2021 July 28 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘ഇന്റർനാഷനൽ’ കണ്ടോ നമ്മുടെ അച്ചപ്പം പോയൊരു പോക്ക്

നമ്മുടെ അച്ചപ്പമാണിപ്പോൾ സോഷ്യൽ മീഡിയയിൽ താരം. അറിയില്ലേ അച്ചപ്പം. കേരളത്തിൽ അച്ചപ്പമെന്നും തമിഴ്‌നാട്ടിൽ അച്ചുമുറുക്ക് എന്നും അറിയപ്പെടുന്ന കറുമുറു വീരൻ. നാടൻ പലഹാരങ്ങളിൽ മലയാളികളുടെ ഇഷ്ടപ്പട്ടികയിൽ എന്നും മുമ്പിലാണ് ഈ രുചിമുറുക്ക്.

ഇപ്പോഴിതാ അന്താരാഷ്ട്ര വേദിയിലും വമ്പനായിരിക്കുന്നു അച്ചപ്പം.

ലോകത്തിലെ പ്രശസ്ത പാചക റിയാലിറ്റി മത്സര പരിപാടിയായ മാസ്റ്റർ ഷെഫ് ആസ്‌ത്രേലിയയിൽ മത്സരാർഥിയായ ലിൻഡ ഡാൽറിംപിളാണു അച്ചപ്പമുണ്ടാക്കി ജഡ്ജസിനു വിളമ്പിയത്.

നമ്മൾ കഴിക്കുന്ന പോലെയല്ല കട്ടനൊപ്പം ചുമ്മാ കറുമുറൂന്നല്ല പക്ഷേ അവർ അച്ചപ്പം കഴിച്ചത്. വാനില ഐസ്‌ക്രീമും മറ്റു ചില ഡെസേർട്ടുകളുമൊക്കെ ചേർത്തൊരു കുഞ്ഞു തടാകമുണ്ടാക്കി അതിലൊരു താമരപ്പൂ പൂലെ രാജകീയമായി അച്ചപ്പം. ലോട്ടസ് ഫ്‌ളവർ പോണ്ട് എന്നായിരുന്നു ഈ വിഭവത്തിനു മാസ്റ്റർഷെഫിൽ നൽകിയ പേര്. അച്ചപ്പത്തിന്റെ ട്രേഡ്മാർക്കായ കറുമുറു ശബ്ദമുണ്ടാക്കി ചവച്ചുകൊണ്ട് ജഡ്ജസ് ലിൻഡയെ അകമഴിഞ്ഞ് അഭിനന്ദിക്കുകയും ചെയ്തു.

അച്ചപ്പത്തിന് പക്ഷേ ചില അന്താരാഷ്ട്ര ബന്ധങ്ങളുമുണ്ട് കേട്ടോ പങ്കുവെക്കാൻ. അച്ചപ്പത്തിന്റെ അതേ മാതൃകയിലുള്ള പലഹാരങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ടത്രേ. ഇംഗ്ലണ്ടിൽ റോസെറ്റ് കുക്കീസ്, മെക്‌സിക്കോയിൽ ബുണെലോസ്, സ്വീഡനിൽ സ്ട്രൂവ എന്നൊക്കെയാണ് ഇതറിയപ്പെടുന്നത്. സ്വീഡൻ, നോർവേ എന്നിങ്ങനെ സ്‌കാൻഡിനേവിയൻ രാജ്യങ്ങളിലെവിടെയെങ്കിലും ആകാം അച്ചപ്പത്തിന്റെ ഒറിജിനൽ സ്വദേശമെന്നും പ്രശസ്ത ഭക്ഷണ നിരീക്ഷകർ കണക്കുകൂട്ടുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.