2021 October 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിം കോടതി; കേന്ദ്രത്തിന്റെ വാദം തള്ളി

നഷ്ടപരിഹാരത്തുക എത്രയെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് തീരുമാനിക്കാം

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിം കോടതി. നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് തള്ളിയാണ് സുപ്രിംകോടതിയുടെ ഉത്തരവ്.

നഷ്ടപരിഹാരം നല്‍കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ മാര്‍ഗരേഖ തയ്യാറാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റ് വിതരണത്തിലെ നടപടികള്‍ ലഘൂകരിക്കണം. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ആറാഴ്ചക്കകം മാര്‍ഗരേഖ തയ്യാറാക്കാന്‍ കേന്ദ്രത്തിന് കോടതി നിര്‍ദ്ദേശം നല്‍കി.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പണമായി സഹായം നല്‍കാന്‍ ആവില്ലെന്ന കേന്ദ്രത്തിന്റെ നിലപാടിനെതിരെ രൂക്ഷമായ വിമര്‍ശനവും കോടതി ഉന്നയിച്ചു. ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടെന്നും കോടതി പറഞ്ഞു.

നഷ്ടപരിഹാരം നല്‍കാന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് നിയമപരമായ ബാധ്യതയുണ്ട്. നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ നിയമപരമായ ഉത്തരവാദിത്വത്തിലെ വീഴ്ചയാണ്. ദേശീയ ദുരന്ത നിവാരണ നിയമത്തിലെ 12ാം വകുപ്പ് പ്രകാരം കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് ധനസഹായത്തിന് അര്‍ഹതയുണ്ടെന്നും സുപ്രിം കോടതി നിരീക്ഷിച്ചു.

മരണ സര്‍ട്ടിഫിക്കറ്റിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ലളിതമാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

നാല് ലക്ഷത്തിനടുത്ത് ആളുകള്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. ഇത്രയും ആളുകള്‍ക്ക് ധനസഹായം നല്‍കാനുള്ള സാമ്പത്തികസ്ഥിതി രാജ്യത്തിനില്ല എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. പ്രകൃതി ദുരന്തമായി കൊവിഡിനെ കാണാന്‍ കഴിയില്ലെന്നും കേന്ദ്രം വാദിച്ചു. എന്നാല്‍ കേന്ദ്രത്തിന്റെ വാദം കോടതി പരിഗണിച്ചില്ല. നാല് ലക്ഷം രൂപ വീതം ധനസഹായം നല്‍കണം എന്നാണ് ഹരജിക്കാര്‍ ആവശ്യപ്പെട്ടത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.