മുംബൈ: ബോംബെ ഐ.ഐ.ടിയില്‍ ഒന്നാംവര്‍ഷ കെമിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി ഹോസ്റ്റലിന്റെ ഏഴാം നിലയില്‍ നിന്ന് ചാടി മരിച്ചത് ജാതി അധിക്ഷേപം മൂലമെന്ന് ബന്ധുക്കള്‍. സുഹൃത്തുക്കള്‍ക്കിടയില്‍ നിന്ന് താന്‍ ജാതിയധിക്ഷേപം നേരിടാറുണ്ടായിരുന്നുവെന്ന് അവന്‍ പറഞ്ഞതായി കുടുംബം പറയുന്നു.
‘ഇവിടെ ജാതി വിവേചനം നേരിടാറുണ്ടായിരുന്നുവെന്ന് കഴിഞ്ഞ മാസം അവന്‍ എന്നോടും അവന്റെ അച്ഛനമ്മമാരോടും പറഞ്ഞിരുന്നു. ഷെഡ്യൂള്‍ഡ് കാസ്റ്റില്‍ പെട്ടവനാണെന്ന് അറിഞ്ഞതോടെ അവന്റെ സുഹൃത്തുക്കള്‍ക്ക് അവനോടുള്ള സമീപനത്തില്‍ മാറ്റം വന്നു. അവനോട് സംസാരിക്കുന്നത് വരെ അവര്‍ നിര്‍ത്തി’ അത്മഹത്യ ചെയ്ത ദര്‍ശന്‍ സോളങ്കിയുടെ സഹോദരി പറയുന്നു. അവന്‍ വഷമത്തിലായിരുന്നു. അവനെ എല്ലാവരും ഉപദ്രവിച്ചു- മാതാവ് പറയുന്നു.
തനിക്ക് സൗജന്യ വിദ്യാഭ്യാസമാണെന്നത് പലരേയും അലോസരപ്പെടുത്തുന്നുണ്ടെന്ന് അവന്‍ പറഞ്ഞതായി ആന്റി പറയുന്നു. ഞങ്ങളൊക്കെ പണം നല്‍കി പഠിക്കുമ്പോള്‍ നിനക്ക് മാത്രമെന്താ ഒരു സൗജന്യം എന്ന് ചോദിച്ച് സുഹൃത്തുക്കള്‍ പരിഹസിക്കും. മരിക്കുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പ് അവന്‍ ഞങ്ങളെ വിളിച്ചു. സാധാരണ പോലെ തന്നെയാണ് സംസാരിച്ചത്. മൂത്ത സഹോദരന്റെ വിളിച്ച് പിറന്നാളാശംസ അറിയിച്ചു. അടുത്ത ദിവസം പുറത്തു പോകുന്നുണ്ടെന്ന് പറഞ്ഞു. പണമയച്ചപ്പോള്‍ പണം വേണ്ടെന്നും തന്റെ കയ്യിലുണ്ടെന്നും പറഞ്ഞു- പിതാവ് പറയുന്നു.
അഹമ്മദാബാദ് സ്വദേശിയായ, പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ദര്‍ശന്‍ സോളങ്കി (18) ഞായറാഴ്ച ഉച്ചയ്ക്കാണു മരിച്ചത്. ക്യാംപസിലെ ജാതി അധിക്ഷേപത്തില്‍ മനംനൊന്താണ് ജീവനൊടുക്കിയതെന്ന് സഹപാഠികള്‍ പറയുന്നു.
ആദ്യ സെമസ്റ്റര്‍ പരീക്ഷ അവസാനിച്ചതിനു പിന്നാലെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടുകയായിരുന്നു. മറ്റൊരു വിദ്യാര്‍ഥി തടയാന്‍ ശ്രമിച്ചെങ്കിലും പിന്തിരിപ്പിക്കാനായില്ലെന്ന് പൊലിസ് പറഞ്ഞു. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ദലിത്, ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ക്യാംപസില്‍ അപമാനം നേരിടുന്നുണ്ടെന്നും ഒന്നാംവര്‍ഷക്കാരാണ് ഏറ്റവും കൂടുതല്‍ അവഹേളനങ്ങള്‍ക്ക് ഇരയാകുന്നതെന്നും ചില വിദ്യാര്‍ഥികള്‍ ആരോപിച്ചു. ജാതി അധിക്ഷേപത്തെക്കുറിച്ച് പല തവണ അധികൃതരെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്നും പരാതിയുണ്ട്.
Comments are closed for this post.