
ന്യൂഡല്‍ഹി: രാജ്യത്ത് 30,549 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 422 പേരാണ് 24 മണിക്കൂറിനിടെ രോഗബാധിതരായി മരണത്തിന് കീഴടങ്ങിയത്. 38887 പേര്‍ക്കാണ് രോഗമുക്തി. 1.85 ശതമാനം ആണ് ടിപിആര്‍.
പന്ത്രണ്ട് ആഴ്ച്ചകള്‍ക്ക് ശേഷം പ്രതിവാര കൊവിഡ് കേസുകളില്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച 2.86 ലക്ഷം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ കൊവിഡ് കേസുകളിലുണ്ടാകുന്ന വര്‍ധന മൂന്നാം തരംഗത്തിന്റെ തുടക്കമാണോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
അതേസമയം മൂന്നാം തരംഗം രണ്ടാം തരംഗത്തിന്റെ അത്ര ശക്തമാവില്ല എന്നാണ് വിലയിരുത്തലെന്ന് ഐഐടിയിലെ ഗവേഷകര്‍ പറയുന്നു. മൂന്നാം തരംഗത്തില്‍ രോഗികളുടെ എണ്ണം പ്രതിദിനം പരമാവധി 1,50,000 വരെ മാത്രമേ എത്തു എന്നാണ് ഇവരുടെ പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്.