2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ആധാര്‍ കാര്‍ഡും തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്ന ബില്ലും പാര്‍ലമെന്റ് നടപ്പു സമ്മേളനത്തില്‍

   

ന്യൂഡല്‍ഹി: വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കുന്ന ബില്ലും പാര്‍ലമെന്റ് നടപ്പു സമ്മേളനത്തില്‍. കള്ളവോട്ട് തടയുകയെന്ന ലക്ഷ്യത്തോടെയാണ് ആധാര്‍ കാര്‍ഡും തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുന്നത്. ഇതടക്കം വിവിധ വോട്ടെടുപ്പ് പരിഷ്‌കരണ നടപടികള്‍ക്ക് പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.

പാന്‍ആധാര്‍ ബന്ധിപ്പിക്കലിന്റെ മാതൃകയിലാണ് ആധാര്‍വോട്ടര്‍ ഐ.ഡി ബന്ധിപ്പിക്കല്‍. നേരത്തെ പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കുന്ന നിര്‍ബന്ധമാക്കി കേന്ദ്രം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇത് പോലെ നിര്‍ബന്ധിതരീതിയിലാകില്ല വോട്ടര്‍ ഐഡിയും ആധാറും ബന്ധിപ്പിക്കുന്ന ഉത്തരവെന്നാണ് സൂചന. സ്വകാര്യതയ്ക്കുള്ള അവകാശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി കൂടി പരിശോധിച്ച്, ഇതിന്റെ അടിസ്ഥാനത്തിലാകും ഉത്തരവ് പുറത്തിറക്കുക. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പദ്ധതി വിജയപ്രദമാണെന്നും വോട്ടര്‍പട്ടിക കഴിവതും കുറ്റമറ്റതാക്കാന്‍ ഇത് സഹായിക്കുമെന്നും തെരഞ്ഞെടുപ്പു കമീഷന്‍ സര്‍ക്കാറിനെ അറിയിച്ചിരുന്നു.

ബില്ലിലെ മറ്റൊരു ശ്രദ്ധേയനിര്‍ദേശം വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒരു വര്‍ഷം കൂടുതല്‍ അവസരങ്ങള്‍ നല്‍കുക എന്നതാണ്. ജനുവരി 1, 2022 മുതല്‍ ആദ്യമായി വോട്ട് ചെയ്യുന്ന 18 വയസ്സുകാര്‍ക്ക് വര്‍ഷം നാല് തവണ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ടാകും. നാല് തവണയും നാല് കട്ട് ഓഫ് തീയതികളുമുണ്ടാകും. ഏപ്രില്‍ 1, ജൂലൈ 1, ഒക്ടോബര്‍ 1 എന്നിങ്ങനെ തീയതികളില്‍ തുടങ്ങുന്ന കാലാവധികളിലാകും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനാകുക. നിലവില്‍ വര്‍ഷത്തില്‍ ഒരു തവണ മാത്രമാണ് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുള്ളത്.

സര്‍വിസ് ഓഫിസര്‍മാരുടെ കാര്യത്തില്‍ ലിംഗഭേദമില്ലാതെ വോട്ട് ചെയ്യാമെന്ന വ്യവസ്ഥ കൊണ്ടുവരും. പുരുഷ സര്‍വിസ് വോട്ടറുടെ ഭാര്യക്ക് മാത്രമാണ് ഇപ്പോള്‍ ഇങ്ങനെ വോട്ടവസരം. വനിത സര്‍വിസ് വോട്ടറുടെ ഭര്‍ത്താവിനില്ല. ഈ വേര്‍തിരിവ് മാറ്റും.

വോട്ടെടുപ്പ് പ്രക്രിയയില്‍ കൂടുതല്‍ പേരെ പങ്കാളികളാക്കും. തെരഞ്ഞെടുപ്പില്‍ കമീഷന് കൂടുതല്‍ അധികാരം അനുവദിക്കും. ഇതും ബില്ലിന്റെ ഭാഗമാണ്. തെരഞ്ഞെടുപ്പു കമീഷന്‍ മുന്നോട്ടു വെച്ച ശിപാര്‍ശകള്‍ പ്രകാരമാണ് പുതിയ പരിഷ്‌കരണങ്ങള്‍ക്ക് കേന്ദ്രം ഒരുങ്ങുന്നത്. തെരഞ്ഞെടുപ്പ് നടത്തിപ്പിന് ഏതു കെട്ടിടവും താല്‍ക്കാലികമായി ഏറ്റെടുക്കാന്‍ കമീഷന് അധികാരം നല്‍കും. സ്‌കൂള്‍ തുടങ്ങിയ പ്രധാന സ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്നതിന് നിലവില്‍ നിബന്ധനകളുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.