2023 January 28 Saturday
ശരീരത്തിനു വ്യായാമം പോലെതന്നെയാകുന്നു മനസ്സിന് വായന. -റിച്ചാർഡ് സ്റ്റീൽ

പ്രതിഷേധങ്ങള്‍ ഫലം കണ്ടു; ചന്ദ്രശേഖര്‍ ആസാദിനെ ആശുപത്രിയിലേക്ക് മാറ്റി

ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്

ന്യൂഡല്‍ഹി: രാജ്യം മുഴുവന്‍ ഏറ്റുപിടിച്ച് സമ്മര്‍ദ്ദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ ആശുപത്രിയിലേക്കു മാറ്റി. ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. അദ്ദഹത്തിന്റെ ഡോക്ടര്‍ ഡോ. ഹര്‍ജിത് സിങ് ഭാട്ടി ആണ് ഇക്കാര്യം അറിയിച്ചത്. ആസാദിന്റെ രോഗ പരിശോധനാ ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹത്തെ എയിംസിലേക്ക് മാറ്റാനുള്ള സമ്മര്‍ദ്ദം തുടരുമെന്നും ഭാട്ടി ട്വീറ്റ് ചെയ്തു.

ആസാദിന്റെ ആരോഗ്യനില മോശമാണെന്നും ഏതുനിമിഷവും ഹൃദയാഘാതം വരെയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഡോ. ഭാട്ടി കഴിഞ്ഞദിവസം ട്വിറ്റര്‍ വഴി അറിയിച്ചിരുന്നു. ചികിത്സയ്ക്കായി ആസാദിനെ എയിംസില്‍ അഡ്മിറ്റ് ചെയ്യണമെന്ന് ഡല്‍ഹി പൊലിസിനോടും ആഭ്യന്തരമന്ത്രി അമിത്ഷായോടും ആവശ്യപ്പെട്ടിട്ടും അതിന് തയാറായില്ലെന്നും ഭാട്ടി ട്വിറ്ററില്‍ കുറിച്ചു. ഇതോടെ ആസാദിന്റെ ചികിത്സക്കായി രാജ്യമെങ്ങും മുറവിളി ഉയര്‍ന്നു.

രക്തസംബന്ധമായ രോഗമുള്ള ആസാദിന്റെ രക്തം രണ്ടാഴ്ചയിലൊരിക്കല്‍ മാറ്റേണ്ടതുണ്ട്. എയിംസിലെ രക്തപ്രതിപാദനശാഖാ വിഭാഗത്തില്‍ ഒരു വര്‍ഷമായി ഇതിനുള്ള ചികിത്സയിലാണ് ആസാദ്. അതു ചെയ്തില്ലെങ്കില്‍ രക്തം കട്ടിയാകുകയും അതുമൂലം ഹൃദയാഘാതമോ സ്‌ട്രോക്കോ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. തന്റെ രോഗാവസ്ഥയെക്കുറിച്ച് പൊലിസിനോട് ആസാദ് പലതവണ പറഞ്ഞതാണെന്നും എന്നാല്‍ പൊലിസ് ചെവികൊണ്ടില്ലെന്നും ഡോക്ടര്‍ പറയുന്നു. അദ്ദേഹത്തിന് ചികിത്സ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഡോ. ഹര്‍ജിത് സിങ് ഭാട്ടി ട്വിറ്ററില്‍ കുറിച്ചിരുന്നു.

ഡല്‍ഹി ജുമാമസ്ജിദില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിന് നേതൃത്വം നല്‍കിയതിന് ഡിസംബര്‍ 21നാണ് ആസാദിനെ പൊലിസ് അറസ്റ്റ് ചെയ്തത്. ദരിയാഗഞ്ചില്‍ അക്രമമുണ്ടാക്കിയെന്ന കള്ളക്കേസ് ചുമത്തിയായിരുന്നു അറസ്റ്റ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.