ഹൈദരാബാദ്: ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ബി.ബി.സി ഡോക്യുമെന്ററി ഹൈദരാബാദ് സര്‍വകലാശാല കാമ്പസില്‍ പ്രദര്‍ശിപ്പിച്ച് വിദ്യാര്‍ത്ഥികള്‍. ഹൈദരാബാദ് സര്‍വകലാശാലയിലെ എം.എസ്.എഫ് ഉള്‍പെടെ വിദ്യാര്‍ത്ഥി സംഘടനകളാണ് പ്രദര്‍ശനമൊരുക്കിയത്.
ഏകദേശം 200ഓളം വിദ്യാര്‍ഥികള്‍ ഡോക്യുമെന്ററി കാണാന്‍ എത്തിയിരുന്നു. ഡോക്യുമെന്ററിയെ അധിക്ഷേപിക്കാനും വിലക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അതിനെതിരെയുള്ള മുന്നറിയിപ്പെന്ന നിലയിലാണ് പ്രദര്‍ശനമൊരുക്കിയെതന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. അത് സീരീസ് നിരോധിക്കുന്നതിന് മുമ്പായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
അതേസമയം പ്രദര്‍ശിപ്പിച്ചതിനെതിരെ എ.ബി.വി.പി രംഗത്തെത്തി. ഇതിന്റെ സംഘാടകര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കോളജ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എ.ബി.വി.പി നേതാവ് മഹേഷ് പറഞ്ഞു. അനുവാദമില്ലാതെയാണ് പ്രദര്‍ശനം നടത്തിയതെന്നും മഹേഷ് ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുരക്ഷാ വകുപ്പിന്റെ റിപ്പോര്‍ട്ട് കാത്തിരിക്കുകയാണെന്നും അതിനനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു. സ്‌ക്രീനിംഗ് സംബന്ധിച്ച് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ഗച്ചിബൗളി പൊലിസ് അറിയിച്ചു. പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്നും പൊലിസ് വ്യക്തമാക്കി.
അതേസമയം മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി ഷെയര്‍ ചെയ്യുന്ന ട്വീറ്റുകള്‍ തടയാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ചിലരുടെ ട്വീറ്റുകള്‍ ട്വിറ്റര്‍ തന്നെ നീക്കം ചെയ്ത് തുടങ്ങിയിട്ടുണ്ട്. യൂട്യൂബിനോട് ഡോക്യുമെന്ററി ലിങ്കുകള്‍ നീക്കം ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രിയാന്റെ അടക്കം ട്വീറ്റുകളാണ് ട്വിറ്റര്‍ നീക്കം ചെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഡോക്യുമെന്ററിക്കെതിരെ പരസ്യമായി രംഗത്തു വന്നിരുന്നു. നരേന്ദ്ര മോദിയേയും ഇന്ത്യന്‍ സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ഡോക്യുമെന്ററിക്ക് പിന്നില്‍ എന്നായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതികരണം.
ഗുജറാത്ത് വംശഹത്യ സമയത്ത് മുഖ്യമന്ത്രിയായിരുന്ന മോദിക്ക് വംശഹത്യയില്‍ പങ്കുണ്ടെന്നായിരുന്നു ഡോക്യമെന്ററിയിലെ ഉള്ളടക്കം. ഡോക്യുമെന്ററിയുടെ ഒന്നാം ഭാഗമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നുത്. രണ്ടാം ഭാഗം ചൊവ്വാഴ്ച പുറത്തിറങ്ങാനിരിക്കുകയാണ്.
Comments are closed for this post.