2023 January 28 Saturday
ശരീരത്തിനു വ്യായാമം പോലെതന്നെയാകുന്നു മനസ്സിന് വായന. -റിച്ചാർഡ് സ്റ്റീൽ

‘ജയിലിലെങ്കിലും ആശയലോകത്ത് സ്വതന്ത്രന്‍, തടവറ വിപ്ലവകാരിക്ക് ആഭരണം, എന്നും കൂടെ നില്‍ക്കും’- ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്ക് ചന്ദ്രശേഖറിന്റെ കത്ത്

ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ എ.ബി.വി.പി പ്രവര്‍ത്തകരുടെ ഗുണ്ടാ ആക്രമണത്തിന് ഇരയായ വിദ്യാര്‍ഥികള്‍ക്ക് ധൈര്യം പകര്‍ന്ന് ചന്ദ്രശേഖര്‍ ആസാദിന്റെ എഴുത്ത്. ആക്രമണത്തില്‍ താന്‍ ഏറെ ദുഃഖിതനാണെന്ന് പറയുന്ന ഭീം ആര്‍മി നേതാവ് പരിക്കേറ്റവരെ സഹായിക്കാനും ശുശ്രൂഷിക്കാനും തന്റെ മുഴുവന്‍ സുഹൃത്തുക്കളും ഉണ്ടാവണമെന്നും അപേക്ഷിക്കുന്നു.

താന്‍ ജയിലില്‍ കിടക്കുകയാണെങ്കിലും ആശയലോകത്ത് താന്‍ സ്വതന്ത്രനാണെന്നും തടവറ വിപ്ലവകാരിക്ക് ഒരു ആഭരണമാണെന്നും ചന്ദ്രശേഖര്‍ ആസാദ് കൂട്ടിചേര്‍ത്തു. തങ്ങള്‍ പ്രക്ഷോഭകാരികളുടെ കൂടെയുണ്ടെന്ന് അദ്ദേഹം ഉറപ്പു നല്‍കുന്നു. ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിക്കാന്‍ അവസാനം വരെ പോരാടുമെന്ന് ആസാദ് ആവര്‍ത്തിക്കുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തെ തുടര്‍ന്നാണ് ആസാദ് അറസ്റ്റിലാവുന്നത്. ഡിസംബര്‍ 21ന് കസ്റ്റഡിയിലെടുത്ത ആസാദിന് കോടതി ജാമ്യം നിഷേധിക്കുകയും 14 ദിവസത്തെ റിമാന്‍ഡില്‍ വിടുകയുമായിരുന്നു. തീഹാര്‍ ജയിലായിരുന്ന അദ്ദേഹത്തെ സന്ദര്‍ശിച്ച പലരും ആസാദിന്റെ ആരോഗ്യസ്ഥിതിയില്‍ കനത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഒടുവില്‍ ദിവസങ്ങള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ചന്ദ്രശേഖര്‍ ആസാദിനെ കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റി. ഡല്‍ഹിയിലെ ദീന്‍ ദയാല്‍ ഉപധ്യായ് ആശുപത്രിയിലേക്കാണ് ആസാദിനെ എത്തിച്ചിരിക്കുന്നത്. എന്നാല്‍ അദ്ദേഹത്തെ എയിംസിലേക്ക് തന്നെ മാറ്റണമെന്നാണ് അദ്ദേഹത്തിന്റെ ഡോക്ടര്‍ ആവശ്യപ്പെടുന്നത്.

കത്തിന്റെ പൂര്‍ണ്ണരൂപം

ജനുവരി 5 ന് വൈകുന്നേരം എ.ബി.പി.വി (ആര്‍.എസ്.എസ്) യുടെ മുഖംമൂടി ധരിച്ച ഗുണ്ടകള്‍ ജെ.എന്‍.യു വില്‍ പഠിക്കുന്ന സഹോദരന്മാരെയും സഹോദരിമാരെയും അദ്ധ്യാപകരെയും മനുഷ്യത്വരഹിതമായി അക്രമിക്കുകയുണ്ടായി. ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ അദ്ധ്യക്ഷയും ആക്രമിക്കപ്പെട്ടു. ഞാന്‍ ഈ വിഷയത്തില്‍ വളരെയേറെ ദുഖിതനാണ്. പരിക്കേറ്റവരെ സഹായിക്കാനും ശുശ്രൂഷിക്കാനും എന്റെ മുഴുവന്‍ സുഹൃത്തുക്കളും ഉണ്ടാവണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. വിദ്യാര്‍ത്ഥികളും അധ്യാപകരും എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നാശംസിക്കുന്നു. ഈ അക്രമങ്ങള്‍ നടക്കുമ്പോള്‍ മൂകസാക്ഷികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ബോധവത്ക്കരണം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ ധരിച്ചിരിക്കുന്ന യൂണിഫോം പാവപ്പെട്ടവരെ സഹായിക്കാനും അവര്‍ക്ക് നീതി ലഭിക്കാനും വേണ്ടി രൂപപ്പെടുത്തിയ ഒന്നാണ്. ദല്‍ഹി പോലീസ് ഇന്ത്യന്‍ ഭരണഘടനയെ ബഹുമാനിക്കുന്നുണ്ടെങ്കില്‍ ഈ മുഖംമൂടി അക്രമം നടത്തിയ മുഴുവന്‍ ഭീരുക്കളെയും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത് ജയിലിലാക്കേണ്ടതുണ്ട്. കൂടാതെ ജെ.എന്‍.യു വില്‍ സുരക്ഷിതമായ ഒരന്തരീക്ഷം സൃഷ്ടിക്കാനും നിങ്ങള്‍ക്ക് ബാധ്യതയുണ്ട്.

ജെ.എന്‍.യു, ജാമിയ, ഡി.യു, എ.എം.യു, ഷഹീന്‍ ബാഗ് തുടങ്ങിയ ഇടങ്ങളില്‍ നടക്കുന്ന പോരാട്ടങ്ങളെ ഞാന്‍ ഊഷ്മളമായി അഭിവാദ്യം ചെയ്യുന്നു. ജയ് ഭീം, നീല്‍ സലാം. നിങ്ങള്‍ ഈ സമരങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമായി മുന്നോട്ട് കൊണ്ടുപോകണം.

ഇത് ഇന്ത്യയാണ്. ഇന്ത്യയിലെ ഭരണഘടന അനുസരിച്ച് മാത്രമേ ഈ രാജ്യം മുന്നോട്ട് പോവുകയുള്ളൂ. ഞാന്‍ ജയിലില്‍ കിടക്കുകയാണെങ്കിലും എന്റെ ആശയലോകത്ത് ഞാന്‍ സ്വതന്ത്രനാണ്. തടവറ വിപ്ലവകാരിക്ക് ഒരു ആഭരണമാണ്. ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിക്കാന്‍ അവസാനം വരെ പോരാടാന്‍ ഞാന്‍ സന്നദ്ധനാണ്. ഞങ്ങള്‍ നിങ്ങള്‍ പ്രക്ഷോഭകാരികളുടെ കൂടെത്തന്നെയുണ്ട്. നിങ്ങളുടെ പ്രിയ സഹോദരന്‍, സുഹൃത്ത്

ചന്ദ്രശേഖര്‍ ആസാദ്
ഭീം ആര്‍മി ചീഫ്
06 ജനുവരി 2020


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.