2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കറുപ്പണിഞ്ഞ് സര്‍പ്രൈസ് എന്‍ട്രിയുമായി തൃണമൂല്‍ കോണ്‍ഗ്രസ്; സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്; രാഹുല്‍ ഗാന്ധിക്കായി ഒറ്റക്കെട്ടായി പ്രതിപക്ഷ പ്രതിഷേധം

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ പാര്‍ലമെന്റിനകത്തും പുറത്തും പുറത്തും ശക്തമായ പ്രതിഷേധം. പ്രതിപക്ഷ എംപിമാര്‍ കറുത്ത വസത്രങ്ങളും കറുത്ത മാസ്‌കും ധരിച്ചാണ് പാര്‍ലമെന്റിലെത്തിയത്. രാഹുലിനെ അയോഗ്യനാക്കിയ ലോക്‌സഭ സെക്രട്ടറിയേറ്റിന്റെ ഉത്തരവ് പ്രതിപക്ഷം കീറിയെറിഞ്ഞു. സ്പീക്കറുടെ ഡയസിന് മുന്നിലേക്കാണ് ഉത്തരവ് വലിച്ചെറിഞ്ഞത്. ഇതോടെ ലോക് സഭ നാല് മണി വരെയും രാജ്യസഭ 2 മണി വരെയും നിര്‍ത്തിവച്ചു.

അതിനിടക്ക് കറുപ്പണിഞ്ഞുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാരുടെ ‘സര്‍പ്രൈസ് എന്‍ട്രി’ യാണ് ശ്രദ്ധേയമായത്. ഇന്ന് രാവിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗത്തിലും തൃണമൂല്‍ പ്രതിനിധികള്‍ പങ്കെടുത്തു. അതേസമയം, രാഹുല്‍ ഗാന്ധിയുടെ വിഷയത്തില്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കേണ്ടത് ആവശ്യമാണെന്നും അതിനാല്‍ മാത്രമാണ് തങ്ങള്‍ പിന്തുണയുമായെത്തിയതെന്നും തൃണമൂല്‍ പ്രതിനിധികള്‍ വ്യക്തമാക്കി. ജനാധിപത്യത്തിന്റെ സംരക്ഷണത്തിനായി മുന്നോട്ടു വരുന്ന ആരേയും തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു.

 

പിന്തുണക്കുന്ന എല്ലാവര്‍ക്കും ഞങ്ങള്‍ നന്ദി അറിയിക്കുന്നു. ജനാധിപത്യത്തേയും ഭരണഘടനയേയും ജനങ്ങളുടെ സുരക്ഷയേയും സംരക്ഷിക്കാന്‍ മുന്നോട്ടുവരുന്നവരെയെല്ലാം ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഞങ്ങളെ പിന്തുണക്കുന്ന ഓരോരുത്തര്‍ക്കും ഞങ്ങള്‍ നന്ദി അറിയിക്കുന്നു- ഖാര്‍ഗെ പറഞ്ഞു. കോണ്‍ഗ്രസിന്റെ ബദ്ധശത്രുവായ ബി.ആ.എസും കറുപ്പ് പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. പാര്‍ലമെന്റിന് മുന്നില്‍ നിന്നും വിജയ് ചൗക്കിലേക്ക് പ്രതിപക്ഷം പ്രതിഷേധ മാര്‍ച്ച് നടത്തും. രാവിലെ ചേര്‍ന്ന സംയുക്ത പ്രതിപക്ഷ യോഗത്തിലാണ് ഇത് സംബന്ധിച്ച ധാരണയായത്.

ജനപ്രതിനിധികളെ ശിക്ഷിച്ചാലുടന്‍ സഭയിലെ അംഗത്വം റദ്ദാക്കാന്‍ പാടില്ലെന്നു ആവശ്യപ്പെട്ട ഹരജി ഇന്ന് സുപ്രിം കോടതിയില്‍ പരാമര്‍ശിക്കും. രണ്ട് വര്‍ഷമോ അതിലധികമോ ജയില്‍ ശിക്ഷ ലഭിക്കുന്ന കുറ്റത്തിന് അപ്പീല്‍ നല്‍കാനുള്ള സാവകാശം ജനപ്രതിനിധിക്ക് നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. അപകീര്‍ത്തി കേസില്‍ ശിക്ഷിച്ചതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ ലോക് സഭാ അംഗത്വം റദ്ദാക്കിയ സാഹചര്യവും വ്യക്തമാക്കുന്നുണ്ട് . മലപ്പുറം സ്വദേശിയും ഡല്‍ഹിയില്‍ ഗവേഷകയുമായ ആഭാ മുരളീധരനാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. ഇതേ ആവശ്യം ഉന്നയിച്ചു കോണ്‍ഗ്രസ് നേതാവ് അനില്‍ ബോസും ഹരജി സമര്‍പ്പിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.