2021 March 09 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കണ്ണീരൊപ്പുന്ന, ചേര്‍ത്തു നിര്‍ത്തുന്ന, ഒപ്പം നടക്കുന്ന പ്രിയങ്ക; തെരഞ്ഞെടുപ്പ് അടുക്കവേ ജനഹൃദയങ്ങളില്‍ സ്ഥാനമുറപ്പിക്കാന്‍ കലണ്ടറുമായി കോണ്‍ഗ്രസ്

ലഖ്‌നൗ: അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രിയങ്കാ ഗാന്ധിയുടെ ചിത്രങ്ങള്‍ നിറഞ്ഞ കലണ്ടര്‍ അച്ചടിച്ച് കോണ്‍ഗ്രസ്. പ്രിയങ്കയുടെ മുഴുനീള ചിത്രമുള്ള 12 പേജുള്ള പത്തു ലക്ഷം കലണ്ടറാണ് സംസ്ഥാനത്ത് വിതരണം ചെയ്യുന്നത്. തെരഞ്ഞെടുപ്പില്‍ പ്രിയങ്ക കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തി പകരുന്നതാണ് കലണ്ടര്‍ വിതരണം.

യുപിയില്‍ നിന്നുള്ള ചിത്രങ്ങളാണ് കലണ്ടറില്‍ നിറയെ. സോന്‍ഭദ്രയിലെ ആദിവാസി സ്ത്രീകളുമായി സംസാരിക്കുന്നത്, അമേത്തിയിലെ സ്ത്രീകളുമായി ആശയവിനിമയം നടത്തുന്നത്, ഉജ്ജയ്‌നിലെ മഹകാല്‍ ക്ഷേത്രത്തില്‍ പൂജ നടത്തുന്നത്, ലഖ്‌നൗവിലെ ഗാന്ധി ജയന്തി ദിനത്തില്‍ പങ്കെടുക്കുന്നത്, വാരാണസിയിലെ രവിദാസ് ജയന്തിയില്‍ പങ്കെടുക്കുന്നത്, ഹാഥ്‌റസ് ഇരയുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തുന്നത്, തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നത്, അസംഗഡില്‍ കുട്ടികളുമായി സംസാരിക്കുന്നത്… ഇങ്ങനെ കൃത്യമായ രാഷ്ട്രീയം പറയുന്നതാണ് കലണ്ടറിലെ ഉള്ളടക്കം.

നേരത്തെ, സഹോദരന്‍ രാഹുല്‍ ഗാന്ധി സ്വന്തം മണ്ഡലമായ വയനാട്ടിലും സമാനമായ രീതിയില്‍ കലണ്ടര്‍ വിതരണം ചെയ്തിരുന്നു. എന്നാല്‍ രാഹുലിന്റെ കലണ്ടറില്‍ വയനാട്ടില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട ആളുകളുടെ ചിത്രമാണ് ഇടംപിടിച്ചിരുന്നത്.

അതിനിടെ പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രിയങ്ക വൈകാതെ ലഖ്‌നൗവിലേക്ക് താമസം മാറ്റുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.