2023 December 07 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സി.ബി.എസ്.ഇ പരീക്ഷയിലെ ചോദ്യപേപ്പര്‍ സ്ത്രീ വിരുദ്ധം; മോദി മാപ്പു പറയണമെന്ന് സോണിയ, പ്രതിപക്ഷം സഭവിട്ടിറങ്ങി

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പരീക്ഷയിലെ ചോദ്യപേപ്പര്‍ തികച്ചും സ്ത്രീവിരുദ്ധമെന്ന് ആക്ഷേപിച്ച് പ്രതിപക്ഷം സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ സഭ വിട്ടിറങ്ങി.

ഡി.എം.കെ, മുസ്‌ലിം ലീഗ്, എന്‍.സി.പി എന്നീ പാര്‍ട്ടികളാണ് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ സഭ വിട്ടിറങ്ങിയത്. സീറോ അവറിലാണ് സോണിയ ഗാന്ധി വിഷയം ഉന്നയിച്ചത്. ചോദ്യപേപ്പര്‍ തികച്ചും സ്ത്രീവിരുദ്ധമാണെന്നും വിഷയത്തില്‍ മോദി സര്‍ക്കാര്‍ മാപ്പ് പറയണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു.

സി.ബി.എസ്.ഇ പത്താം ക്ലാസ് ചോദ്യപേപ്പറിലെ ചോദ്യത്തിലാണ് വിവാദമായ പരാമര്‍ശങ്ങള്‍ ഉള്ളത്. സ്ത്രീ സ്വാതന്ത്ര്യവും സ്ത്രീ പുരുഷ സമത്വവും കുടുംബങ്ങളില്‍ കുട്ടികളുടെ അച്ചടക്കം ഇല്ലാതാക്കിയെന്ന പത്താം ക്ലാസ് ആദ്യ ടേം ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപ്പറാണ് വിവാദമായത്. വിവാദമായ ചോദ്യം ഉടന്‍ തന്നെ പിന്‍വലിക്കണമെന്നും ഇത്തരമൊരു ചോദ്യം ചോദ്യപേപ്പറില്‍ ഉള്‍പ്പെട്ടു എന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നും അവര്‍ പറഞ്ഞു.

   

സ്ത്രീ പുരുഷ തുല്യത കുടുംബങ്ങളില്‍ കുട്ടികളുടെ അച്ചടക്കം ഇല്ലാതാക്കി എന്നാണ് ചോദ്യത്തിലെ പരാമര്‍ശം. സ്ത്രീ പുരുഷ തുല്യത ഇല്ലാതിരുന്ന കാലത്ത് കുടുംബത്തിലെ കുട്ടികള്‍ക്ക് അച്ചടക്കം ഉണ്ടായിരുന്നു. സ്ത്രീക്ക് അവളുടെ സ്ഥാനം കണ്ടെത്താന്‍ സാധിച്ചിരുന്നു. എന്നാല്‍ സ്ത്രീ പുരുഷ തുല്യത വന്നതോടെ കുടുംബത്തിലെ ഒരിക്കലും തെറ്റുപറ്റാത്ത അധികാരി എന്ന സ്ഥാനം പുരുഷന് ത്യജിക്കേണ്ടി വന്നു എന്നാണ് ചോദ്യപേപ്പറിലെ നിരീക്ഷണം. രക്ഷിതാക്കള്‍ക്ക് കൗമാരക്കാരില്‍ ആധിപത്യം ഇല്ലാത്തതിന് കാരണമായി ചോദ്യപേപ്പര്‍ ചൂണ്ടിക്കാട്ടുന്നത് സ്ത്രീ പുരുഷ തുല്യതയാണ്. തുല്യത നടപ്പാക്കി തുടങ്ങിയതോടെ എല്ലാം വഴി തെറ്റിയെന്നും ചോദ്യ പേപ്പറിലുണ്ട്.

ചോദ്യം വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. നിലവാരം കുറഞ്ഞതും വെറുപ്പുണ്ടാക്കുന്നതുമായ നടപടിയെന്നാണ് രാഹുല്‍ ഗാന്ധി ഇതിനെ വിശേഷിപ്പിച്ചത്. യുവജനങ്ങളുടെ ഭാവി തകര്‍ക്കുന്നതിനുവേണ്ടിയുള്ള ആര്‍.എസ്.എസ്ബി.ജെ.പി പദ്ധതിയാണിതെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

‘സ്ത്രീകളെക്കുറിച്ചുള്ള ഈ പിന്തിരിപ്പന്‍ വീക്ഷണങ്ങളെ ബി.ജെ.പി സര്‍ക്കാര്‍ അംഗീകരിക്കുന്നു. മറ്റെന്താണ് അവര്‍ സിബിഎസ്ഇ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്’കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞു.

സംഭവം വിവാദമായതോടെ സി.ബി.എസ്.ഇയും മറുപടിയുമായി രംഗത്തെത്തിയിട്ടുണ്ട്. ‘സി.ബി.എസ്.ഇ പത്താം ക്ലാസ് ഒന്നാം ടേം പരീക്ഷയുടെ ഇംഗ്ലീഷ് പേപ്പറിന്റെ ഒരു സെറ്റിലെ ചോദ്യത്തിന് കുറച്ച് രക്ഷിതാക്കളില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും സമ്മിശ്ര പ്രതികരണങ്ങള്‍ ലഭിച്ചു. ചോദ്യം കുടുംബത്തെക്കുറിച്ചുള്ള പിന്തിരിപ്പന്‍ സങ്കല്‍പ്പങ്ങളെ പിന്തുണക്കുന്നതായി തോന്നുന്നു. വിഷയം ചര്‍ച്ചക്ക് വിധേയമാക്കും. ബോര്‍ഡിന്റെ നടപടിക്രമങ്ങള്‍ അനുസരിച്ച് പരിഗണിക്കും’ഉയര്‍ന്ന സി.ബി.എസ്.ഇ ഉദ്യോഗസ്ഥന്‍ പറഞ്ഞു


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.