2021 May 16 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവെച്ചു

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി. പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവെച്ചു. പത്താം ക്ലാസ് ഫലം ഇന്റേണല്‍ അസെസ്‌മെന്റ് അടിസ്ഥാനമാക്കി നിര്‍ണയിക്കും. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

ജൂണ്‍ ഒന്നിന് സാഹചര്യം വിലയിരുത്തിയ ശേഷം പന്ത്രണ്ടാം ക്ലാസിലെ പരീക്ഷ തിയതി തീരുമാനിക്കും. 15 ദിവസം മുമ്പെങ്കിലും പരീക്ഷ തീയതി പ്രഖ്യാപിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് പരീക്ഷകള്‍ മാറ്റിവെക്കാന്‍ തീരുമാനമായത്.

പരീക്ഷ ഉപേക്ഷിച്ച പത്താംക്ലാസില്‍ മൂല്യനിര്‍ണയം നടത്താന്‍ ബോര്‍ഡ് മാനദണ്ഡം ഉണ്ടാക്കും. ഇതുവരെയുള്ള പ്രവര്‍ത്തന മികവ് കണക്കാക്കി നല്‍കുന്ന മാര്‍ക്കില്‍ ഏതെങ്കിലും വിദ്യര്‍ഥികള്‍ക്ക് ആക്ഷേപം ഉണ്ടെങ്കില്‍ അവര്‍ക്ക് പരീക്ഷ ഏഴുതാനുള്ള അവസരം നല്‍കും. സാഹചര്യം അനുകൂലമാകുന്ന മുറക്കാണ് അവര്‍ക്കായി പരീക്ഷ നടത്തുക. കഴിഞ്ഞ വര്‍ഷവും ഇതേ രീതിയായിരുന്നു.

നേരത്തെ, മെയ് നാലു മുതല്‍ ജൂണ്‍ 14 വരെയുള്ള ദിവസങ്ങളിലാണ് പന്ത്രണ്ടാം ക്ലാസിലെ ബോര്‍ഡ് പരീക്ഷ നടത്താന്‍ തീരുമാനിച്ചിരുന്നത്. മെയ് 4 മുതല്‍ ജൂണ്‍ 4 വരെയുള്ള ദിവസങ്ങളിലായി പത്താം ക്ലാസിലെ പരീക്ഷകള്‍ നടത്താനും തീരുമാനിച്ചിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷാ നടത്തിപ്പിനുള്ള എല്ലാ ഒരുക്കങ്ങളും ഏറെക്കുറെ പൂര്‍ത്തിയായതാണ്.

കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ പരീക്ഷകള്‍ നടത്തുന്നതിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തിയിരുന്നു. പരീക്ഷ മാറ്റാന്‍ ആവശ്യപ്പെട്ട് ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ ഒപ്പുവെച്ച നിവേദനവും നല്‍കിയിരുന്നു. പരീക്ഷ മാറ്റണമെന്ന ആവശ്യം ട്വിറ്ററിലടക്കം ദിവസങ്ങളോളം ട്രെന്‍ഡിങ്ങായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.