2023 June 05 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ശബരീനാഥന്റെ അറസ്റ്റില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി

തിരുവനന്തപുരം: ശബരീനാഥിന്റെ അറസ്റ്റ് സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. കോടതിയെ തെറ്റിദ്ധരിപ്പിച്ച് അറസ്റ്റ് ചെയ്‌തെന്ന് കാട്ടി ഷാഫി പറമ്പില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി. പ്രമേയാവതരണത്തിന് അനുമതി നിഷേധിച്ചതിനാല്‍ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.

കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം ചട്ടപ്രകാരം സഭയില്‍ ചര്‍ച്ചക്കെടുക്കാനാവില്ലെന്നും നോട്ടിസ് പരിഗണിക്കാന്‍ കഴിയില്ലെന്നും നിയമമമന്ത്രി പി രാജീവ് ക്രമപ്രശ്‌നമായി ഉന്നയിച്ചു. എന്നാല്‍, സോളാര്‍ കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ ഏഴ് പ്രാവശ്യം ചര്‍ച്ചക്കെടുത്തെന്നും ബാര്‍കോഴ കേസ് നാല് തവണ ചര്‍ച്ചചെയ്‌തെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി.

സൗകര്യത്തിന് വേണ്ടി റൂള്‍ ഉദ്ധരിക്കുന്നത് ശരിയല്ല, ഗൗരവതരമായ കാര്യങ്ങള്‍ ഉന്നയിക്കാനുള്ള അവസരം നല്‍കുന്നതാണ് സഭയുടെ കീഴ്‌വഴക്കം. നോട്ടിസ് അവതരിപ്പിക്കുക എന്നത് പ്രതിപക്ഷത്തിന്റെ അവകാശമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മുഖ്യമന്ത്രി ഭീരുവാണെന്നും ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്നും സതീശന്‍ വിമര്‍ശിച്ചു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നല്‍കാനാകില്ലെന്നും വിഷയം സബ്മിഷനായി ഉന്നയിക്കാമെന്നും ചെയര്‍ അറിയിച്ചെങ്കിലും ചെയറിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോവുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.