2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ബിഹാര്‍ പൊലിസിലെ ആദ്യ മുസ്‌ലിം വനിതാ ഡി.എസ്.പി; ചരിത്രം രചിച്ച് 27കാരി റസിയ സുല്‍ത്താന്‍

പട്ന: റസിയ സുല്‍ത്താന നമുക്കേറെ പരിചിതമാണ് ഈ നാമം. ഇന്ത്യന്‍ ചരിത്രത്തിലെ ആദ്യ മുസ്‌ലിം വനിതാ ഭരണാധികാരി. ഇവിടെയിതാ ഒരു റസിയാ സുല്‍ത്താന്‍. ബിഹാര്‍ പൊലിസിലെ ആദ്യ മുസ്‌ലിം വനിതാ ഡി.എസ്.പി എന്ന ചരിത്രം കുറിച്ചിരിക്കുകയാണ് 27കാരി റസിയാ സുല്‍ത്താന്‍.

64ാമത് ബിഹാര്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷ പൂര്‍ത്തിയാക്കിയാണ് റസിയ ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ട് ആയിരിക്കുന്നത്. ഗോപാല്‍ഗഞ്ച് ജില്ലയിലെ ഹാത്തുവ സ്വദേശിയാണ് ഇവര്‍. റസിയ അടക്കം 40 പേരാണ് ഡി.എസ്.പി തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ഝാര്‍ഖണ്ഡിലെ ബൊകാറോ സ്റ്റീല്‍ പ്ലാന്റില്‍ സ്റ്റെനോഗ്രാഫറായിരുന്ന മുഹമ്മദ് അസ്‌ലം അന്‍സാരിയുടെ ഏഴ് മക്കളില്‍ ഇളയവളാണ് റസിയ. ബൊകാറോയിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്. ശേഷം ജോധ്പൂരില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറങ്ങില്‍ ബി.ടെക് പൂര്‍ത്തിയാക്കി. 2016ല്‍ പിതാവ് മരിച്ചു. 2017ല്‍ ബിഹാര്‍ വൈദ്യുതി വകുപ്പില്‍ അസിസ്റ്റന്റ് എഞ്ചിനീയറായി ജോലിയില്‍ പ്രവേശിച്ചു. അന്ന് മുതല്‍ ബിഹാര്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷക്കായി തയാറെടുത്തു.

പൊലിസ് ഓഫിസറായി ജോലിചെയ്യുന്ന സന്തോഷത്തിലാണ് ഞാന്‍. റസിയ ഇന്ത്യ ടുഡേ ടി.വിയോട് പ്രതികരിച്ചു. പലപ്പോഴും ആളുകള്‍ക്ക് നീതി ലഭിക്കാത്ത സാഹചര്യമുണ്ട്, പ്രത്യേകിച്ചും സ്ത്രീകള്‍ക്ക്. തങ്ങള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ മാനക്കേട് ഓര്‍ത്ത് സ്ത്രീകള്‍ പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യുന്നില്ല. ഇതില്‍ ഒരു മാറ്റത്തിനായി ശ്രമിക്കുമെന്ന് റസിയ സുല്‍ത്താന്‍ വ്യക്തമാക്കി.

വിദ്യാഭ്യാസ രംഗത്തെ പെണ്‍കുട്ടികളുടെ പ്രത്യേകിച്ചും മുസ്‌ലിം സമുദായത്തിലെ പെണ്‍കുട്ടികളുടെ പിന്നാക്കാവസ്ഥയില്‍ അവര്‍ ആശങ്ക പ്രകടിപ്പിച്ചു.

അവരുടെ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കണമെന്ന് പറഞ്ഞ റസിയ ഹിജാബോ ബുര്‍ഖയോ ധരിക്കുന്നത് ഒരു നിയന്ത്രണമല്ലെന്നും ചൂണ്ടിക്കാട്ടി. ഏത് ജോലിയും ചെയ്യാന്‍ നമുക്ക് സാധിക്കുമെന്ന് ചിന്തിച്ചാല്‍ എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്യാന്‍ അല്ലാഹു ശക്തി നല്‍കും -റസിയ സുല്‍ത്താന്‍ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.