ന്യൂഡല്‍ഹി: ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ വീണ്ടും കസ്റ്റഡിയില്‍. ഡല്‍ഹി കോടതിയിലുള്ള കേസില്‍ വിധി പറയാനിരിക്കെയാണ് ഹാത്രസ് കോടതി സുബൈറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. 14 ദിവസത്തേക്കാണ് കസ്റ്റഡി.
കഴിഞ്ഞ ദിവസം സുപ്രിം കോടതി മുഹമ്മദ് സുബൈറിന്റെ ഇടക്കാല ജാമ്യം നീട്ടിയിരുന്നു. സെപ്തംബര്‍ ഏഴ് വരെയാണ് ഇടക്കാല ജാമ്യം നീട്ടിയത്. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ജാമ്യം നിലനില്‍ക്കുമെന്ന് സുപ്രിം കോടതി അറിയിച്ചിരുന്നു. എന്നാല്‍, ഡല്‍ഹിയിലും ലാഖിംപൂരിലും എടുത്ത കേസുകളില്‍ ജൂഡീഷ്യല്‍ കസ്റ്റഡിയിലായതിനാല്‍ സുബൈറിന് പുറത്തിറങ്ങാനായിരുന്നില്ല.
മുഹമ്മദ് സുബൈറിനെ മറ്റൊരു കേസില്‍ ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കിയെന്ന പരാതിയില്‍ 2021 സെപ്റ്റംബറില്‍ ഫയല്‍ ചെയ്ത കേസില്‍ സുബൈറിനെതിരെ വെള്ളിയാഴ്ച യു.പി പൊലിസ് വാറന്റ് സമ്പാദിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
1983 ലെ കിസി സേ ന കഹാ’ എന്ന ഹിന്ദി ചിത്രത്തിലെ ഒരു ദൃശ്യം പങ്കുവെച്ച് നടത്തിയ ട്വീറ്റിലാണ് മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈറിനെ പൊലിസ് അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തല്‍, വിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകള്‍ സുബൈറിനെതിരെ ചുമത്തിയിട്ടുണ്ട്.
Comments are closed for this post.