടന്ന് രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. കട്ടിലുകളില്ല, ജീവവായുവില്ല.. മനുഷ്യര്‍ തെരുവില്‍ മരിച്ചുവീഴുന്നു. മരിച്ചവരെ സംസ്‌ക്കരിക്കാന്‍ ഇടമില്ലാതെ പ്രിയപ്പെട്ടവര്‍ ശ്മശാനങ്ങളില്‍ നിന്ന് ശ്മശാനങ്ങളിലേക്ക് അലയുന്നു. മൃതദേഹങ്ങള്‍ കൂട്ടിയിട്ട കത്തിക്കുന്നു. ഈ അവസരത്തിലാണ് സംസ്ഥാനത്തിലെ നീതിയുടെ കാവലാളര്‍ക്ക് പഞ്ചനക്ഷത്ര സൗകര്യമൊരുക്കുന്നത്.
സംസ്ഥാനത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലൊന്നായ അശോക ഹോട്ടലിലാണ് ജഡ്ജിമാര്‍ക്കും കുടുംബങ്ങള്‍ക്കും സൗകര്യമൊരുക്കിയിട്ടുള്ളത്. എല്ലാവിധ മെഡിക്കല്‍ സൌകര്യങ്ങളോടും കൂടി 100 റൂമുകളാണ് കൊവിഡ് കെയര്‍ സെന്ററുകളാക്കി മാറ്റിയിട്ടുള്ളത്.
ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നുള്ള ‘അപേക്ഷ’യെ തുടര്‍ന്നാണത്രെ ഈ നടപടി. ഡല്‍ഹി ഹൈക്കോടതിയിലെ എല്ലാ ജഡ്ജിമാര്‍ക്കും, മറ്റ് ജുഡീഷ്യല്‍ ഓഫിസര്‍ക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടി മാത്രം തല്‍ക്കാലത്തേക്ക് കൊവിഡ് ചികിത്സക്കായി ഒരു കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ഒരുക്കണമെന്നായിരുന്നു അഭ്യര്‍ത്ഥന. തുടര്‍ന്നാണ് പഞ്ചനക്ഷത്ര ഹോട്ടലായ അശോകയില്‍ കൊവിഡ് ചികിത്സയ്ക്കായി സര്‍ക്കാര്‍ സംവിധാനമൊരുക്കിയത്. ചാണക്യപുരി സബ്-ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഗീത ഗ്രോവര്‍ ആണ് ഇതു സംബന്ധിച്ചുള്ള ഉത്തരവ് ഇറക്കിയിട്ടുള്ളത്. ഉത്തരവ് നടപ്പില്‍ വന്നു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. രോഗിക്ക് പെട്ടെന്ന് വിദഗ്ധ ചികിത്സ ആവശ്യമായി വന്നാല്‍ ആശുപത്രിയിലേക്ക് മാറ്റാനായി ഓക്‌സിജന്‍ സൌകര്യമുള്ള ആംബുലന്‍സ് ഉണ്ടായിരിക്കണമെന്നും ഉത്തരവിലുണ്ട്.
ഓക്‌സിജന്‍ കിടക്കകള്‍ ഉറപ്പുനല്‍കുന്ന ലെവല്‍ 2 കെയര്‍ സൗകര്യമാണ് ഈ കൊവിഡ് ഹെല്‍ത്ത് സെന്ററില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചാണക്യപുരിയിലെ പ്രിമസ് ആശുപത്രിക്കാണ് പഞ്ചനക്ഷത്ര ഹോട്ടലിലെ കൊവിഡ് കെയര്‍ സെന്ററിന്റെ നടത്തിപ്പ് ചുമതല. കോവിഡ് കെയര്‍ സെന്ററിലുണ്ടാവുന്ന മെഡിക്കല്‍ മാലിന്യത്തിന്റെ നിര്‍മാര്‍ജ്ജനവും ഇവരുടെ ചുമതലയായിരിക്കും. ഹോട്ടലിലെ ജീവനക്കാര്‍ക്ക് രോഗികളെ പരിചരിക്കുന്നതിനുള്ള പ്രാഥമിക പരിശീലനവും ആശുപത്രിയാണ് നല്‍കുക. ഹോട്ടല്‍ ജീവനക്കാരുടെ കുറവുണ്ടായാല്‍ പകരം ആളുകളെയും ആശുപത്രി നല്‍കും. റൂമുകളുടെ വൃത്തിയാക്കല്‍, അണുനശീകരണം, രോഗികള്‍ക്ക് ഭക്ഷണം നല്‍കല്‍ തുടങ്ങിയവയെല്ലാം ഹോട്ടല്‍ അധികൃതരാണ് നിര്‍വഹിക്കുകയെന്നും ഇതുസംബന്ധിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു.
Comments are closed for this post.