2023 March 31 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

‘വീടിന് പുറത്തിറങ്ങരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, പൊതു ജനങ്ങളെ കാണരുത്, ദിവസവും വീഡിയോ കാള്‍…’ ഉമര്‍ ഖാലിദിന് ജാമ്യം നല്‍കിയത് കര്‍ശന ഉപാധികളോടെ

ന്യൂഡല്‍ഹി: പൗരത്വ സമരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ കലാപ ഗൂഢാലോചനാ കേസില്‍പ്പെടുത്തി യു.എ.പി.എ ചുമത്തി ഡല്‍ഹി പൊലിസ് തടവിലാക്കിയ ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥിനേതാവ് ഉമര്‍ ഖാലിദിന് ജാമ്യം നല്‍കിയത് കര്‍ശന ഉപാധികളോടെ. വീടിന് പുറത്തിറങ്ങരുതെന്നും പുറത്തുള്ളവരെയൊന്നും കാണരുതെന്നും വ്യവസ്ഥയില്‍ പറയുന്നു. സോഷ്യല്‍ മീഡികള്‍ ഉള്‍പെടെ മാധ്യമങ്ങളുമായി സംസാരിക്കരുതെന്നും വ്യവസ്ഥയിലുണ്ട്.

മാധ്യമങ്ങളോട് സംസാരിക്കുകയോ അഭിമുഖം നല്‍കുകയോ ചെയ്യരുത്. സമൂഹമാധ്യമങ്ങളിലും ഇത് പാടില്ലെന്ന് കോടതി പ്രത്യേകം പറഞ്ഞു. പൊതുജനങ്ങളെ കാണരുത്. കുടുംബാംഗങ്ങള്‍, ബന്ധുക്കള്‍, വിവാഹത്തിനെത്തുന്ന സുഹൃത്തുക്കള്‍ എന്നിവരെ കാണാം. അതേസമയം, ജാമ്യകാലയളവില്‍ വീട്ടില്‍ തന്നെ തുടരണം. പുറത്തിറങ്ങരുത്. വിവാഹ ചടങ്ങുകള്‍ നടക്കുന്ന 26, 27, 28 ദിവസങ്ങളില്‍ മാത്രം മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലത്തേക്ക് പോകാം. എല്ലാ ദിവസവും അന്വേഷണ ഉദ്യോഗസ്ഥനെ വിഡിയോ കോള്‍ ചെയ്യണം. കേസിലെ സാക്ഷികളുമായി കാണുകയോ തെളിവ് നശിപ്പിക്കാനുള്ള ശ്രമം നടത്തുകയോ ചെയ്യരുതെന്നും വ്യവസ്ഥകളില്‍ പറയുന്നു.

പൊലിസ് ഉമര്‍ ഖാലിദിന്റെ വീടിന് പുറത്തുണ്ടാകണമെന്നും എന്നാല്‍ വീട്ടിനകത്തേക്ക് കടക്കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനായാണ് ഉമര്‍ ഖാലിദിന് ഒരാഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. ഡിസംബര്‍ 23 മുതല്‍ 30 വരെയാണ് ജാമ്യ കാലയളവ്. ഡിസംബര്‍ 30 ന് തന്നെ സ്റ്റേഷനില്‍ ഹാജരാവണമെന്നും കോടതി നിര്‍ദ്ദേശിക്കുന്നു.

ഡല്‍ഹി വംശഹത്യയിലേക്ക് നയിച്ച സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തി എന്നാരോപിച്ച് 2020 സെപ്തംബര്‍ 13നാണ് ഉമര്‍ഖാലിദിനെ അറസ്റ്റുചെയ്തത്. മതവികാരം വ്രണപ്പെടുത്തിയെന്നും രാജ്യതലസ്ഥാനത്ത് കലാപം അഴിച്ചുവിടാന്‍ ഗൂഢാലോചന നടത്തിയെന്നുമായിരുന്നു ആരോപണം. അന്നുമുതല്‍ ജയിലില്‍ കഴിയുകയായിരുന്നു. യു.എ.പി.എക്കൊപ്പം ആയുധനിയമത്തിലെ വകുപ്പുകള്‍ പ്രകാരവും കേസ് എടുത്തിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.