2023 June 09 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കര്‍ഷക നേതാക്കളുമായി അമിത് ഷാ നടത്തിയ കൂടിക്കാഴ്ച പരാജയം; ഇന്നത്തെ ചര്‍ച്ച റദ്ദാക്കി

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കര്‍ഷക നേതാക്കള്‍ നടത്തിയ ചര്‍ച്ച പരാജയം. ഇതേതുടര്‍ന്ന് ഇന്ന് സര്‍ക്കാറുമായി നടത്താനിരുന്ന ചര്‍ച്ച റദ്ദാക്കി.

‘സര്‍ക്കാറുമായി ബുധനാഴ്ച ഒരു ചര്‍ച്ചയും ഉണ്ടായിരിക്കുന്നതല്ല. സര്‍ക്കാര്‍ ഒരു നിര്‍ദ്ദേശം മുന്നോട്ടു വെക്കുമെന്ന് പറഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ച് ബുധനാഴ്ച കര്‍ഷക സംഘടനാ നേതാക്കള്‍ കൂടിയാലോചിക്കും’- ആള്‍ ഇന്ത്യാ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹനാന്‍ മൊല്ല പറഞ്ഞു.

ഇരുഭാഗവും അവരവരുടെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയാണ്. കാര്‍ഷിക നിയമത്തില്‍ ഭേദഗതി വരുത്താമെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍ ഭേദഗതിയല്ല നിയമം പൂര്‍ണമായും പിന്‍വലിക്കലാണ് തങ്ങളുടെ ആവശ്യമെന്നാണ് കര്‍ഷകരുടെ നിലപാട്. കഴിഞ്ഞ ദിവസം കര്‍ഷക സംഘടനകള്‍ നടത്തിയ ഭാരത ബന്ദ്  ജനജീവിതത്തെ ബാധിച്ചു. തെരഞ്ഞെടുപ്പ് കാരണം കേരളത്തില്‍ ബന്ദുണ്ടായിരുന്നില്ല.

ജയ്പുരില്‍ ബന്ദിന് ഐക്യദാര്‍ഢ്യവുമായി ഇറങ്ങിയ എന്‍.എസ്.യു.ഐ പ്രവര്‍ത്തകരും യുവമോര്‍ച്ച പ്രവര്‍ത്തകരും ഏറ്റുമുട്ടി. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തില്‍ സമരം നടത്തിയവരെ പിരിച്ചുവിടാന്‍ പൊലിസ് ജലപീരങ്കി ഉപയോഗിച്ചു. രാജ്‌കോട്ടിലും സബര്‍കാന്തയിലും കല്ലേറുണ്ടായി. ഗുജറാത്തില്‍ എ.പി.എം.സി മാര്‍ക്കറ്റുകള്‍ പല ജില്ലകളിലും അടഞ്ഞുകിടന്നു. ഗുജറാത്തിലുടനീളം 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

ഡല്‍ഹിയില്‍ അതിര്‍ത്തികള്‍ കര്‍ഷകര്‍ സ്തംഭിപ്പിച്ചു. ഓട്ടോ ടാക്‌സി യൂനിയനുകള്‍ പണിമുടക്കി. കര്‍ഷകര്‍ക്ക് പിന്തുണയുമായി ഇറങ്ങിയ ദലിത് നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ വീട്ടുതടങ്കലിലാക്കി. ഇടതുനേതാക്കളായ കെ.കെ. രാഗേഷ് എം.പി, പി. കൃഷ്ണപ്രസാദ്, മരിയം ധവാലെ, വിക്രം സിങ് അടക്കം നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വീട്ടുതടങ്കലിലാക്കിയെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചു. അതിര്‍ത്തിയിലേക്ക് പോകാന്‍ പൊലിസ് സമ്മതിച്ചില്ലെന്ന് കെജ്‌രിവാള്‍ പറഞ്ഞു.

മഹാരാഷ്്ട്രയില്‍ കര്‍ഷകരും ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകരും ട്രെയിന്‍ തടഞ്ഞു. ഹരിയാനയിലെ ഹിസാര്‍ ജിണ്ട് ദേശീയപാത കര്‍ഷകര്‍ സ്തംഭിപ്പിച്ചു. ഹരിയാന റോഡ്‌വേയ്‌സ് തൊഴിലാളികള്‍ ഗതാഗാതം സ്തംഭിപ്പിച്ചു. പശ്ചിമ ബംഗാളില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് ഇടതുപക്ഷത്തിനും കോണ്‍ഗ്രസിനുമൊപ്പം ബന്ദില്‍ ചേര്‍ന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.