മുംബൈ: ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ ക്ലീന്‍ ചിറ്റ് ലഭിച്ചതിന് പിന്നാലെ എന്‍.സി.ബി മുംബൈ ബ്യൂറോയുടെ മുന്‍ സോണല്‍ ഡയറക്ടറായ സമീര്‍ വാങ്കഡെയെ ചെന്നൈയിലേക്ക് സ്ഥലം മാറ്റി. ചെന്നൈയിലെ ഡി.ജി ടാക്‌സ് പേയര്‍ സര്‍വീസ് ഡയറക്ടറേറ്റിലേക്കാണ് സ്ഥലമാറ്റം. അഡീഷണല്‍ ഡയറക്ടറായി നിയമിക്കപ്പെടുന്ന അദ്ദേഹം ജൂണ്‍ 10 ന് ചുമതലയേല്‍ക്കും.
കോര്‍ഡേലിയ ക്രൂയിസ് മയക്കുമരുന്ന് കേസിന്റെ മുഖ്യ അന്വേഷകനായിരുന്നു വാങ്കഡെ. കേസില്‍ അശ്രദ്ധമായ അന്വേഷണം നടത്തിയതിന് വാങ്കഡെക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തതിന് പിന്നാലെയാണ് സ്ഥലമാറ്റം.
വാങ്കഡെ ഉള്‍പ്പെടെ 204 ഐ.ആര്‍.എസ് ഉദ്യോഗസ്ഥരെ രാജ്യത്തുടനീളമുള്ള വിവിധ വകുപ്പുകളിലായി സ്ഥലം മാറ്റിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
2020 ആഗസ്റ്റ് 31 മുതല്‍ എന്‍.സി.ബി മുംബൈ യൂണിറ്റിന്റെ ഡയറക്ടറായിരുന്ന സമീര്‍ വാങ്കഡെ തന്റെ വകുപ്പുകളില്‍ കൊണ്ടുവന്ന പരിഷ്‌കരണങ്ങളുടെ പേരില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് ഹിന്ദി സിനിമാമേഖലയിലെ നിരവധി മയക്കുമരുന്ന് ബന്ധങ്ങള്‍ അദ്ദേഹം പുറത്തുകൊണ്ടുവന്നിരുന്നു. എന്നാല്‍ കോര്‍ഡേലിയ ക്രൂയിസ് മയക്കുമരുന്ന് കേസില്‍ ആര്യന്‍ ഖാന്റെ അറസ്റ്റിന് പിന്നാലെയാണ് വാങ്കഡെയുടെ പ്രശസ്തി നഷ്ടപ്പെട്ടുതുടങ്ങുന്നത്.
വിവാദങ്ങള്‍ക്ക് ശേഷം കേസ് പുനരന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം മുംബൈ എന്‍.സി.ബി ടീമിന്റെ അന്വേഷണത്തില്‍ ഗുരുതരമായ ക്രമക്കേടുകള്‍ ഉണ്ടെന്ന് ആരോപിച്ചിരുന്നു. ആര്യന്‍ ഖാനെ ഈ കേസില്‍കുടുക്കാന്‍ ആസൂത്രിതമായ ശ്രമങ്ങളാണ് ഇവര്‍ നടത്തിയതെന്നും പ്രത്യേക അന്വേഷണ സംഘമായ എസ്.ഐ.ടി പറഞ്ഞു.
ഡി.ആര്‍.ഐയില്‍ ചുമതലയേല്‍ക്കുന്ന വാങ്കഡെ നേരത്തെ എയര്‍പോര്‍ട്ട് കസ്റ്റംസ്, സര്‍വീസ് ടാക്‌സ്, ദേശീയ അന്വേഷണ ഏജന്‍സി എന്നിവയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Comments are closed for this post.