2021 October 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഡല്‍ഹി സര്‍ക്കാര്‍ ആവശ്യമായതിലും കൂടുതല്‍ ഓക്‌സിജന്‍ ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ സമയത്ത് ഡല്‍ഹി സര്‍ക്കാര്‍ തങ്ങള്‍ക്ക് ആവശ്യമായതിലും നാല് മടങ്ങ് അധികം ഓക്‌സിജന്‍ ആവശ്യപ്പെട്ടതായി സുപ്രിം കോടതി നിയോഗിച്ച ഓക്‌സിജന്‍ ഓഡിറ്റ് കമ്മിറ്റി.

രണ്ടാം തരംഗ സമയത്ത് ഡല്‍ഹിക്ക് 300 മെട്രിക് ടണ്‍ ഓക്‌സിജന്റെ ആവശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ അവര്‍ 1200 മെട്രിക് ടണ്‍ ഓക്‌സിജന്‍ വേണമെന്ന് ആവശ്യപ്പെട്ടതായാണ് ഓഡിറ്റ് റിപ്പോര്‍ട്ട്.

ഏപ്രില്‍-മെയ് മാസങ്ങളിലാണ് ഡല്‍ഹിയിലെ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം അതിരൂക്ഷമായിരുന്നത്. നിരവധി ആശുപത്രികളില്‍ ഓക്‌സിജന്‍ കിട്ടാതെ രോഗികള്‍ മരിച്ചു വീഴുന്ന സാഹചര്യം വരെ ഉണ്ടായി. അന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കേന്ദ്ര സര്‍ക്കാറിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.

ഡല്‍ഹി ഹൈകോടതി ഇടപെട്ടതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹിക്ക് കൂടുതല്‍ മെഡിക്കല്‍ ഓക്‌സിജന്‍ നല്‍കി. മറ്റ് സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം വെട്ടിക്കുറച്ചായിരുന്നു ഇത്.

ഡല്‍ഹിയുടെ ആവശ്യം പരിഗണിച്ച് കൂടുതല്‍ ഓക്‌സിജന്‍ നല്‍കിയപ്പോള്‍ 12 സംസ്ഥാനങ്ങളില്‍ ക്ഷാമം നേരിട്ടതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ചില ആശുപത്രികളിലെ ഓക്‌സിജന്‍ ഉപയോഗം റിപോര്‍ട്ട് ചെയ്തതിലെ പിഴവാണ് ഇതിന് കാരണമെന്ന് സമിതി കണ്ടെത്തി. ആശുപത്രി റിപ്പോര്‍ട്ട് അനുസരിച്ച് ഡല്‍ഹി സര്‍ക്കാര്‍ ഓക്‌സിജന്‍ ഉപയോഗം 1140 മെട്രിക് ടണ്‍ ആണ് കണക്കാക്കിയിരുന്നത്. എന്നാല്‍ പിഴവ് പരിഹരിച്ചതോടെ അത് 209 മെട്രിക് ടണ്‍ ആയി താഴ്ന്നതായി കണ്ടെത്തി.

ഡല്‍ഹിയിലെ ആശുപത്രികളിലെ സ്ഥിതിഗതികള്‍ പരിഗണിച്ച് ഓക്‌സിജന്‍ വിതരണത്തെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയാറാക്കാനായാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചുഢും എം.ആര്‍ ഷായും 12 അംഗ ടാസ്‌ക് ഫോഴ്‌സിന് രൂപം നല്‍കിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.