2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കൊവിഡ് മരണം: കണക്ക് തിരുത്തി ബിഹാര്‍; ഇതുവരെ മരിച്ചത് 9249 പേര്‍, നേരത്തെ റിപ്പോര്‍ട്ട് ചെയ്തത് 5,500ല്‍ താഴെ

പട്‌ന: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കണക്കുകളില്‍ മാറ്റം വരുത്തി ബിഹാര്‍ സര്‍ക്കാര്‍. 9249 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് സര്‍ക്കാറിന്റെ പുതിയ കണക്ക്.

കഴിഞ്ഞ ദിവസം വരെ 5,500ല്‍ താഴെ ആളുകള്‍ മാത്രമാണ് കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയതെന്നായിരുന്നു ബിഹാര്‍ സര്‍ക്കാറിന്റെ കണക്ക് കൂട്ടല്‍.എന്നാല്‍, 3,951 മരണങ്ങള്‍ പുതുതായി കൂട്ടിച്ചേര്‍ക്കുകയായിരുന്നു.

മരണക്കണക്ക് ബിഹാര്‍ സര്‍ക്കാര്‍ മറച്ചു വെക്കുകയാണെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് യഥാര്‍ത്ഥ കണക്ക് സമര്‍പ്പിക്കാന്‍ പട്‌ന കോടതി ആവശ്യപ്പെട്ടിരുന്നു. ഏപ്രില്‍ മെയ് മാസത്തിലുണ്ടായ കൊവിഡ് രണ്ടാം തരംഗത്തില്‍ എത്രപേര്‍ മരിച്ചെന്ന കണക്ക് സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടത്. പിന്നാലെ നടത്തിയ വിശദമായ പരിശോധനയിലാണ് ബിഹാറില്‍ കൂടുതല്‍ പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ടെന്ന് വ്യക്തമായത്.

എന്നാല്‍ പുതുതായി കൂട്ടിച്ചേര്‍ത്ത മരണങ്ങള്‍ ഏത് ജില്ലയില്‍ നിന്നുള്ളതാണെന്ന് സര്‍ക്കാര്‍ ഇനിയും വ്യക്തമാക്കിയിട്ടില്ല. രണ്ടാം തരംഗത്തില്‍ ഏകദേശം 8000 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്.

കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണത്തിലും ബിഹാര്‍ ആരോഗ്യമന്ത്രാലയം മാറ്റം വരുത്തിയിട്ടുണ്ട്. 7,01,234 പേര്‍ രോഗമുക്തി നേടിയെന്നാണ് പുതിയ കണക്ക്. കഴിഞ്ഞ ദിവസം ഇത് 6,98,397 ആയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.