2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘നിസ്‌ക്കാരം നിര്‍വ്വഹിച്ചാല്‍ സുന്ദരകാണ്ഡം ചൊല്ലും’ യു.പിയിലെ ലുലുമാളിനെതിരെ ഹിന്ദുമഹാസഭ; ബഹിഷ്‌ക്കരിക്കാനും ആഹ്വാനം

   

ലഖ്‌നൗ: ഞായറാഴ്ച യുപി തലസ്ഥാനത്ത് പ്രവര്‍ത്തനമാരംഭിച്ച ലുലു മാളിനെതിരെ അഖില്‍ ഭാരത് ഹിന്ദു മഹാസഭ. കെട്ടിടത്തില്‍ നിസ്‌കാരം നടന്നെന്നും മാള്‍ ബഹിഷ്‌കരിക്കണമെന്നും ഹിന്ദു മഹാസഭ ആവശ്യപ്പെട്ടു. മാള്‍ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതായും സംഘടന ആരോപിച്ചു. കഴിഞ്ഞ ദിവസം ലുലു മാളിലേത് എന്ന പേരില്‍ വിശ്വാസികള്‍ നമസ്‌കരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബഹിഷ്‌കരണാഹ്വാനം.

മാളില്‍ നിസ്‌കാരം തുടര്‍ന്നാല്‍ രാമായണത്തിലെ സുന്ദരകാണ്ഡം വായിക്കുമെന്ന് മഹാസഭ ദേശീയ വക്താവ് ശിശിര്‍ ചതുര്‍വേദി പ്രസ്താവനയില്‍ പറഞ്ഞു. മാളില്‍ ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കപ്പെടുന്നു എന്ന തരത്തിലുള്ള വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മാള്‍ നിര്‍മിക്കാന്‍ ഒരുപാട് കള്ളപ്പണം ഉപയോഗിച്ചിട്ടുണ്ട്. സനാതന ധര്‍മം ആചരിക്കുന്നവര്‍ മാള്‍ ബഹിഷ്‌കരിക്കണം പ്രസ്താവന ആവശ്യപ്പെട്ടു. ദൈനിക് ഭാസ്‌കര്‍, ആജ് തക് അടക്കമുള്ള ഹിന്ദി മാധ്യമങ്ങള്‍ ബഹിഷ്‌കരണാഹ്വാനം റിപ്പോര്‍ട്ടു ചെയ്തു. ലുലു മാള്‍ ലഖ്‌നൗ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രന്‍ഡിങ്ങാണ്. അതേസമയം, വീഡിയോയുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് മാള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.

പൊതുസ്ഥലത്ത് നമസ്‌കാരം നടത്തരുത് എന്ന നിയമമാണ് തെറ്റിച്ചത്. മാളിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട എഴുപത് ശതമാനം പുരുഷന്മാരും ഒരു സമുദായത്തില്‍നിന്നുള്ളവരാണ്. പെണ്‍കുട്ടികള്‍ മറ്റൊരു സമുദായത്തില്‍നിന്നുള്ളവരും. മതഭ്രാന്തുള്ള വ്യക്തിയുടേതാണ് മാള്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിഷയത്തില്‍ അടിയന്തരമായി ഇടപെടണം ചതുര്‍വേദി ആവശ്യപ്പെട്ടു.

ആര്‍എസ്എസ് മുഖവാരികയായ ഓര്‍ഗനൈര്‍ അടക്കമുള്ള തീവ്രവലതുപക്ഷ ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ നമസ്‌കാരത്തിന്റെ വീഡിയോ പങ്കുവച്ചു. ‘മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈയിടെ തുറന്നു കൊടുത്ത ലുലുമാളില്‍ മുസ്‌ലിംകള്‍ നമസ്‌കരിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍. മാളിലെ പുരുഷ ജീവനക്കാരെല്ലാം മുസ്‌ലിംകളും വനിതാ ജീവനക്കാരെല്ലാം ഹിന്ദുക്കളുമാണ് എന്നാണ് പറയപ്പെടുന്നത്’ എന്ന ശീര്‍ഷകത്തോടെയാണ് വീഡിയോ ഷെയര്‍ ചെയ്തിട്ടുള്ളത്.

രണ്ടായിരം കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിച്ച മാള്‍ തിങ്കളാഴ്ചയാണ് ആളുകള്‍ക്കായി തുറന്നു കൊടുത്തത്. 22 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ ലഖ്‌നൗ വിമാനത്താവളത്തിനടുത്ത് ശഹീദ് പഥിലാണ് രണ്ട് നിലകളിലായുള്ള മാള്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.