ന്യൂഡല്‍ഹി: സുപ്രിം കോടതി ഉത്തരവിട്ടിട്ടും ജഹാംഗീര്‍ഡ പുരിയില്‍ നിന്ന് ബുള്‍ഡോസറുകള്‍ പിന്മാറിയിട്ടില്ല. പ്രദേശത്ത് കെട്ടിടങ്ങള്‍ തകര്‍ക്കുന്നത് തുടരുകയാണ്. സ്റ്റേ ഓര്‍ഡര്‍ ലഭിച്ചിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
തങ്ങള്‍ നിയമപരമായാണ് മുന്നോട്ടു പോവുന്നതെന്നും ബുള്‍ഡോസറുകളെ പിന്‍വലിക്കുന്ന കാര്യത്തില്‍ സിവിക് ഏജന്‍സിയാണ് തീരുമാനമെടുക്കേണ്ടതെന്നും സേപെഷ്യല്‍ സി.പി ദീപേന്ദ്ര പഥക് പ്രതികരിച്ചു. തങ്ങള്‍ നിയമം പാലനത്തിനാണ് ഇവിടെ എത്തിയുട്ടള്ളതെന്നും പഥക് കൂട്ടിച്ചേര്‍ത്തു.
ജഹാംഗിര്‍ പുരിയില്‍ നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ നടത്തുന്ന ഒഴിപ്പിക്കല്‍ നിര്‍ത്തി വെക്കാനാണ് സുപ്രിം കോടതി ഉത്തരവ്. തല്‍സ്ഥിതി തുടരാനും ചീഫ് ജ്സ്റ്റിസ് എന്‍.വി രമണയുടെ നിര്‍ദ്ദേശിച്ചിരുന്നു. ഒഴിപ്പിക്കലിനെതിരെ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ഹരജി സുപ്രിം കോടതി നാളെ വീണ്ടും പരിഗണിക്കും.
ഒഴിപ്പിക്കല്‍ ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ ചൂണ്ടിക്കാട്ടി. നോട്ടിസ് പോലും നല്‍കാതെയാണ് ഒഴിപ്പിക്കലെന്നും അദ്ദേഹം അറിയിച്ചു. കേസ് ഇന്ന് ഡല്‍ഹി ഹൈക്കോടതിയും പരിഗണിക്കുന്നുണ്ട്.
#WATCH | Anti-encroachment drive still underway at Jahangirpuri by North Delhi Municipal Corporation despite Supreme Court order to maintain status-quo pic.twitter.com/cAG4FhdpMT
— ANI (@ANI) April 20, 2022
ജഹാംഗീര്‍പുരിയില്‍ ഇന്ന് രാവിലെ ഒമ്പതോടെയാണ് നിരവധി ബുള്‍ഡോസറുകളുമായെത്തി ഒഴിപ്പിക്കല്‍ പുന:രാരംഭിച്ചത്. അനധികൃത കെട്ടിടങ്ങളാണ് തകര്‍ക്കുന്നതെന്നാണ് അധികൃതരുടെ വാദം. താമസകേന്ദ്രങ്ങളും കടകളും ബുള്‍ഡോസര്‍ ഉപയോഗിച്ച് നീക്കുകയായിരുന്നു. 400 പോലിസുകാരേയും പ്രദേശത്ത് വിന്യസിച്ചിരുന്നു. സംഘര്‍ഷ സാധ്യത മുന്‍നിര്‍ത്തി 400 പൊലിസുകാരെ കൂടി നിയോഗിക്കാന്‍ ബി.ജെ.പി ഭരിക്കുന്ന നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ആവശ്യപ്പെട്ടിരുന്നു.
രാമ നവമി ഘോഷയാത്രയ്ക്ക് നേരെയുള്ള കല്ലേറില്‍ കുറ്റാരോപിതരായ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട 45 പേരുടെ സ്വത്തുവകകള്‍ മധ്യപ്രദേശിലെ ഖര്‍ഗോണില്‍ പൊലിസ് സുരക്ഷയില്‍ അധികൃതര്‍ നശിപ്പിച്ചിരുന്നു. അനിഷ്ട സംഭവം നടന്ന് 48 മണിക്കൂറിനകമായിരുന്നു ഭരണകൂട നടപടി. പൊതു സ്ഥലങ്ങള്‍ കൈയേറിയാണ് മിക്കവരും കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടുള്ളതെന്നായിരുന്നു ഇതിന് ഇന്‍ഡോര്‍ ഡിവിഷണല്‍ കമ്മിഷണര്‍ പവന്‍ ശര്‍മ്മ നല്‍കിയ വിശദീകരണം. ഇത്തരം തകര്‍ക്കലുകള്‍ക്കെതിരെ എസ്പി നേതാവ് അഖിലേഷ് യാദവ്, രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ്‌ലിം സ്വത്തുക്കള്‍ വ്യാപകമായി ഇടിച്ചുനിരപ്പാക്കുന്ന സംഭവത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജിയും സമര്‍പ്പിക്കപ്പെട്ടിരുന്നു. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദാണ് കോടതിയെ സമീപിച്ചിരുന്നത്. ഈ നടപടിക്കെതിരെ ആംനസ്റ്റി ഇന്റര്‍നാഷണലും രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു
ഏപ്രില്‍ 16ന് ഇവിടെ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 24 പേരെയാണ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതി അന്‍സാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ ദേശസുരക്ഷാ നിയമം ചുമത്തിയിരിക്കുകയാണ്.
Comments are closed for this post.