2023 March 25 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ബി.ജെ.പിക്കെതിരേ മതനിരപേക്ഷ ദേശീയപ്രാദേശിക പാര്‍ട്ടികളെ ഒരു കുടക്കീഴില്‍ അണിനിരത്താന്‍ കോണ്‍ഗ്രസ്; പ്ലീനറി സമ്മേളനം ഇന്ന് സമാപിക്കും

റായ്പൂര്‍: മൂന്ന് ദിവസം നീണ്ടുനിന്ന കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനത്തിന് ഇന്ന് സമാപനം. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സമാന ചിന്താഗതിക്കാരായ മതനിരപേക്ഷ ദേശീയപ്രാദേശിക പാര്‍ട്ടികളെ ബി.ജെ.പിക്കെതിരെ ഒരു കുടക്കീഴില്‍ അണിനിരത്താന്‍ മുന്നിട്ടിറങ്ങുമെന്ന പ്രഖ്യാപനവുമായാണ് കോണ്‍ഗ്രസിന്റെ 85ാം പ്ലീനറി സമ്മേളനത്തിന് തിരശ്ശീല വീഴുന്നത്. മൂന്നാം ചേരി ഉണ്ടായാല്‍ നേട്ടം ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എക്കായിരിക്കുമെന്ന് പ്ലീനറി സമ്മേളനം രാഷ്ട്രീയ പ്രമേയത്തില്‍ മുന്നറിയിപ്പ് നല്‍കി. മതനിരപേക്ഷസോഷ്യലിസ്റ്റ് ശക്തികളുടെ ഐക്യം കോണ്‍ഗ്രസിന്റെ ഭാവിയില്‍ മുഖമുദ്രയായിരിക്കും. രാവിലെ 10.30ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സമ്മേളനത്തെ അഭിസംബോധന ചെയ്യും. ബിജെപി സര്‍ക്കാരിനും മോദിക്കുമെതിരെ ശക്തമായ വിമര്‍ശനം രാഹുല്‍ ഉയര്‍ത്തും.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കേണ്ടത് കോണ്‍ഗ്രസിന് അനിവാര്യമാണ്. അതിനായി സര്‍വശക്തിയും സംഭരിച്ചുള്ള തിരിച്ചുവരവിനാണ് നീക്കം. പ്രതിപക്ഷ ഐക്യ ചര്‍ച്ചകള്‍ പ്ലീനറി സമ്മേളനത്തിലുടനീളം ഉണ്ടായി. ഒറ്റയ്ക്ക് നേരിടുന്നതിലും ഉചിതം സമാനമനസ്‌കരെ കൂടെ നിര്‍ത്തി പോരാടുന്നതാണെന്ന് നേതാക്കള്‍ക്ക് കൃത്യമായ ധാരണയുണ്ട്. പ്ലീനറി തീരുമാനങ്ങള്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്ന് നേതാക്കാള്‍ കണക്കുകൂട്ടുന്നു.

2024ലേക്ക് കോണ്‍ഗ്രസ് ദര്‍ശനരേഖ തയാറാക്കും. പാര്‍ട്ടി നേതൃത്വത്തിലേക്ക് കൂടുതല്‍ യുവാക്കളെ കൊണ്ടുവരും. സര്‍ക്കാറിന്റെ പാളിച്ചകള്‍ തുറന്നുകാട്ടുന്ന വിപുല ജനസമ്പര്‍ക്ക പരിപാടി നടത്തും. ഉദയ്പുര്‍ നവസങ്കല്‍പ ശിബിര തീരുമാനങ്ങള്‍ വേഗം മുന്നോട്ടുനീക്കും. സംഘടനയുമായി ബന്ധപ്പെട്ട് എ.ഐ.സി.സി പാസാക്കിയ പ്രമേയങ്ങള്‍ പൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കും.

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ജനകീയ പ്രക്ഷോഭം ലക്ഷ്യം വെച്ചാണ് കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനം. ജനവിരുദ്ധ നയങ്ങള്‍ ചൂണ്ടിക്കാട്ടിയാകും പ്രതിഷേധം. രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ മുഖമായി ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമങ്ങളും സജീവമാണ്.

കോണ്‍ഗ്രസിന്റെ നേതൃത്വം അംഗീകരിക്കാന്‍ തയാറാകാതെ തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, ഭാരത് രാഷ്ട്രസമിതി തുടങ്ങിയവ ബദല്‍ നീക്കങ്ങള്‍ നടത്തുന്നതിനിടയിലാണ് മൂന്നാം മുന്നണി ബി.ജെ.പിക്കാണ് നേട്ടമുണ്ടാക്കുകയെന്ന കോണ്‍ഗ്രസ് പ്രമേയം. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാനുള്ള താല്‍പര്യവുമായി ജനതദള്‍യു നേതാവ് നിതീഷ് കുമാറും കളത്തിലിറങ്ങിയിട്ടുണ്ട്.

ലോക്‌സഭ തെരഞ്ഞെടുപ്പിന് സമാന ചിന്താഗതിക്കാരുടെ ഐക്യത്തിന് പാര്‍ട്ടി ശ്രമിക്കുമെന്ന് പ്ലീനറിയെ അഭിസംബോധന ചെയ്ത പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞിരുന്നു. നിലവിലെ വിഷമഘട്ടത്തില്‍ നിശ്ചയദാര്‍ഢ്യവും ശേഷിയുമുള്ള നേതൃത്വം രാജ്യത്തിന് നല്‍കാന്‍ കോണ്‍ഗ്രസിനേ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു. കാര്‍ഷികം, സാമൂഹ്യ നീതി, യുവജന വിദ്യാഭ്യാസ പ്രമേയങ്ങള്‍ ഇന്ന് അവതരിപ്പിക്കും. വിശദമായ ചര്‍ച്ചകള്‍ നടക്കും. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാടുകള്‍, തൊഴിലില്ലായ്മ, അസമത്വം തുടങ്ങിയ വിഷയങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിക്കും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഈ വിഷയങ്ങള്‍ പാര്‍ട്ടിക്ക് എങ്ങനെ അനുകൂലമാക്കാം എന്നുള്ള ചര്‍ച്ച പ്രധാനമാണ്. മുന്നോട്ടുള്ള പ്രതിഷേധങ്ങളും ചര്‍ച്ചയാകും.

15000 ഓളം പ്രതിനിധികളാണ് ഛത്തീസ്ഗഡിലെ റായ്പൂരില്‍ നടന്ന കോണ്‍ഗ്രസിന്റെ 85മത് പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ നേതൃത്വത്തില്‍ നടക്കുന്ന ആദ്യ സമ്മേളനമാണ് ഇത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.