2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

എ.കെ.ജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു, സംഭവം വ്യാഴാഴ്ച രാത്രി; പിന്നില്‍ കോണ്‍ഗ്രസെന്ന് സി.പി.എം

തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്ററിനുനേരെ സ്‌ഫോടക വസ്തു എറിഞ്ഞു.വ്യാഴാഴ്ച രാത്രിയാണ് സംഭവം. 11.35ഓടെയാണ് ബൈക്കിലെത്തിയ യുവാവ് എ.കെ.ജി സെന്ററിന്റെ പ്രവേശനകവാടത്തിന് മുന്നിലെ ചുമരില്‍ സ്‌ഫോടകവസ്തു എറിഞ്ഞത്.

എ.കെ.ജി. സെന്ററിന്റെ പിന്‍ഭാഗത്തുള്ള എ.കെ.ജി. ഹാളിന്റെ ഗേറ്റിലേക്കാണ് സ്‌ഫോടകവസ്തു എറിഞ്ഞത്. ഇവിടെ മതിലില്‍ തട്ടി സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചു. കുന്നുകുഴി ഭാഗത്തുനിന്ന് ഇരുചക്ര വാഹനത്തിലെത്തിയ ആളാണ് കൃത്യം ചെയ്തതെന്ന് സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്നു വ്യക്തമാണ്. വാഹനം നിര്‍ത്തിയ ശേഷം കൈയിലുണ്ടായിരുന്ന ബാഗില്‍നിന്ന് സ്‌ഫോടകവസ്തു എടുത്തെറിയുന്നത് ദൃശ്യത്തിലുണ്ട്. ഉഗ്രശബ്ദം കേട്ട് പ്രധാനഗേറ്റിലുണ്ടായിരുന്ന പൊലിസുകാര്‍ ഓടിയെത്തിയെങ്കിലും അക്രമി ബൈക്കില്‍ കുന്നുകുഴി ഭാഗത്തേക്ക് രക്ഷപ്പെട്ടു. ഓഫീസിന്റെ മതിലില്‍ സ്‌ഫോടകവസ്തു പതിച്ചതിന്റെ അടയാളങ്ങളും അവശിഷ്ടങ്ങളും പൊലിസ് കണ്ടെത്തി.

സംഭവം നടക്കുമ്പോള്‍ സി.പി.എം നേതാവ് പി.കെ.ശ്രീമതി എ.കെ.ജി സെന്ററിലുണ്ടായിരുന്നു. വിവരം അറിഞ്ഞ് പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവനും എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനും സ്ഥലത്തെത്തി.

   

അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് ഇ.പി.ജയരാജന്‍ ആരോപിച്ചു. സെമി കേഡറിന്റെ പുതിയ പതിപ്പാണിത്. ഇത്തരത്തിലൂള്ള ഭീകരപ്രവര്‍ത്തനം കോണ്‍ഗ്രസ് നടത്തിവരികയാണ്.എന്തും ചെയ്യുമെന്ന നിലയിലേക്ക് കോണ്‍ഗ്രസ് മാറിയിരിക്കുന്നു. ബാക്കി കാര്യങ്ങളൊക്കെ അന്വേഷണത്തില്‍ തെളിയുമെന്നും ജനങ്ങള്‍ ഇതിനോട് പ്രതികരിക്കുമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

സംഭവമറിഞ്ഞ് സിറ്റി പൊലിസ് കമീഷണര്‍ സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ വന്‍ പൊലിസ് സന്നാഹം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. എ.കെ.ജി സെന്ററിനും മറ്റ് പാര്‍ട്ടി കേന്ദ്രങ്ങള്‍ക്കും പൊലിസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നഗരത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.