2023 March 25 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

നൂറുനാള്‍ പിന്നിട്ട് ഭാരത് ജോഡോ യാത്ര; വെറുപ്പിനെതിരെ രാജ്യത്തെ ഒന്നിപ്പിക്കാന്‍ രാഹുലിനൊപ്പം പതിനായിരങ്ങള്‍ നടന്നു തീര്‍ത്തത് 2798 കിലോ മീറ്റര്‍ ദൂരം

ന്യൂഡല്‍ഹി: വെറുപ്പിനെതിരെ രാജ്യത്തെ ഒന്നിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയെന്ന 52കാരന്‍ നടക്കാനിറങ്ങിയപ്പോള്‍ കൂടെ ഇറങ്ങിയത് പതിനായിരങ്ങള്‍. കുഞ്ഞുങ്ങള്‍ മുതല്‍ വയോധികര്‍ വരെ. സാധാരണക്കാര്‍ മുതല്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ വരെ. വിദ്യാര്‍ത്ഥികള്‍ മുതല്‍ ഉന്നത തലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ വരെ ഇതില്‍ സ്ത്രീകളും പുരുഷന്‍മാരും. അങ്ങിനെ വ്യത്യസ്തമായ വിശ്വാസവും ആദര്‍ശവും ജീവിത ശൈലികളുമുള്ള പതിനായിരക്കണക്കിനാളുകള്‍ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ അണി ചേര്‍ന്നു. വ്യത്യസ്ത രുചികളിലൂടെ സംസ്‌ക്കാരങ്ങളിലൂടെ അവര്‍ നടന്നു നീങ്ങിയത് 2798 കിലോമീറ്റര്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പൊരിവെയില്‍ കൊണ്ടും കനത്ത മഴ നനഞ്ഞും കോച്ചിവലിക്കുന്ന തണുപ്പ് താണ്ടിയും അങ്ങിനെ നൂറു നാള്‍ പിന്നിട്ടിരിക്കുകയാണ്.

ഏഴ് സംസ്ഥാനങ്ങള്‍ പിന്നിട്ട് എട്ടാമത്തെ സംസ്ഥാനമായ രാജസ്ഥാനിലാണ് യാത്ര പര്യടനം നടത്തുന്നത്. 42 ജില്ലകളിലൂടെ കടന്നുവന്ന യാത്ര ഇതിനകം 2798 കിലോമീറ്റര്‍ പിന്നിട്ടു. ഇനി അവശേഷിക്കുന്നത് 737 കിലോമീറ്റര്‍. ജനുവരി 26ന് ശ്രീനഗറില്‍ യാത്ര സമാപിക്കും.

സെപ്തംബര്‍ ഏഴിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്നാണ് രാഹുല്‍ ഗാന്ധി ജോഡോ യാത്ര ആരംഭിച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് ദേശീയ പതാക രാഹുല്‍ ഗാന്ധിക്ക് കൈമാറിയത്. പ്രതീക്ഷിച്ചതിന് അപ്പുറത്തുള്ള പിന്തുണ യാത്രക്ക് ലഭിച്ചു. കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ അടക്കമുള്ളവര്‍ യാത്രയില്‍ അണിനിരന്നിരുന്നു. സാമൂഹിക, സാംസ്‌കാരിക മേഖലയില്‍നിന്നും മികച്ച പിന്തുണ യാത്രക്ക് ലഭിക്കുന്നുണ്ട്.

യാത്ര നൂറു നാള്‍ പിന്നിടുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഡി.പി യാത്രയുടെ നൂറു നാളുകള്‍ ( 100 days of Y-a-tr-a) എന്നാക്കിയിട്ടുണ്ട്.

ഇന്ന് രാജസ്ഥാനിലെ ദോസ മീന ഹോക്കോടതി പരിസരത്തു നിന്നാണ് യാത്ര പുനഃരാരംഭിക്കുന്നത്. പതിനൊന്ന് മണിയോടെ ഗിരിരാജ് ധരന്‍ ക്ഷേത്രത്തിന് സമീപം ഇടെവേളയെടുക്കും. ഇന്ന് വൈകീട്ട് ജയ്പൂരിലെ കോണ്‍ഗ്രസ് ഓഫിസില്‍ ഒരു പ്രസ് കോണ്‍ഫറന്‍സും നടത്തുന്നുണ്ട്. ജയ്പൂരിലെ ആല്‍ബര്‍ട്ട് ഹാളില്‍ ഒരു ലൈവ് കോണ്‍സര്‍ട്ടും ഇന്ന് നടത്തുന്നുണ്ട്. വൈകീട്ട് ഏഴു മണിക്കായിരിക്കും പരിപാടി. രാജസ്ഥാനില്‍ ഇന്ന് യാത്രയുടെ 12ാം ദിനമാണ്. യാത്ര കടന്ന് ചെല്ലുന്ന അഞ്ചാമത്തെ ജില്ലയാണ് ദോസെ. 17ദിവസമാണ് രാജസ്ഥാനില്‍. ഇവിടെ 500 കിലോമീറ്റര്‍ പിന്നിടുന്ന യാത്ര ഡിസംബര്‍ 21ന് ഹരിയാനയില്‍ പ്രവേശിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.