2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

രാജ്യം വീണ്ടും കൊവിഡ് ജാഗ്രതയിലേക്ക്; മാസ്‌ക്ക് നിര്‍ബന്ധമാക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ മാസ്‌ക്ക് നിര്‍ബന്ധമാക്കാനൊരുങ്ങുന്നു. കേരളം ഉള്‍പെടെയുള്ള സംസ്ഥാനങ്ങളാണ് മാസ്‌ക്ക് വീണ്ടും നിര്‍ബന്ധമാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസ്ഥാനങ്ങള്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഏതു സാഹചര്യവും നേരിടാന്‍ സംസ്ഥാനങ്ങള്‍ സജ്ജമായിരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ഏപ്രില്‍ 10, 11 തീയതികളില്‍ ഒരുക്കങ്ങള്‍ വിലയിരുത്താനായി എല്ലാ ആശുപത്രികളിലും മോക് ഡ്രില്ലുകള്‍ സംഘടിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

 

മാസ്‌ക് നിര്‍ബന്ധമാക്കാനൊരുങ്ങുന്ന സംസ്ഥാനങ്ങള്‍
കേരളം
ഗര്‍ഭിണികളും പ്രായമായവരും രോഗികളും പുറത്തുപോകുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. കൊവിഡ് മരണം കൂടുതലും റിപ്പോര്‍ട്ട് ചെയ്യുന്നത് 60 വയസിന് മുകളിലുള്ളവരിലും പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരിലുമാണെന്നും മന്ത്രി വ്യക്തമായിരുന്നു. ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്താന്‍ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാര്യങ്ങള്‍ വിലയിരുത്താന്‍ സ്വകാര്യ ആശുപത്രികളില്‍ പ്രത്യേക യോഗങ്ങള്‍ ഉടന്‍ വിളിച്ചു ചേര്‍ക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

   

പുതുച്ചേരി
പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് പുതുച്ചേരി ഭരണകൂടം നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഉടന്‍ തന്നെ ഇക്കാര്യം നടപ്പിലാക്കും. ആശുപത്രി ജീവനക്കാര്‍, ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, മദ്യശാലകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, മറ്റു വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളിലെ ജീവനക്കാര്‍്കകും മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഉത്തര്‍പ്രദേശ്
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഹൈ പ്രയോറിറ്റി നിര്‍ദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിട്ടുള്ളത്. എല്ലാ വിമനത്താവളങ്ങളിലും അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് സ്‌ക്രീനിങ്ങ് ഉറപ്പു വരുത്താന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പോസിറ്റിവ് ആവുന്ന മുഴുവന്‍ സാമ്പിളുകളും ജിനോം സ്വീക്വന്‍സിങ്ങിന് അയക്കാനും നിര്‍ദ്ദേശമുണ്ട്.

ഡല്‍ഹി
കടുത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് ഇവിടേയും പുറപ്പെടുവിച്ചിട്ടുള്ളത്. പരിശോധനകള്‍ ഉയര്‍ത്താന്‍ ആശുപത്രികള്‍ക്കും ക്ലിനിക്കുകള്‍ക്കും ഡിസ്‌പെന്‍സറികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേ സമയം ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും സര്‍ക്കാര്‍ പറയുന്നു. കതരുതല്‍ വേണമെന്നും ആവശ്യമായ ബൂസ്റ്റര്‍ ഷോട്ടുകള്‍ എടുക്കണമെന്നും സര്‍ക്കാര്‍ ജനങ്ങളോട് ആവശ്യപ്പെടുന്നു.

ഹരിയാന
സാഹചര്യം മനസിലാക്കി പെരുമാറണമെന്ന് ഹരിയാന ആരോഗ്യവകുപ്പ് ജനങ്ങളോട് നിര്‍ദേശിച്ചു. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും മാസ്‌ക് നിര്‍ദേശം നടപ്പാക്കുന്നുണ്ടെന്ന് ജില്ലാ ഭരണകൂടങ്ങളും പഞ്ചായത്തുകളും ഉറപ്പാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

കേരളത്തില്‍ നല്‍കിയ നിര്‍ദേശങ്ങള്‍ വിശദമായി

പ്രായമുള്ളവരേയും കിടപ്പ് രോഗികളെയും കൊവിഡില്‍ നിന്നും സംരക്ഷിക്കുക പ്രധാനമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോവിഡ് മരണം കൂടുതലും റിപ്പോര്‍ട്ട് ചെയ്യുന്നത് 60 വയസിന് മുകളിലുള്ളവരിലും പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരിലുമാണ്. 60 വയസിന് മുകളിലുള്ളവരിലാണ് 85 ശതമാനം കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ബാക്കി 15 ശതമാനം ഗുരുതരമായ മറ്റു രോഗങ്ങളുള്ളവരാണ്. വീട്ടില്‍നിന്നു പുറത്തു പോകാത്ത 5 പേര്‍ക്ക് കോവിഡ് മരണം ഉണ്ടായിട്ടുണ്ട്. അതിനാല്‍ തന്നെ കിടപ്പുരോഗികള്‍, വീട്ടിലെ പ്രായമുള്ളവര്‍ എന്നിവരെ പ്രത്യേകമായി കരുതണം. അവര്‍ക്ക് കോവിഡ് ബാധിക്കുന്നില്ല എന്ന് ഉറപ്പാക്കണം. പുറത്ത് പോകുമ്പോള്‍ നിര്‍ബന്ധമായും വായും മൂക്കും മൂടത്തക്ക വിധം മാസ്‌ക് ധരിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

പ്രായമുള്ളവരും മറ്റസുഖമുള്ളവരും വീട്ടിലുണ്ടെങ്കില്‍ പുറത്തുപോയി വരുന്ന മറ്റുള്ളവരും വളരെയധികം ശ്രദ്ധിക്കണം. അവര്‍ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. പുറത്ത് പോകുമ്പോള്‍ അവരും മാസ്‌ക് കൃത്യമായി ധരിക്കണം. കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ച് കഴുകാതെ അവര്‍ ഇത്തരം വിഭാഗക്കാരുമായി അടുത്തിടപഴകരുത്. ആള്‍ക്കൂട്ടത്തില്‍ പോകുന്ന എല്ലാവരും മാസ്‌ക് ധരിക്കുന്നതാണ് നല്ലത്. ഇടയ്ക്കിടയ്ക്ക് കൈകള്‍ സാനിറ്റൈസറോ സോപ്പും വെള്ളവും ഉപയോഗിച്ചോ കൈകള്‍ ശുചിയാക്കേണ്ടതാണ്.

പ്രമേഹം, രക്താദിമര്‍ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരും, പ്രായമായവരും, ഗര്‍ഭിണികളും, കുട്ടികളും മാസ്‌ക് ധരിക്കേണ്ടതാണ്. ഇവര്‍ കൊവിഡ് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധന നടത്തണം. ആശുപത്രികളിലും മാസ്‌ക് നിര്‍ബന്ധമാണ്. മറ്റു സുരക്ഷാ മാര്‍ഗങ്ങളും സ്വീകരിക്കണം. എല്ലാ ജില്ലകളും കൃത്യമായി കൊവിഡ് അവലോകനങ്ങള്‍ തുടരണം. കൊവിഡ് രോഗികള്‍ കൂടുന്നത് മുന്നില്‍ കണ്ട് ആശുപത്രി സജ്ജീകരണങ്ങള്‍ സര്‍ജ് പ്ലാനനുസരിച്ച് വര്‍ധിപ്പിക്കണം. ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കണം.

സ്വകാര്യ ആശുപത്രികളുടെ പ്രത്യേകം യോഗം വിളിക്കും. കെയര്‍ ഹോമുകളിലുള്ളവര്‍, കിടപ്പ് രോഗികള്‍, ട്രൈബല്‍ മേഖലയിലുള്ളവര്‍ എന്നിവരെ പ്രത്യേകം നിരീക്ഷിക്കണം. കെയര്‍ ഹോമുകള്‍, വൃദ്ധ സദനങ്ങള്‍ തുടങ്ങിയ പ്രത്യേക പരിചരണം ആവശ്യമുള്ളയിടങ്ങളിലെ ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരക്കാരുമായി ഇടപെടുമ്പോള്‍ അവര്‍ എന്‍ 95 മാസ്‌ക് ധരിക്കണം. അവര്‍ക്ക് കൊവിഡ് വരുന്നില്ലെന്ന് ഉറപ്പ് വരുത്തണം. ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധനയും ചികിത്സയും ഉറപ്പ് വരുത്തേണ്ടതാണെന്നും മന്ത്രി അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.