മുംബൈ: മെയ് മൂന്നിന് മുമ്പായി മുസ്‌ലിം പള്ളികളില്‍ നിന്ന് ഉച്ചഭാഷിണികള്‍ നീക്കണമെന്ന മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എം.എന്‍.എസ്) തലവന്‍ രാജ് താക്കറെയുടെ മുന്നറിയിപ്പിനെ പരിഹസിച്ച് മന്ത്രി ആദിത്യ താക്കറെ. ഉച്ചഭാഷിണികള്‍ നീക്കുന്നതിനു പകരം രാജ്യത്തെ വിലക്കയറ്റത്തെയും ഇന്ധന വില വര്‍ധനവിനെയും കുറിച്ച് സംസാരിക്കാന്‍ അവ ഉപയോഗിക്കുകയാണെങ്കില്‍ നല്ലതാകുമെന്ന് ആദിത്യ പറഞ്ഞു.
‘അത് നല്ലതാണ്. ഉച്ചഭാഷണികള്‍ നീക്കുന്നതിന് പകരം അത് പെട്രോള്‍, ഡിസല്‍, സി.എന്‍.ജി വിലക്കയറ്റത്തെ കുറിച്ച് പറയാന്‍ ഉപയോഗിക്കാം. 60 വര്‍ഷം പിന്നിലോട്ടു പോകാതെ, കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷം രാജ്യത്ത് എന്ത് സംഭവിച്ചു എന്നതിനെ കുറിച്ച് നമുക്ക് സംസാരിക്കാം’- ആദിത്യ താക്കറെ പറഞ്ഞു.
ഉച്ചഭാഷിണി നീക്കിയില്ലെങ്കില്‍ പള്ളികള്‍ക്കു മുന്നില്‍ ഹനുമാന്‍ ചാലിസ പ്രക്ഷേപണം ചെയ്യാന്‍ പ്രവര്‍ത്തകര്‍ക്ക് ഉച്ചഭാഷിണി വിതരണം ചെയ്യുമെന്നായിരുന്നു രാജ് താക്കറെയുടെ ഭീഷണി. ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുന്നതിനിടെയാണ് അമ്മാവന്‍ കൂടിയായ രാജ് താക്കറെയെ അദ്ദേഹം പരിഹസിച്ചത്.
രാജ് താക്കറെയുടെ ഉച്ചഭാഷിണി പരാമര്‍ശത്തിനു പിന്നാലെ മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അന്തരീക്ഷം ചൂടു പിടിച്ചിരിക്കുകയാണ്. വിഷയം സാമൂഹിക പ്രശ്‌നമാണെന്നും പിന്നോട്ടുപോകില്ലെന്നുമാണ് രാജ് താക്കറെയുടെ നിലപാട്. കൂടാതെ, മുംബൈയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ പള്ളികളില്‍ റെയ്ഡ് നടത്തണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയും അവിടെ താമസിക്കുന്നവര്‍ പാകിസ്താനി അനുകൂലികളാണെന്നും പറഞ്ഞിരുന്നു.
Comments are closed for this post.