2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഉത്തര്‍പ്രദേശും ഇന്ന് പ്രതിഷേധ മുഖരിതമാവും; അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ ഇന്ന് കിസാന്‍ യാത്ര, മുഴുവന്‍ ജില്ലകളിലും റാലി

ലക്‌നൗ: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായിസമാജ്‌വാദി പാര്‍ട്ടിയും. പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച കിസാന്‍ യാത്ര നടക്കും. സംസ്ഥാനത്തെ 75 ജില്ലകളിലും സമരത്തെ പിന്തുണച്ച് റാലി നടക്കും.

ബി.ജെ.പി സര്‍ക്കാരിന്റെ കാലത്ത് രാജ്യത്തെ കര്‍ഷകര്‍ വലിയ പ്രയാസങ്ങളാണ് നേരിടുന്നതെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ബി.ജെ.പി കര്‍ഷകര്‍ക്ക് ആശ്വാസമായിരുന്ന എല്ലാ പദ്ധതികളും തകര്‍ക്കുകയാണെന്നും നിലവില്‍ കര്‍ഷകര്‍ക്ക് താങ്ങുവില പോലും ലഭിക്കുന്നില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു. 2022 ഓട് കൂടി കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന വാഗ്ദാനം മാത്രമാണ് ബി.ജെ.പി നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റാലി സംബന്ധിച്ച് പാര്‍ട്ടി പ്രസ്താവന ഇറക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ കര്‍ഷകരെ കൂടി കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമാക്കാന്‍ ഉതകുന്ന വിധത്തിലാണ് സമാജ്‌വാദി പാര്‍ട്ടി കിസാന്‍ യാത്രയ്ക്ക് പദ്ധതികളിട്ടിരിക്കുന്നത്. താത്തിയ മണ്ഡിയില്‍ നിന്ന് ആരംഭിച്ച് തിര്‍വ കാര്‍ഷിക മാര്‍ക്കറ്റിലാണ് റാലി സമാപിക്കുക. ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി അധികാരത്തിലെത്തിയപ്പോള്‍ സ്ഥാപിച്ച ഉരുളക്കിഴങ്ങ് മണ്ഡി ആദിത്യനാഥ് സര്‍ക്കാരിന്റെ കാലത്ത് തകര്‍ന്നടിഞ്ഞുവെന്ന് പാര്‍ട്ടി പ്രസ്താവനയില്‍ പറയുന്നു.

തലസ്ഥാന നഗരിയുടെ അതിര്‍ത്തികളില്‍ കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകരുടെ പ്രതിഷേധം പതിനൊന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. പഞ്ചാബ്, ഹരിയാന തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിര കണക്കിന് കര്‍ഷകരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. പ്രതിഷേധക്കാരുമായി കേന്ദ്രസര്‍ക്കാര്‍ നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

മൂന്ന് നിയമത്തിലും ഭേദഗതി കൊണ്ടുവരുമെന്നും താങ്ങുവില ഉറപ്പാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ മൂന്ന് കര്‍ഷക നിയമങ്ങളും പിന്‍വലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് കര്‍ഷകര്‍.

ചൊവ്വാഴ്ച കര്‍ഷകര്‍ ഭാരത് ബന്ദ് നടത്തും. വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭാരത് ബന്ദിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഭാരത് ബന്ദിന് കോണ്‍ഗ്രസ്, സി.പി.ഐ.എം, ഡി.എം.കെ, ആം ആദ്മി, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, സമാജ്വാദി പാര്‍ട്ടി, ടി.ആര്‍.എസ് തുടങ്ങിയ പാര്‍ട്ടികള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.