മുംബൈ: ഒളി ക്യാമറ വിവാദത്തിന് പിന്നാലെ ബി.സി.സി.ഐ മുഖ്യ സെലക്ടര്‍ ചേതന്‍ ശര്‍മ്മ രാജിവച്ചു. ബിസിസിഐ സെക്രട്ടറി ജയ് ഷാക്കാണ് ശര്‍മ്മ രാജിക്കത്തയച്ചത്. രാജി സ്വീകരിച്ചതായി വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്തു.
പൂര്‍ണ കായിക ക്ഷമതയ്ക്കു വേണ്ടി ചില താരങ്ങള്‍ ഡോപ്പിങ് ടെസ്റ്റില്‍ കണ്ടുപിടിക്കാന്‍ കഴിയാത്ത മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് സീ ന്യൂസ് നടത്തിയ ഒളിക്യാമറ ഓപറേഷനില്‍ ശര്‍മ്മ വെളിപ്പെടുത്തിയിരുന്നു. രോഹിത് ശര്‍മ്മ-വിരാട് കോഹ്‌ലി ശീതസമരത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. ഏറെ വൈകാതെ ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മലയാളി താരം സഞ്ജു സാംസണെ കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ട്വിറ്ററില്‍ വെടിപൊട്ടും എന്നാണ് ശര്‍മ്മ പറഞ്ഞിരുന്നത്. സഞ്ജുവിനെ ടീമില്‍ നിന്ന് തഴയുന്ന വേളയിലെല്ലാം നടക്കുന്ന ട്വിറ്റര്‍ ചര്‍ച്ചകളെ കുറിച്ചായിരുന്നു ഇദ്ദേഹത്തിന്റെ പരാമര്‍ശം. ബംഗ്ലാദേശിനെതിരായ ഏകദിനത്തില്‍ ഇഷാന്‍ കിഷന്റെ ഡബ്ള്‍ സെഞ്ച്വറിയും ശുഭ്മാന്‍ ഗില്ലിന്റെ തകര്‍പ്പന്‍ ഫോമും സഞ്ജു, കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍ എന്നിവരുടെ കരിയര്‍ അപകടത്തിലാക്കിയെന്നും ശര്‍മ്മ അഭിമുഖത്തിനിടെ പറഞ്ഞിരുന്നു.
Comments are closed for this post.