2023 December 02 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

600 മദ്രസകള്‍ പൂട്ടി, ബാക്കിയുള്ളവ ഉടന്‍ അടച്ചു പൂട്ടും; ഇവിടെ മദ്രസകള്‍ ആവശ്യമില്ലെന്നും അസം മുഖ്യമന്ത്രി

   

ഗുവാഹതി: സംസ്ഥാനത്തെ മദ്രസകളെല്ലാം ഉടന്‍ അടച്ചുപൂട്ടുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. 600 മദ്രസകള്‍ പൂട്ടിയെന്നും ബാക്കിയുള്ളവ ഉടന്‍ പൂട്ടുമെന്നും ഹിമന്ത പറഞ്ഞു. മദ്രസകള്‍ ആവശ്യമില്ലെന്നാണ് അസം മുഖ്യമന്ത്രിയുടെ വിശദീകരണം. കര്‍ണാടകയിലെ ശിവ് ചരിത് റാലിയില്‍ സംസാരിക്കുകയായിരുന്നു ഹിമന്ത് ശര്‍മ. പകരം സ്‌കൂളുകളും കോളജുകളും സര്‍വ്വകലാശാലകളും പണിയുമെന്നും ഹിമന്ത് കൂട്ടിച്ചേര്‍ത്തു.

‘ബംഗ്ലാദേശില്‍ നിന്നും ആളുകള്‍ അസമിലേക്ക് വരികയും ഞങ്ങളുടെ സംസ്‌ക്കാരത്തിന് ഭീഷണിയാവുകയും ചെയ്യുന്നു. ഞാന്‍ 600 മദ്രസകള്‍ അടച്ചുപൂട്ടി. സംസ്ഥാനത്തെ എല്ലാ മദ്രസകളും പൂട്ടാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. കാരണം നമുക്ക് മദ്രസകള്‍ ആവശ്യമില്ല. സ്‌കൂളുകളും കോളജുകളും സര്‍വ്വകലാശാലകളുമാണ് ആവശ്യം’ ഹിമന്ത് പറഞ്ഞു.നിലവില്‍ രജിസ്റ്റര്‍ ചെയ്തതും അല്ലാത്തതുമായ 3000 മദ്രസകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് അസമില്‍. ആധുനിക ഇന്ത്യക്ക് മദ്രസകള്‍ വേണ്ടെന്നും ഹിമന്ത ശര്‍മ കൂട്ടിച്ചേര്‍ത്തു. കര്‍ണാടക തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബി.ജെ.പി ദേശീയ നേതാക്കളുടെ പര്യടനത്തിന്റെ ഭാഗമായാണ് ഹിമന്ത ബിശ്വ ശര്‍മ എത്തിയത്.

 

പ്രസംഗത്തിലുടനീളം കോണ്‍ഗ്രസിനെ രൂക്ഷമായ ഭാഷയിലാണ് ഹിമന്ത വിമര്‍ശിച്ചത്. ആധുനിക കാലത്തെ മുഗളന്മാരാണ് കോണ്‍ഗ്രസെന്ന് പറഞ്ഞ മുഖ്യമന്ത്രി രാജ്യത്തിന്റെ പുരോഗതി നശിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി.

‘ഒരു കാലത്ത് ദല്‍ഹി ഭരിച്ചിരുന്നവര്‍ നാട്ടിലെ അമ്പലങ്ങളും പുണ്യസ്ഥലങ്ങളും തകര്‍ക്കാനാണ് ശ്രമിച്ചിരുന്നത്. എന്നാലിന്ന് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യത്തുടനീളം അമ്പലങ്ങള്‍ പണിയുകയും അവ സംരക്ഷിക്കുകയും ചെയ്യുന്നു. ഇതാണ് പുതിയ ഇന്ത്യ, നമ്മെ അടക്കി ഭരിച്ച ബ്രിട്ടനേക്കാള്‍ ശക്തമായ രാജ്യമായി നമ്മളിന്ന് മാറി. എന്നാല്‍ പുതിയ കാലത്തെ മുഗളന്മാരായ കോണ്‍ഗ്രസ് നമ്മുടെ രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നു.

സനാതന ധര്‍മ്മത്തെ അടിച്ചമര്‍ത്തി ലക്ഷക്കണക്കിന് ഹിന്ദുക്കളെ മതം മാറ്റിയ ഔറംഗസേബിന്റെയും പിന്‍മുറക്കാരുടെയും ചരിത്രമാണ് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും ഇന്ത്യയുടെ ചരിത്രമെന്ന പേരില്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഇതിന് പകരം ഛത്രപതി ശിവജിയുടെയും ഗുരുഗോബിന്ദ് സിങ്ങിന്റെയും ചരിത്രമാണ് നമ്മള്‍ വരാനിരിക്കുന്ന തലമുറക്ക് പഠിപ്പിച്ച് കൊടുക്കേണ്ടത്,’ ശര്‍മ്മ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.