2023 March 27 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ബിര്‍ഭും കൂട്ടക്കൊല: മുഖ്യപ്രതികളിലൊരാള്‍ സി.ബി.ഐ കസ്റ്റഡിയില്‍ മരിച്ച നിലയില്‍

കൊല്‍ക്കത്ത: ബംഗാളിലെ ബിര്‍ഭും ജില്ലയിലെ ബൊത്ഗുയി ഗ്രാമത്തില്‍ നടന്ന കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതികളിലൊരാള്‍ സി.ബി.ഐ കസ്റ്റഡിയില്‍ മരിച്ച നിലയില്‍. ലാലോണ്‍ ഷെയ്ഖിനെയാണ് മരിച്ച നിലയില്‍ രണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

രാംപൂര്‍ഹട്ടിലെ സി.ബി.ഐ ക്യാമ്പ് ഓഫിസിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് ഷെയ്ഖിന്റെ മൃതദേഹം കണ്ടെത്തിയത്. ഡിസംബര്‍ 3ന് ജാര്‍ഖണ്ഡില്‍ നിന്ന് അറസ്റ്റ് ചെയ്ത ഇയാളെ ഡിസംബര്‍ 4 ന് രാംപൂര്‍ഹട്ടിലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രതിയെ ആറ് ദിവസത്തേക്ക് സി.ബി.ഐയുടെ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടു. ഡിസംബര്‍ 10ന് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കാലാവധി മൂന്ന് ദിവസം കൂടി നീട്ടി നല്‍കുകയായിരുന്നു.

മാര്‍ച്ച് 21ന് പശ്ചിമ ബംഗാളിലെ ബിര്‍ഭും ജില്ലയില്‍ സ്ത്രീകളെയും കുട്ടികളെയും ജീവനോടെ ചുട്ടുകൊന്ന കൂട്ടക്കൊല നടന്ന് എട്ട് മാസത്തിന് ശേഷം ജാര്‍ഖണ്ഡിലെ പാകൂരിലെ ഒളിത്താവളത്തില്‍ നിന്നാണ് ലാലോണ്‍ ഷെയ്ഖിനെ അറസ്റ്റ് ചെയ്തത്.

ലാലന്‍ ഷെയ്ഖിന്റെ മൃതദേഹം റാംപൂര്‍ഹട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി. സംഭവത്തെ തുടര്‍ന്ന് ജില്ലയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സിബിഐ ഓഫീസിലെത്തി. സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് രോഷാകുലരായ കുടുംബാംഗങ്ങള്‍ പശ്ചിമ ബംഗാളിലെ രാംപുര്‍ഹട്ട് ടൗണിന് സമീപം ബോഗ്തുയി മോറില്‍ റോഡ് ഉപരോധിച്ചു.

അസ്വാഭാവിക മരണത്തില്‍ കേസെടുത്ത് ലോക്കല്‍ പൊലീസ് ഉടന്‍ അന്വേഷണം ആരംഭിക്കുമെന്ന് ബിര്‍ഭം പൊലീസ് സൂപ്രണ്ട് നാഗേന്ദ്ര ത്രിപാഠി പറഞ്ഞു. കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് സിബിഐ ബിര്‍ഭും കൂട്ടക്കൊലക്കേസ് അന്വേഷിക്കുന്നത്.

ബിര്‍ഭൂമിലെ ബോഗ്തുയി ഗ്രാമത്തില്‍ ആളുകളെ വീടിനുള്ളില്‍ പൂട്ടിയിട്ട് തീവെയ്ക്കുകയായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രാദേശിക ടിഎംസി നേതാവ് ഭാദു ഷെയ്ഖ് കൊല്ലപ്പെട്ടതിന് പ്രതികാരമായാണ് സംഭവത്തെ പൊലിസ് വിലയിരുത്തിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.