ഭോപ്പാല്‍: സൗഹൃദ ക്രിക്കറ്റ് മത്സരത്തിനിടെ കേന്ദ്ര മന്ത്രി ജോതിരാദിത്യ സിന്ധ്യ അടിച്ച പന്തു തട്ടി ബി.ജെ.പി പ്രവര്‍ത്തകന് പരുക്ക്.
മധ്യപ്രദേശില്‍ പുതുതായി നിര്‍മ്മിച്ച സ്റ്റേഡിയത്തിലായിരുന്നു മത്സരം. വികാസ് മിശ്ര എന്നയാള്‍ക്കാണ് പരുക്കേറ്റത്. മന്ത്രിയടിച്ച പന്ത് പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാളുടെ നെറ്റിയില്‍ വീഴുകയായിരുന്നു.
പരുക്കേറ്റ പ്രവര്‍ത്തകനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്ക് നിരവധി സ്റ്റിച്ചുകളുള്ളതായി റിപ്പോര്‍ട്ടുണ്ട്. ലത്തൂരയില്‍ മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചാണ് സൗഹൃദ മത്സരം സംഘടിപ്പിച്ചതെന്ന് ബി.ജെ.പി പ്രാദേശിക നേതാവ് ധീരജ് ദ്വിവേദി അറിയിച്ചു.
പ്രവര്‍ത്തകന് പരുക്കേറ്റതോടെ കളി നിര്‍ത്തിവെച്ചു. സഞ്ജയ് ഗാന്ധി മെഡിക്കല്‍ കോളജിലാണ് ഇയാളെ പ്രവേശിപ്പിച്ചത്. ജ്യോതിരാദിത്യ സിന്ധ്യയും മുന്‍ മന്ത്രി രാജേന്ദ്ര ശുക്ലയും ആശുപത്രിയിലെത്തി പരുക്കേറ്റ പ്രവര്‍ത്തകനെ കണ്ടു.
Comments are closed for this post.