2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കാളി ക്ഷേത്രം ‘പ്രത്യേക’ മതക്കാര്‍ തീയിട്ടെന്ന് ബംഗാള്‍ ബി.ജെ.പി എം.പിയുടെ ട്വീറ്റ്; മതസ്പര്‍ധ വളര്‍ത്താന്‍ വ്യാജ പ്രചാരണം നടത്തിയ ജനപ്രതിനിധിക്കെതിരെ നിയമ നടപടിയുമായി പൊലിസ്

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ കാളി ക്ഷേത്രം ഒരു മതവിഭാഗം ‘നശിപ്പിച്ചതായി’ തെറ്റായ വിവരം പ്രചരിപ്പിച്ച് ബി.ജെ.പി എം.പി അര്‍ജുന്‍ സിങ്. ട്വിറ്റര്‍ വഴിയായിരുന്നു എം.പിയുടെ പ്രചരണം. എന്നാല്‍ അങ്ങിനെ സംഭവമേ നടന്നിട്ടില്ലെന്ന് ക്ഷേത്രഭാരവാഹികള്‍ പ്രതികരിച്ചു. തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുകയാണെന്ന് പൊലിസും വ്യക്തമാക്കി. മതസ്പര്‍ധ സൃഷ്ടിക്കാന്‍ വ്യാജപ്രചാരണം നടത്തിയ എം.പിക്കെതിരെ നിയമ മടപടിയെടുക്കാനുള്ള നീക്കത്തിലാണ് പൊലിസ്.

‘ദീദിയുടെ രാഷ്ട്രീയത്തിന്റെ ജിഹാദി സ്വഭാവം ഇപ്പോള്‍ ഹിന്ദു മതത്തെയും സംസ്‌കാരത്തെയും നശിപ്പിക്കുകയാണ്. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് പ്രദേശത്ത് ഒരു മതവിഭാഗം ഒരു ക്ഷേത്രത്തെ ആക്രമിക്കുകയും നശിപ്പിക്കുകയും മാ കാളിയുടെ വിഗ്രഹം കത്തിക്കുകയും ചെയ്തത് എങ്ങനെയെന്ന് കാണുക. ലജ്ജാകരം’- ഇതാണ് എം.പിയുടെ ട്വീറ്റ്.

   

ഇതിന് പിന്നാലെ ക്ഷേത്ര സെക്രട്ടറി തന്നെ അര്‍ജുന്‍ സിംഗിന്റെ വാദം തള്ളി രംഗത്തെത്തി. ആരും ക്ഷേത്രം തീയിടുകയോ വിഗ്രഹം കത്തിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ക്ഷേത്രം സെക്രട്ടറി വ്യക്തമാക്കിയിരിക്കുന്നത്. അപകടത്തിലാണ് വിഗ്രഹം കത്തിയിരിക്കുന്നതെന്നും സെക്രട്ടറി പറഞ്ഞു.

ആഗസ്റ്റ് 31 ന് രാത്രി ഞങ്ങളുടെ ക്ഷേത്രത്തിലെ കാളി വിഗ്രഹം കത്തി.ഞങ്ങളുടെ പ്രദേശത്തെ ഹിന്ദുക്കളും മുസ്‌ലിങ്ങളും അങ്ങേയറ്റം സൗഹാര്‍ദ്ദപരമായ ബന്ധത്തിലാണ്. ക്ഷേത്രം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.സംഭവത്തെ വളച്ചൊടിച്ച് വര്‍ഗീയ സ്വഭാവം നല്‍കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും ഇത്തരം തെറ്റായ പ്രചാരണങ്ങളില്‍ പെട്ടുപോകരുതെന്നും പ്രസ്താവനയില്‍ അപേക്ഷിക്കുന്നുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.