2023 June 05 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

‘ദൃശ്യങ്ങളിലുള്ളത് താനല്ല, കൊലപാതകത്തെ കുറിച്ച് ഒന്നുമറിയില്ല’ അട്ടപ്പാടി മധു വധക്കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി

മണ്ണാര്‍ക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ വീണ്ടും സാക്ഷി കൂറുമാറി. 36ആം സാക്ഷി അബ്ദുല്‍ ലത്തീഫ് ആണ് കൂറുമാറിയത്. മധുവിന്റെ കൊലപാതകത്തെ കുറിച്ച് ഒന്നുമറിയില്ലെന്ന് അബ്ദുള്‍ ലത്തീഫ് കോടതിയില്‍ പറഞ്ഞു. ദൃശ്യങ്ങളില്‍ കാണുന്നത് താനല്ലെന്നും ലത്തീഫ് വ്യക്തമാക്കി. ദൃശ്യങ്ങള്‍ ഇന്ന് കോടതിയില്‍ വീണ്ടും പ്രദര്‍ശിപ്പിച്ചിരുന്നു.

കേസിലെ 21 സാക്ഷികളാണ് ഇതുവരെ കൂറുമാറിയത്. നാല് സാക്ഷികള്‍ ഇന്നലെ കൂറുമാറിയിരുന്നു. 35ാം സാക്ഷി അനൂപ്, മണികണ്ഠന്‍, മനാഫ്, രഞ്ജിത്ത് എന്നിവരാണ് ഇന്നലെ കൂറുമാറിയത്.

പ്രതികള്‍ക്ക് ജാമ്യം നല്‍കിയതാണ് സാക്ഷികളെ സ്വാധീനിക്കാനും കൂറുമാറാനും ഇടയാക്കിയതെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജേഷ് എം. മേനോന്‍ പറഞ്ഞു. കൂറുമാറിയ സാക്ഷികളുടെ ഫോണിലേക്ക് പ്രതികള്‍ വിളിച്ചതിന്റെ ഫോണ്‍ രേഖകള്‍ കോടതിയില്‍ ഹാജരാക്കിയതായും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.

കേസില്‍ നേരത്തെ കോടതിയില്‍ നല്‍കിയ മൊഴി, കൂറുമാറിയ സാക്ഷികളിലൊരാളായ സുനില്‍കുമാര്‍ തിരുത്തിയിരുന്നു. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഹാജരായപ്പോഴായിരുന്നു സുനില്‍കുമാര്‍ മൊഴി തിരുത്തിപ്പറഞ്ഞത്.

മര്‍ദനമേറ്റ് മധു മുക്കാലിയില്‍ ഇരിക്കുന്നത് കണ്ടെന്നും കോടതിയില്‍ പ്രദര്‍ശിപ്പിച്ച ദൃശ്യങ്ങളില്‍ ഉള്ളത് താന്‍ ആണെന്നും ഇയാള്‍ സമ്മതിച്ചു. കാഴ്ചക്കുറവുണ്ടെന്ന് കളവ് പറഞ്ഞതിന് സുനില്‍കുമാറിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ അപേക്ഷ നല്‍കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.