2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കാമുകനൊപ്പം പോവാന്‍ ഭര്‍ത്താവിനേയും ഭര്‍തൃമാതാവിനേയും കൊന്നു, കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു പിന്നീട് കുഴിച്ചിട്ടു

ഗുവാഹത്തി: ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കൊലപ്പെടുത്തി വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു. പിന്നീട് സാവധാനം സാഹചര്യം ഒത്തു വന്നപ്പോള്‍ ഇത് ദൂരെ കൊണ്ടു പോയി കുഴിച്ചിടുകയും ചെയ്തു. അസം തലസ്ഥാനമായ ഗുവാഹത്തിക്കടുത്തുള്ള നൂണ്‍മതിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കൃത്യം നടത്തിയ വന്ദന കാളിത എന്നു പേരുള്ള യുവതി അറസ്റ്റിലായിട്ടുണ്ട്. വിവാഹേതരബന്ധം പിടിക്കപ്പെട്ടതാണ് ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് യുവതി ക്രൂരകൃത്യം നടത്തിയത്. കാമുകന്റെ സഹായത്തോടെ ഭര്‍ത്താവ് അമര്‍ജ്യോതി ദേ, ഭര്‍തൃമാതാവ് ശങ്കാരി ദേ എന്നിവരെ കൊലപ്പെടുത്തി. രണ്ടുപേരുടെയും മൃതദേഹം കഷണങ്ങളായി വെട്ടിനുറുക്കുകയും ചെയ്തു.

ശേഷം വീട്ടിലെ ഫ്രിഡ്ജില്‍ ശരീരഭാഗങ്ങള്‍സൂക്ഷിച്ചു. പിന്നീട്, കാമുകന്‍ ഇവ പ്ലാസ്റ്റിക് ബാഗിലാക്കി അയല്‍സംസ്ഥാനമായ മേഘാലയയിലെത്തിച്ചു. അവിടെ ചിറാപുഞ്ചിയിലേക്ക് കൊണ്ടുപോയി കുഴിച്ചിടുകയും ചെയ്തു. ഇക്കാര്യം പ്രതി പൊലിസിനോട് സമ്മതിച്ചിട്ടുണ്ട്. വന്ദനയെ സ്ഥലത്തെത്തിച്ച് പൊലിസ് തെളിവെടുപ്പ് നടത്തി. കുഴിച്ചിട്ട ശരീരഭാഗങ്ങള്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

   

ഞായറാഴ്ചയാണ് ശങ്കാരിയുടെ ശരീരഭാഗങ്ങള്‍ പൊലിസ് മേഘാലയയില്‍നിന്ന് കണ്ടെത്തിയത്. കൃത്യത്തില്‍ മറ്റൊരാളും ഇവരെ സഹായിച്ചിട്ടുണ്ട്. വന്ദനയ്ക്കും കാമുകനും പുറമെ ഇയാളെയും പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അമര്‍ജ്യോതിയെയും അമ്മയെയും കാണാനില്ലെന്ന് ഇവരുടെ ബന്ധു നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന കൊലയുടെ ചുരുളഴിയുന്നത്. പരാതിയില്‍ വന്ദനയ്‌ക്കെതിരെ സംശയവും ഉയര്‍ത്തിയിരുന്നു. കാമുകനുമായുള്ള ബന്ധം കുടുംബം പിടികൂടിയിരുന്നു. ഇതില്‍ വലിയ തര്‍ക്കവും നടന്നിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അടുത്ത ദിവസങ്ങളിലായി ഡല്‍ഹിയില്‍ ഇത്തരത്തിലുള്ള രണ്ട് സംഭവങ്ങള്‍ നടന്നിരുന്നു. അഫ്താബ് പൂനവാല തന്റെ പങ്കാളി ശ്രദ്ധ വാക്കറിനെ കൊലപ്പെടുത്തിയതായിരുന്നു ഇതിലൊന്ന്. ഈ കേസിലും പ്രതി ശരീര ഭാഗങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നു. നിക്കി യാദവ് എന്ന യുവതി പങ്കാളി സാഹില്‍ ഗെഹ്ലോട്ടിനാല്‍ കൊല ചെയ്യപ്പെട്ട കേസും സമാനമാണ്. ഡല്‍ഹിയിലെ തന്റെ റസ്റ്ററന്റിലെ ഫ്രിഡ്ജിലാണ് സാഹില്‍ നിക്കിയുടെ ശരീര ഭാഗങ്ങള്‍ സൂക്ഷിച്ചിരുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.