2023 December 03 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

യുപി പൊലിസിന്റെ കേസില്‍ ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈറിന് ഇടക്കാല ജാമ്യം; ജയിലില്‍ തുടരണം

   

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ‘ആള്‍ട്ട് ന്യൂസ്’ സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് സുപ്രിം കോടതി അഞ്ച് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. ട്വീറ്റുകള്‍ ചെയ്യരുതെന്നും ഡല്‍ഹി കോടതിയുടെ പരിധി വിട്ടുപോകരുതെന്നുമുള്ള ഉപാധിയോടെയാണ് ജാമ്യം.

യു.പി സര്‍ക്കാറിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജും ഉയര്‍ത്തിയ തടസവാദങ്ങള്‍ തള്ളിക്കളഞ്ഞാണ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി അധ്യക്ഷയായ ബെഞ്ചിന്റെ വിധി. അതേസമയം ഡല്‍ഹി പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിന് ഈ വിധി ബാധകമല്ല.

ഇടക്കാല ഉത്തരവ് സീതാപൂര്‍ കോടതിയിലെ കേസിന് മാത്രം ബാധകമാണെന്നും ഡല്‍ഹി അടക്കമുള്ള മറ്റു കേസുകള്‍ക്ക് ബാധകമല്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. അതിനാല്‍ ഡല്‍ഹി കപൊലിസിന്റെ കസ്റ്റഡിയിലുള്ള സുബൈറിന് നിലവില്‍ പുറത്തിറങ്ങാനാവില്ല. അവധി കഴിഞ്ഞ് കോടതി തുറക്കുമ്പോള്‍ ഉചിതമായ ബെഞ്ച് ഹരജി പരിഗണിക്കുമെന്നും സുപ്രിംകോടതി കൂട്ടിച്ചേര്‍ത്തു.

ചെയ്യാത്ത കുറ്റത്തിന് യു.പി പൊലിസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സുബൈര്‍ സുപ്രിം കോടതിയിലെത്തിയത്. സുബൈറിന്റെ അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് വാദം തുടങ്ങുന്നതിന് മുമ്പെ കേന്ദ്ര സര്‍ക്കാറിന്റെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത തടസവാദം ഉന്നയിച്ചു. സുബൈറിന്റെ ജാമ്യഹരജിയില്‍ യു.പി പൊലിസ് അറസ്റ്റ് ചെയ്തതും കോടതി റിമാന്‍ഡ് ചെയ്തതുമൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും വസ്തുതകള്‍ മറച്ചുവെച്ചുവെന്നുമായിരുന്നു മേത്തയുടെ തടസവാദം.

ഇത് കേട്ട് സുബൈര്‍ ഈ കേസില്‍ ഇതിനകം അറസ്റ്റിലായോ എന്ന് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി ചോദിച്ചപ്പോള്‍ സുബൈര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണോ പൊലിസ് കസ്റ്റഡിയിലാണോ എന്നത് പ്രശ്‌നമല്ലെന്ന് കോളിന്‍ ഗോണ്‍സാല്‍വസ് മറുപടി നല്‍കി. അലഹാബാദ് ഹൈക്കോടതി തള്ളിയതിനെതിരെയാണ് അപ്പീലെന്നും അതേക്കുറിച്ചാണ് വാദിക്കുന്നതെന്നും ഗോണ്‍സാല്‍വസ് വാദിച്ചു.

ഭരണഘടനക്കും നിയവ്യവസ്ഥക്കും സുപ്രിം കോടതിക്കും വേണ്ടി നിലകൊണ്ടതിനും അതിനെതിരെ സംസാരിച്ചത് പുറത്തുകൊണ്ടുവന്നതിനാണ് സുബൈറിനെ ജയിലിലടച്ചത്. യതി നരസിംഗാനന്ദ അടക്കമുള്ളവര്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങളെ കുറിച്ചാണ് സുബൈര്‍ ട്വീറ്റ് ചെയ്തത്. ആ വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ അവര്‍ അറസ്റ്റിലാകുകയും ചെയ്തതാണ്. മതനിന്ദ പുറത്തുകൊണ്ടുവന്നത് എങ്ങിനെ മതനിന്ദയാകും മതനിന്ദ പുറത്തുകൊണ്ടുവന്നയാള്‍ ഇപ്പോള്‍ ജയിലിലും മതനിന്ദ നടത്തിയ ആള്‍ പുറത്തുമാണ്. സുബൈര്‍ മതനിന്ദ നടത്തുകയായിരുന്നില്ല, ഭരണഘടനയുടെ കാവലാളാവുകയായിരുന്നു. അതിനാല്‍ മതനിന്ദാ കുറ്റം നിലനില്‍ക്കില്ല. അശ്ലീലമായ കാര്യം പ്രസിദ്ധപ്പെടുത്തി എന്ന വകുപ്പും ഇതില്‍ നിലനില്‍ക്കില്ല അദ്ദേഹം ചൂണ്ടിക്കാട്ടി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.