
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ നിലപാടുമായി രംഗത്തിറങ്ങിയ ബോളിവുഡ് താരങ്ങളെ കയ്യിലെടുക്കാന്‍ കേന്ദ്രം വിളിച്ച് ഫൈവ് സ്റ്റാര്‍ സല്‍ക്കാരം പൊളിഞ്ഞു. ബോളിവുഡില്‍ നിന്ന് പ്രമുഖരൊന്നും തന്നെ സല്ക്കാരത്തിനെത്തിയില്ലെന്നു മാത്രമല്ല, വിരലിലെണ്ണാവുന്നവരാണ് പരിപാടിയില്ഡ പങ്കെടുത്തത്.
ഗാനരചയിതാവും തിരകഥാ കൃത്തുമായ ജാവേദ്അക്തര്‍ അടക്കം നിരവധി പേര് യോഗത്തില്‍ പങ്കെടുത്തില്ല. വിക്കി കൗഷല്‍, ആയുഷ്മാന്‍ ഖുറാന, ബോണി കപൂര്‍, കങ്കണ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് നേരത്തെ പ്രചരിച്ചിരുന്നു. എന്നാല്‍ ഇവര്‍ ആരും തന്നെ പരിപാടിക്കെത്തിയിരുന്നില്ല.
നടി റിച്ച ചന്ദയും സിനിമ നിര്‍മ്മാതാവായ കബിര്‍ ഖാനും യോഗത്തില്‍ പങ്കെടുത്തില്ലെന്ന് മാത്രമല്ല മുംബൈയില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കുകയും ചെയ്തു. സ്വരഭാസ്ക്കര്‍, അനുരാഗ് കശ്യപ്, സുശാന്ത് സിംഗ്, നിഖില്‍ അദ്വാനി തുടങ്ങിയവരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ഭാഗമായി.
റിതേഷ് സിദ്വാനി, കുനാല്‍ കോഹ്ലി, പ്രസൂണ്‍ ജോഷി, ഷാന്‍, കൈലാഷ് ഖേര്‍, അനു മാലിക്, റണ്വീര് ഷൊറെ, ഉര്‍വ്വശി റൗട്ടേല തുടങ്ങി കുറച്ചു പേര് മാത്രമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം രാജ്യത്തു ശക്തമാകുകയും കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും പ്രതിരോധത്തിലാകുകയും ചെയ്ത സാഹചര്യത്തില്‍, നിയമത്തിന് അനുകൂലമായ വികാരമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികളുമായി കേന്ദ്രം രംഗത്തെത്തിയിരിക്കുകയാണ്. പാര്‍ട്ടിക്കു കീഴില്‍ രാജ്യത്തു നടക്കുന്ന ഗൃഹസമ്പര്ക്കമടക്കമുള്ള പരിപാടികള്‍ക്കു പുറമേ, നിയമത്തെ അനുകൂലിച്ച് ബോളിവുഡ് നടീനടന്മാരെ ഇറക്കാനാണ് പാര്‍ട്ടിയുടെ പുതിയ പദ്ധതി. അതിന്റെ ഭാഗമായാണ് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രചാരണങ്ങളുടെ കള്ളത്തരം ബോധ്യപ്പെടുത്താനെന്ന പേരില്‍ ഈ പരിപാടി സംഘടിപ്പിച്ചത്. കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍, പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് ജയ് പാണ്ഡെ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി ആസൂത്രണം ചെയ്തത്.
Comments are closed for this post.