2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ജനങ്ങളുടെ ആംആദ്മി

ഏറെ അത്ഭുതപ്പെടുത്തുന്ന രാഷ്ട്രീയ നീക്കങ്ങളാണ് ആം ആദ്മി പാര്‍ട്ടി ചെറിയ കാലഘട്ടത്തില്‍ ഇന്ത്യയില്‍ കാഴ്ച വെച്ചത്.അതില്‍ ഏറെ സ്വാധീനിക്കപ്പെടുന്ന വ്യക്തിത്വം അരവിന്ദ് കെജ്‌രിവാളിന്റേതാണ്. 2011. മന്‍മോഹന്‍ സിംഗ് നേതൃത്വം നല്‍കുന്ന യുപിഎ സര്‍ക്കാര്‍ ടൂ ജി സ്‌പെക്ട്രം കേസിലാക്കപ്പെട്ട ആരോപണം നേരിടുന്ന കാലഘട്ടം. ഇന്ത്യയിലെങ്ങും അഴിമതിക്കെതിരായ പൊതുവികാരം ശക്തമായി അലയടിക്കുന്നു.ഈ വേളയിലാണ് ജന്‍ ലോക്പാല്‍ ബില്‍ അവതരിപ്പിക്കണമെന്ന ആവശ്യവുമായി ഗാന്ധിയന്‍ അണ്ണാ ഹസാരെ ജന്തര്‍മന്തറില്‍ സത്യാഗ്രഹ സമരം നടത്തുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അണ്ണാ ഹസാരെയുടെ സമരം ഏറെ കോളിളക്കങ്ങള്‍ക്ക് തുടക്കം കുറിച്ചു.ആ സമര കാലഘട്ടത്തില്‍ അണ്ണാ ഹസാരെക്കൊപ്പം നിലയുറപ്പിച്ച രണ്ടാമനായിരുന്നു അരവിന്ദ് കെജ്‌രിവാള്‍..പിന്നീട് ഇരുവരും രണ്ടുവഴിക്കു പിരിഞ്ഞുവെങ്കിലും സമരമുഖത്ത് ഏറെ ശോഭിച്ചത് അരവിന്ദ് കെജ്‌രിവാളായിരുന്നു. അതുവരെ അധികമൊന്നും ആളുകള്‍ കേട്ടിട്ടില്ലാത്ത ആ പേര് പിന്നീട് ഇന്ത്യ മുഴുവന്‍ അലയടിച്ച തുടങ്ങി. അതൊരു സൂചനയായിരുന്നു.പരമ്പരാഗത രാഷ്ട്രീയ ശൈലിക്കെതിരെ പുതിയൊരു രാഷ്ട്രീയ പോളിസിയുടെ കടന്നുവരവിന്റെ തുടക്കം. അഥവാ മധ്യവര്‍ഗത്തിന്റെ രാഷ്ട്രീയ ശൈലിയുടെ പരീക്ഷണ മുഖം. 2012 ല്‍ അദ്ദേഹം ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. അതിന്റെ പേരാണ് ആം ആദ്മി പാര്‍ട്ടി.

1968 ജൂണ്‍ പതിനാറിന് ഹരിയാണയിലെ ഹിസാറില്‍ ഒരു ഇടത്തരം മാര്‍വാടി കുടുംബത്തിലാണ് കെജ്‌രിവാളിന്റെ ജനനം. പിതാവ്: ഗോബിന്ദ് റാന്‍ കെജ്‌രിവാള്‍. മാതാവ്: ഗീതാ ദേവി. സോനേപ്പട്ട്, ഗാസിയാബാദ്, ഹിസാര്‍ എന്നിവിടങ്ങളില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസം. തുടര്‍ന്ന് ഖരക്പൂര്‍ ഐ. ഐ. ടിയില്‍ നിന്നും മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടി. തുടര്‍ന്ന് ടാറ്റാ സ്റ്റീലില്‍ ജോലിചെയ്തു. മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം സിവില്‍ സര്‍വീസ് പരീക്ഷയുടെ പഠനത്തിനായി ടാറ്റാ സ്റ്റീലിലെ ജോലി രാജി വെയ്ച്ചു. 2006ല്‍ ഇന്‍കംടാക്‌സ് വകുപ്പിലെ ജോയിന്റ് കമ്മീഷണര്‍ സ്ഥാനം രാജി വെച്ചാണ് അരവിന്ദ് കെജ്‌രിവാള്‍ ഇന്ത്യയിലെ രാഷ്ട്രീയ, പൊതു സമൂഹങ്ങളിലെ അഴിമതിക്കെതിരായ പോരാട്ടം തുടങ്ങിയത്.

മദര്‍ തെരേസയുടെ കൊല്‍ക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റി, വടക്കു കിഴക്കന്‍ ഇന്ത്യയിലെ രാമകൃഷ്ണമിഷന്‍, നെഹ്‌റു യുവകേന്ദ്ര എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. അതിനിടയില്‍ ടെലിവിഷന്‍ ജേര്‍ണലിസ്റ്റായ മനീഷ് സിസോദിയയുമായി ചേര്‍ന്ന് പരിവര്‍ത്തന്‍ എന്ന എന്‍.ജി.ഒക്ക് രൂപം നല്‍കി. ലോക്പാല്‍ ബില്‍ പാസ്സാക്കുന്നതില്‍ പാര്‍ലമെന്റ് പരാജയപ്പെട്ടതില്‍ പ്രതിഷേധിച്ച് 2011 ആഗസ്ത് 16നു നടന്ന സത്യഗ്രഹത്തെ തുടര്‍ന്ന് കെജ്‌രിവാള്‍ അറസ്റ്റിലായി. 2012 ജൂലൈ മാസത്തില്‍ അഴിമതി ആരോപണം നേരിടുന്ന പതിനഞ്ച് കേന്ദ്രമന്ത്രിമാര്‍ക്കെതിരായി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് മനീഷ് സിസോദിയക്കും ഗോപാല്‍റായിക്കുമൊപ്പം ജന്ദര്‍ മന്തറില്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം നടത്തി. തുടര്‍ന്നാണ് 2012 സെപ്തംബറില്‍ സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കുന്നത്.

   

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച തൊട്ടുപിറ്റേ വര്‍ഷം അഥവാ 2013 ല്‍ നടന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ടാണ് കെജ് രിവാളിന്റെ എഎപി സാന്നിധ്യമറിയിക്കുന്നത്.കോണ്‍ഗ്രസിന്റെ ജനകീയ മുഖവും പരിണിത പ്രജ്ഞയുമായ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ 25864 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കെജ്‌രിവാള്‍ തോല്‍പ്പിച്ചുവെന്നു മാത്രമല്ല ഡല്‍ഹി നിയമസഭയില്‍ എഴുപതു സീറ്റുകളില്‍ ഇരുപത്തി എട്ടെണ്ണത്തില്‍ ആം ആദ്മി പാര്‍ട്ടി വിജയിച്ചു കയറുകയും ചെയ്തു.ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി സര്‍ക്കാരുണ്ടാക്കാന്‍ താല്‍പര്യമില്ലെന്നറിയിച്ചതോടെ കോണ്‍ഗ്രസിന്റെ പുറത്തുനിന്നുള്ള പിന്തുണയോടെ ആദ്യമായി അധികാരത്തിലെത്തി അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അവിടെയും ആപ്പിന്റെ കുതിപ്പ് നിന്നില്ല 2015ല്‍ എഴുപത് സീറ്റുകളില്‍ അറുപത്തിഏഴിലും ജയിച്ച് മൃഗീയ ഭൂരിപക്ഷത്തോടെ രാജ്യ തലസ്ഥാനത്ത് ഭരണത്തിന് ആം ആദ്മി പാര്‍ട്ടി ചുക്കാന്‍ പിടിച്ചു. ഇത്തവണ കെജ്‌രിവാള്‍ വിജയിക്കുന്നത് 57213 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് .2015 ഫെബ്രുവരി 14 ന് രാംലീല മൈതാനിയില്‍ വന്‍ജനാവലിയെ സാക്ഷിയാക്കി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു.

ഡല്‍ഹിക്കുപുറത്തേക്ക് ആം ആദ്മിപാര്‍ട്ടി കടന്നേക്കുമെന്നുള്ള സൂചനകള്‍ നേരത്തെ തന്നെ ഉയര്‍ന്നിരുന്നുഇതിന്റെ ഭാഗമായി പഞ്ചാബ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അവര്‍ മത്സരിക്കുകയും നാലുസീറ്റുകളില്‍ വിജയിക്കുകയും ചെയ്യുന്നു. സാധാരണ ബിജെപി കോണ്‍ഗ്രസ് മറ്റു പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നപോലെ മത ജാതി ചിന്തകള്‍ ഉയര്‍ത്തുന്ന രാഷ്ട്രീയം പക്ഷെ ആം ആദ്മി പാര്‍ട്ടി നടത്തിയില്ല.പ്രധാനമായും ആപ്പിന്റെ പ്രഖ്യാപിത ലക്ഷയം ജനക്ഷേമം എന്ന രീതിയില്‍ മികച്ചുനിന്നു.വൈധ്യുതി ചാര്‍ജ് കുറച്ചും വെള്ളക്കരം കുറച്ചും വനിതകള്‍ക്ക് ബസുകളില്‍ സൗജന്യ യാത്ര അനുവദിച്ചും ജനകീയ ഇടപെടലുകള്‍ക്ക് കെജ്‌രിവാള്‍ തുടക്കം കുറിച്ചെന്നുമാത്രമല്ല ഇടപെടലുകള്‍ ജനത്തിന് ബോധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്തു.

വര്‍ത്തമാന ഇന്ത്യയില്‍ പല രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നപ്പോഴും അവയില്‍ നിന്നെല്ലാം മൗനം പാലിച്ച് തന്റെ ജോലിയില്‍ അദ്ദേഹം വ്യാപൃതനായി.പരമ്പരാഗത രാഷ്ട്രീയ ശൈലിയോട് തനിക്ക് താത്പര്യമില്ലെന്ന് ആപ് ജനത്തെ ബോധ്യപ്പെടുത്തിക്കൊണ്ടേയിരുന്നു. ജന്‍ലോക്പാല്‍,റൈറ്റ് ടു റിജെക്റ്റ്,റൈറ്റ് ടു റീകാള്‍,അധികാര വികേന്ദ്രീകരണം(സ്വരാജ്) എന്നീ മുദ്രാവാക്യങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ഉയര്‍ത്തിക്കൊണ്ടുവരാണ് കഴിഞ്ഞെന്നുമാത്രമല്ല ഇവയുടെ ആവശ്യകത ജനത്തെ ആം ആദ്മി ബോധ്യപ്പെടുത്തുക കൂടി ചെയ്തു.

ഈ ധൈര്യത്തിലാണ് 2020 ല്‍ അരവിന്ദ് കെജ്‌രിവാള്‍ ഒരു പ്രഖ്യാപനം നടത്തുന്നത്.തങ്ങളുടെ അടുത്ത ലക്ഷ്യം പഞ്ചാബാണെന്ന്. അന്നതിനെ പരിഹസിച്ചവര്‍ ഇന്ന് പഞ്ചാബിലെ തിരഞ്ഞെടുപ്പ് ഫലം കണ്ടപ്പോള്‍ മൂക്കത്ത് വിരല്‍വെക്കുകയാണ്. ഏറ്റവും വലിയ കക്ഷിയായിരുന്ന കോണ്‍ഗ്രസിനെ വേരോടെ പിഴുതെറിഞ്ഞാണ് ആം ആദ്മി പഞ്ചാബില്‍ അധികാരത്തില്‍ എത്തുന്നത്. കൂടുതല്‍ വാചാലങ്ങളില്ല, രാഷ്ട്രീയത്തിലെ സ്ഥിരം പബ്ലിക് ശക്തികള്‍ക്കും റാലികള്‍ക്കുമല്ല ജനത്തെ സ്വാധീനിക്കാന്‍ കഴിയുകയെന്ന് അദ്ദേഹം തെളിയിച്ചു. പഞ്ചാബിന്റെ അടിത്തട്ടില്‍ കൃത്യമായ പ്രവര്‍ത്തനങ്ങള്‍ അവര്‍ നടത്തി. ഇതേസമയം കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കില്‍ പെട്ട് അയാളുകയായിരുന്നു. അനുഭവ സമ്പന്നനായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിനെ പിണക്കി സിദ്ധുവിന്റെ താല്‍പര്യം സംരക്ഷിച്ച എഐസിസി ആസ്ഥാനത്തെ ആസ്ഥാന പുങ്കവന്മാരെ മൂലയ്ക്കിരുത്തി പഞ്ചാബ് ജനത. ഒപ്പം ബിജെപിക്കും സിധുവിനും ചെന്നിക്കും അമരീന്ദര്‍ സിങ്ങിനും ശക്തമായ മറുപടിയും കൊടുത്തു. ബിജെപിക്കും കോണ്‍ഗ്രസിനും പുറമെ രണ്ടു സംസ്ഥാന ഭരണം കയ്യാളുന്ന പാര്‍ട്ടിയെന്ന അപൂര്‍വ ഖ്യാതിയും ആപ്പിന് കൈവന്നിരിക്കുന്നു. വ്യക്തവും ശക്തവുമായ പ്രവര്‍ത്തനങ്ങളും അച്ചടക്കമുള്ള നേതൃത്വവും അണികളും ആപ്പിന്റെ രാഷ്ട്രീയ ഭാവിയെ സമ്പന്നമാക്കും. എങ്കിലും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിക്കുന്ന ഒരാരോപണത്തിന് ഇപ്പോഴും കൃത്യമായൊരു വ്യക്തത ആപ്പ് നല്‍കിയിട്ടില്ല.ആര്‍ എസ് എസിന്റെ ബി തീം ആണോ കേജരിവാളും പാര്‍ട്ടിയുമെന്നത്. ആ ഉത്തരത്തെക്കാളും ജനത്തിന് സേവനം ലഭിക്കുന്നു എന്നതാണ് ആ രാഷ്ട്രീയ പാര്‍ട്ടിയുടെ വിജയം. ആപ്പിന്റെ മാന്ത്രിക നീക്കം അടുത്തത് എവിടെയാകുമെന്നാണ് കാത്തിരുന്നു കാണേണ്ടത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.