കേന്ദ്രത്തിന്റെ വാദം അംഗീകരിച്ചു
ന്യൂഡല്‍ഹി: അഗ്‌നിപഥ് പദ്ധതിയെ ചോദ്യം ചെയ്തുള്ള മുഴുവന്‍ ഹരജികളും തള്ളി ഡല്‍ഹി ഹൈക്കോടതി. പദ്ധതി രാജ്യതാല്‍പര്യമനുസരിച്ചുള്ളതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സായുധ സേനയെ മികച്ച രീതിയില്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പദ്ധതിയില്‍ ഇടപടേണ്ട സാഹചര്യമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി നിരീക്ഷിച്ചു.
കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജികളടക്കമുള്ളവയാണ് ഡല്‍ഹി ഹൈക്കോടതിയില്‍ പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മയും ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദും അടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്.
സൈന്യത്തിലേക്ക് അംഗങ്ങളെ ചേര്‍ക്കുന്നതില്‍ നയപരമായ മാറ്റം വരുത്തുകയായിരുന്നുവെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. പ്രതിരോധ റിക്രൂട്ട്‌മെന്റിലെ ഏറ്റവും വലിയ നയപരമായ മാറ്റങ്ങളിലൊന്നാണ് അഗ്‌നിപഥ് പദ്ധതിയെന്നും സായുധ സേന ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യുന്ന രീതിയില്‍ മാതൃകാപരമായ മാറ്റം കൊണ്ടുവരാന്‍ പോകുകയാണെന്നും മുന്‍ ഹിയറിംഗിനിടെ കേന്ദ്രം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഏറെക്കാലത്തെ പഠനത്തിന് ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും കേന്ദ്രം വ്യക്തമാക്കി.
കേരളത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടക തുടങ്ങി സംസ്ഥാനങ്ങളായിരുന്നു പദ്ധതിയുടെ നിയമസാധുത ചോദ്യം ചെയ്ത് ഹരജികള്‍ സമര്‍പ്പിച്ചത്. അഗ്‌നിപഥിനെതിരായ മുഴുവന്‍ ഹരജികളും ഒരു ഹൈക്കോടതിയിലേക്ക് മാത്രം മാറ്റാന്‍ സുപ്രിം കോടതി നിര്‍ദ്ദേശിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ഡല്‍ഹി ഹൈക്കോടതിയിലേക്ക് ഈ ഹരജികളെല്ലാം മാറ്റിയത്. പദ്ധതി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാറിന്റെ വാദം അംഗീകരിച്ച് അഗ്‌നിപഥ് പദ്ധതിക്കെതിരായ എല്ലാ ഹരജികളും തള്ളിയത്. പദ്ധതി 10 ലക്ഷത്തോളം യുവാക്കള്‍ക്ക് തൊഴില്‍ അവസരം നല്‍കുമെന്നും കോടതി നിരീക്ഷിച്ചു.
17 വയസിനും 21 വയസിനും ഇടയിലുള്ള യുവാക്കളെ നാലുവര്‍ഷത്തേക്ക് സൈന്യത്തില്‍ നിയമിക്കുന്ന പദ്ധതിയാണ് അഗ്‌നിപഥ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 14 നാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. നാല് വര്‍ഷത്തേക്ക് റിക്രൂട്ട് ചെയ്യുന്നവരില്‍ 25 ശതമാനം പേരെ 15 വര്‍ഷത്തേക്ക് തുടരുകയും ചെയ്യാം. 2022ല്‍ പദ്ധതിയില്‍ ചേരാനുള്ള ഉയര്‍ന്ന പ്രായപരിധി 23 ആയി ഉയര്‍ത്തിയിരുന്നു. പദ്ധതി പ്രകാരം റിക്രൂട്ട് ചെയ്യുന്നവരെ ‘അഗ്‌നിവീര്‍’ എന്ന് വിളിക്കും.
പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
Comments are closed for this post.